സേക്രഡ് ഗെയിംസിലെ ഫോണ്‍ നമ്പര്‍ പൊല്ലാപ്പായി; പ്രവാസി മലയാളിയുടെ ഫോണിന് വിശ്രമമില്ല

ഇന്ത്യ, പാകിസ്ഥാന്, നേപ്പാള്, യുഎഇ തുടങ്ങി ലോകത്തെമ്പാടു നിന്നും കോളുകള് എത്തുകയാണെന്ന് കുഞ്ഞബ്ദുള്ള
 | 
സേക്രഡ് ഗെയിംസിലെ ഫോണ്‍ നമ്പര്‍ പൊല്ലാപ്പായി; പ്രവാസി മലയാളിയുടെ ഫോണിന് വിശ്രമമില്ല

ഷാര്‍ജ: നെറ്റ് ഫ്‌ളിക്‌സിലെ സൂപ്പര്‍ഹിറ്റ് വെബ് സീരീസായ സേക്രഡ് ഗെയിംസിന് ആരാധകര്‍ ഏറെയാണ്. എന്നാല്‍ പ്രവാസി മലയാളിയായ കാസര്‍കോട് സ്വദേശി സി.എം.കുഞ്ഞബ്ദുള്ളയ്ക്ക് ഇത് തലവേദനയായി മാറിയിരിക്കുകയാണ്. സ്വന്തം ഫോണ്‍ നമ്പര്‍ തന്നെയാണ് കുഞ്ഞബ്ദുള്ളയുടെ തലവേദന. സീരീസിലെ അധോലോക നായകന്‍ സുലൈമാന്‍ ഇസയുടെ ഫോണ്‍ നമ്പറായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത് കുഞ്ഞബ്ദുള്ളയുടെ നമ്പറായിരുന്നു. എന്നാല്‍ കുഞ്ഞബ്ദുള്ള സേക്രഡ് ഗെയിംസിനെക്കുറിച്ച് കേട്ടിട്ടു പോലുമില്ലെന്നതാണ് വാസ്തവം.

അവിടെ നഷ്ടമായത് കുഞ്ഞബ്ദുള്ളയുടെ സമാധാനമാണ്. ഡോണിനെ അന്വേഷിച്ച് നൂറുകണക്കിന് കോളുകളാണ് എത്തിയത്. ഫോണിന് വിശ്രമമില്ലാത്ത അവസ്ഥ. ഓഗസ്റ്റ് 15ന് സംപ്രേഷണം ചെയ്ത് എപ്പിസോഡിലായിരുന്നു ഫോണ്‍ നമ്പര്‍ കാണിച്ചത്. അതിന് ശേഷം തന്റെ ഫോണിലേക്ക് നിര്‍ത്താതെ കോളുകള്‍ എത്തുകയാണെന്ന് കുഞ്ഞബ്ദുള്ള പറഞ്ഞു. ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, യുഎഇ തുടങ്ങി ലോകത്തെമ്പാടു നിന്നും കോളുകള്‍ എത്തുകയാണെന്ന് കുഞ്ഞബ്ദുള്ള അറിയിച്ചുവെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ ഫോണ്‍ റിംഗ് ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുകയാണ്. ഈ നമ്പര്‍ താന്‍ ഉപേക്ഷിക്കുകയാണെന്നും പ്രശ്‌നത്തില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നുമാണ് കുഞ്ഞബ്ദുള്ള പറയുന്നത്. രാവിലെ 8 മണി മുതല്‍ വൈകിട്ട് 7 വരെ ജോലിയെടുക്കുന്ന തനിക്ക് സേക്രഡ് ഗെയിംസ് എന്താണെന്ന് പോലും അറിയില്ല. വീഡിയോ ഗെയിം വല്ലതുമാണോ എന്നാണ് ആദ്യം കുഞ്ഞബ്ദുള്ള ചോദിച്ചത്. വാര്‍ത്ത വന്നതിന് പിന്നാലെ തങ്ങള്‍ വെബ്‌സീരീസില്‍ നിന്ന് നമ്പര് നീക്കിയതായി നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ നെറ്റ്ഫ്‌ളിക്‌സ് ഖേദപ്രകടനം നടത്തിയിട്ടുണ്ട്.