കുട്ടികൾക്ക് ഹജ്ജ് അനുമതി നിർത്തിയേക്കും

പത്ത് വയസ്സിൽ താഴെയുളളവർക്ക് അടുത്ത വർഷം മുതൽ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ അധികൃതർ അനുമതി നൽകിയേക്കില്ലെന്ന് റിപ്പോർട്ട്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ നീക്കമെന്ന് സൗദി പ്രാദേശിക പത്രം അൽ വത്തൻ റിപ്പോർട്ട് ചെയ്യുന്നു.
 | 
കുട്ടികൾക്ക് ഹജ്ജ് അനുമതി നിർത്തിയേക്കും

 

റിയാദ്:  പത്ത് വയസ്സിൽ താഴെയുളളവർക്ക് അടുത്ത വർഷം മുതൽ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ അധികൃതർ അനുമതി നൽകിയേക്കില്ലെന്ന് റിപ്പോർട്ട്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ നീക്കമെന്ന് സൗദി പ്രാദേശിക പത്രം അൽ വത്തൻ റിപ്പോർട്ട് ചെയ്യുന്നു. പത്ത് വയസ്സിൽ താഴെയുള്ള ധാരാളം കുട്ടികൾ വർഷം തോറും കുടുബാംഗങ്ങളോടൊപ്പം ഹജ്ജിനെത്തുന്നുണ്ട്. പൊള്ളുന്ന ചൂട്, ആൾക്കൂട്ടം, രോഗം ബാധിക്കാവുന്ന സാഹചര്യം ഇവയിൽ നിന്നെല്ലാം കുട്ടികളെ ഒഴിവാക്കി നിർത്താനാണ് ഈ നടപടിയെക്കുറിച്ച് ആലോചിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.

7,000 ത്തോളം കുട്ടികൾ ഇത്തവണ ഹജ്ജ് കർമ്മത്തിൽ പങ്കാളികളായി എന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഇതിൽ 65 ശതമാനം കുട്ടികളും ആറ് വയസ്സിൽ താഴെയുള്ളവരാണ്. 44 ഡിഗ്രിയെന്ന അതികഠിനമായ ചൂടിൽ വിവിധ അസുഖങ്ങൾ പിടിപെട്ട് ഇത്തവണയും ഹജ്ജിനെത്തിയ നിരവധി കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ജംറകളിലെ കല്ലേറടക്കമുളള തിരക്കേറിയ സന്ദർഭങ്ങളിൽ കുട്ടികൾ ഏറെ പ്രയാസപ്പെട്ടാണ് കർമ്മങ്ങൾ നിർവ്വഹിക്കുന്നത്.

കുട്ടികളെ വീട്ടിൽ പരിപാലിക്കാൻ സാഹചര്യമില്ലാത്തതിനാലാണ് പല ആളുകളും ഹജ്ജിനായി വരുമ്പോൾ കുട്ടികളെ കൂടെ കൂട്ടുന്നത്. മുതിർന്നവരിൽ പലർക്കും താമസിക്കാൻ ടെന്റ് ലഭിക്കാത്തതിനാൽ അവരെ അനുഗമിച്ച മിക്ക കുട്ടികളും റോഡ്‌സൈഡുകളിലാണ് അന്തിയുറങ്ങിയിരുന്നതെന്ന് അധികൃതർ പറയുന്നു. പത്ത് വയസ്സിൽ താഴെയുളളവർക്ക് അനുമതി നിർത്തലാക്കുന്നത് സംബന്ധിച്ച് ഹജ്ജ് മന്ത്രാലയം മുൻപും ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഈ നിർദ്ദേശം പരിഗണനയിലുണ്ടെന്നും അധികൃതരെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നു.