വിദേശികളായ സ്ത്രീകള്‍ക്ക് അബായ നിയമത്തില്‍ ഇളവ് വരുത്തി സൗദി അറേബ്യ

പുറത്തിറങ്ങുമ്പോള് ശരീരം മുഴുവന് മൂടുന്ന വസ്ത്രം ധരിക്കണമെന്ന നിബന്ധനയില് വിദേശികളായ സ്ത്രീകള്ക്ക് ഇളവ് വരുത്തി സൗദി അറേബ്യ
 | 
വിദേശികളായ സ്ത്രീകള്‍ക്ക് അബായ നിയമത്തില്‍ ഇളവ് വരുത്തി സൗദി അറേബ്യ

റിയാദ്: പുറത്തിറങ്ങുമ്പോള്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കണമെന്ന നിബന്ധനയില്‍ വിദേശികളായ സ്ത്രീകള്‍ക്ക് ഇളവ് വരുത്തി സൗദി അറേബ്യ. ടൂറിസം സാധ്യതകള്‍ മുന്നില്‍ കണ്ടാണ് നടപടിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. അബായ നിയമത്തില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് സൗദി ടൂറിസം, നാഷണല്‍ ഹെറിറ്റേജ് കമ്മീഷന്‍ ചെയര്‍മാന്‍ അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രധാന ഉപദേശകനാണ് അല്‍ ഖത്തീബ്.

എണ്ണ വ്യവസായത്തെ മാത്രം ആശ്രയിക്കുന്ന രീതിയില്‍ നിന്ന് മാറുന്നതിന്റെ ഭാഗമായാണ് ടൂറിസത്തിന് സൗദി മുന്‍ഗണന കൊടുക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി 49 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഓണ്‍ലൈന്‍ വിസ ആപ്ലിക്കേഷന്‍ സംവിധാനം അവതരിപ്പിക്കും. ശനിയാഴ്ച ഇതിന് തുടക്കമാകും. മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് അതാത് രാജ്യങ്ങളിലെ സൗദി എംബസികളിലും കോണ്‍സുലേറ്റുകളിലും വിസയ്ക്കായി അപേക്ഷിക്കാമെന്ന് ഖത്തീബ് വ്യക്തമാക്കി.

2016ല്‍ എണ്ണവില ഇടിഞ്ഞതിന് ശേഷമാണ് സൗദി കടുത്ത വിസ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ ആരംഭിച്ചത്. മുഹമ്മദ് ബിന്‍ സല്‍മാന്റെ സാമ്പത്തിക പരിഷ്‌കരണ നയങ്ങളുടെ ഭാഗമായി ടൂറിസത്തിന് കൂടുതല്‍ പ്രാധാന്യം കൈവരികയും അതിലൂടെ കൂടുതല്‍ വിദേശനാണ്യ വരുമാനം ലഭിക്കുകയും ചെയ്തിരുന്നു. വിമാനത്താവള വികസനത്തിലും ഹോട്ടലുകളിലും സ്വകാര്യ നിക്ഷേപകരെ സ്വാഗതം ചെയ്യുകയാണെന്നും ഖത്തീബ് വ്യക്തമാക്കി.