മതനിന്ദ: സൗദി ബ്ലോഗർ ജീവനോടെ തിരിച്ചുവരില്ലെന്ന് ഭാര്യ

സൗദിയിൽ മതനിന്ദ ആരോപിച്ച് തടവിലാക്കിയിരിക്കുന്ന ബ്ലോഗറുടെ ജീവനേക്കുറിച്ച് ആശങ്കയുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ ട്വിറ്ററിൽ കുറിച്ചു. ഫ്രീ സൗദി ലിബറൽസ് എന്ന പേരിൽ ബ്ലോഗ് നടത്തിയിരുന്ന റൈഫ് ബദവിക്കാണ് സൗദി കോടതി പത്ത് വർഷം തടവും 1000 ചാട്ടയടിയും ശിക്ഷ വിധിച്ചത്.
 | 

മതനിന്ദ: സൗദി ബ്ലോഗർ ജീവനോടെ തിരിച്ചുവരില്ലെന്ന് ഭാര്യജിദ്ദ: ഫ്രീ സൗദി ലിബറൽസ് എന്ന പേരിൽ ബ്ലോഗ് നടത്തിയിരുന്ന റൈഫ് ബദവിക്കാണ് സൗദി കോടതി പത്ത് വർഷം തടവും 1000 ചാട്ടയടിയും ശിക്ഷ വിധിച്ചത്. 20 ആഴ്ചകളിലായി തവണകളായി 1000 ചാട്ടയടി നൽകാനാണ് അധികൃതരുടെ തീരുമാനം. ആദ്യഘട്ടമായി ഇദ്ദേഹത്തിന് കഴിഞ്ഞ വെളളിയാഴ്ച 50 ചാട്ടയടി നൽകി. എല്ലാ വെളളിയാഴ്ചയും നമസ്‌കാരം കഴിഞ്ഞ ശേഷം 50 അടി വീതം നൽകാനാണ് തീരുമാനം.

തുടർച്ചയായി ചാട്ടയടി ഏൽക്കുന്നത് തന്റെ ഭർത്താവിന്റെ ജീവന് ഭീഷണിയാകുമോ എന്ന് ആശങ്കയുണ്ടെന്നാണ് ഭാര്യ ട്വിറ്ററിൽ എഴുതിയത്. ശിക്ഷ ഏറ്റുവാങ്ങുന്നതിനിടെ അദ്ദേഹം വേദന കൊണ്ട് കരഞ്ഞില്ല. ഇത് അവിടെ കൂടിനിന്ന പലരേയും നിരാശരാക്കി. ബദാവിയുടെ ഭാര്യ ട്വിറ്ററിൽ കുറിച്ചു.

സംഭവത്തിനെതിരെ ലോകത്തിന്റെ പല ഭാഗത്തുനിന്നും പ്രതിഷേധം ഉയർന്നിരുന്നു. പ്രമുഖ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലും അമേരിക്കയും ശിക്ഷ നടപ്പാക്കിയതിനെതിരെ രംഗത്ത് വന്നു. ജിദ്ദയിലെ ഗൾഫ് കിങ്ഢത്തിന് സമീപമുള്ള പളളിയിൽ വെളളിയാഴ്ച പ്രാർഥനയ്ക്ക് ശേഷം കുറ്റപത്രം വായിച്ചു കേൾപ്പിച്ചതിനു ശേഷമാണ് ശിക്ഷ നടപ്പാക്കിയത്. ഓരോ ചാട്ടയടിക്കും’ ദൈവം മഹാനാണ്’ എന്ന് പറയുകയും വേണം.

അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചും ഇതിന്റെ ദൃശ്യങ്ങൾ ഒരാൾ പകർത്തിയിരുന്നു. ചുറ്റും കൂടി നിൽക്കുന്ന ആളുകൾക്കിടയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ബദവിയെ മുന്നിൽ നിന്നും പിടിച്ച് നിർത്തിയിരിക്കുന്നു. മറ്റൊരു ഉദ്യോഗസ്ഥൻ ഇയാളുടെ പുറത്തും കാലിലും ചാട്ടവച്ച് അടിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാനാകുന്നതെന്ന് സൗദി പത്രം പറയുന്നു. ശിക്ഷ നടപ്പാക്കിയതിന് ശേഷം ബദവിയെ തിരികെ കൊണ്ടുപോയി. അപ്പോൾ ചുറ്റും കൂടി നിന്ന ആളുകൾ അള്ളാഹു അക്ബർ (ദൈവം മഹാനാണ്) എന്ന് ഉച്ചത്തിൽ പറഞ്ഞതായും പത്രം റിപ്പോർട്ട് ചെയ്യുന്നു.

‘ഫ്രീ സൗദി ലിബറൽ’ വെബ്‌സൈറ്റിന്റെ സ്ഥാപകനാണ് ബദവി. മതനിന്ദയുടെ പേരിൽ 2012 ജൂലൈ മുതൽ ബദവി ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. ഏഴ് വർഷത്തേക്കായിരുന്നു കോടതി ഇയാളെ ശിക്ഷിച്ചത്. എന്നാൽ പിന്നീട് അപ്പീൽ പരിഗണിച്ച കോടതി ശിക്ഷ പത്ത് വർഷമാക്കുകയും 1,000 ചാട്ടയടി വിധിക്കുകയുമായിരുന്നു. ഇത് കൂടാതെ 1 മില്യൺ സൗദി റിയാൽ (ഒന്നര കോടി) പിഴയും വിധിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകനും മതനിന്ദ കുറ്റം ആരോപിക്കപ്പെട്ട് ഇപ്പോൾ വിചാരണ നേരിടുകയാണ്.