അരാംകോ പ്ലാന്റിലെ ഡ്രോണ്‍ ആക്രമണം; സൗദി എണ്ണയുത്പാദനം പകുതിയാക്കി കുറച്ചു

എണ്ണയുത്പാദനം 50 ശതമാനം വെട്ടിക്കുറച്ച് സൗദി അറേബ്യ.
 | 
അരാംകോ പ്ലാന്റിലെ ഡ്രോണ്‍ ആക്രമണം; സൗദി എണ്ണയുത്പാദനം പകുതിയാക്കി കുറച്ചു

റിയാദ്: എണ്ണയുത്പാദനം 50 ശതമാനം വെട്ടിക്കുറച്ച് സൗദി അറേബ്യ. സൗദിയിലെ മുന്‍നിര എണ്ണക്കമ്പനിയായ അരാംകോയുടെ രണ്ട് പ്ലാന്റുകളില്‍ ഹുതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്. ബുഖെയ്ഖിലെയും ഖുറൈസിലെയും പ്ലാന്റുകളില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ വന്‍ തീപ്പിടിത്തമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടങ്ങളിലെ ഉത്പാദനം ഇതുമൂലം നിര്‍ത്തി വെക്കേണ്ടതായി വന്നുവെന്ന് സൗദി ഊര്‍ജ്ജമന്ത്രി അബ്ദുള്‍അസീസ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

ഇത് മൂലം രാജ്യത്തെ മൊത്തം ഉത്പാദനം 50 ശതമാനത്തോളം കുറയ്‌ക്കേണ്ടതായി വന്നിരിക്കുകയാണ്. പ്രതിദിനം 5.7 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഉത്പാദനമാണ് തടസപ്പെട്ടിരിക്കുന്നത്. സൗദി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അരാംകോയുടെ ആക്രമണത്തിനിരയായ പ്ലാന്റുകള്‍ ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്റ്റെബിലൈസിംഗ് കേന്ദ്രങ്ങളാണ്.

ഉത്പാദനം പഴയ പടിയാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടന്നു വരികയാണെന്ന് അരാംകോ സിഇഒ അമിന്‍ നാസര്‍ പ്രസ്താവനയില്‍ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണ്ണ വിവരങ്ങള്‍ അറിയാനാകും. 10 ഡ്രോണുകളാണ് പ്ലാന്റുകളില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.