സൗദി സ്ത്രീകൾ സമ്പന്നർ; ബാങ്ക് നിക്ഷേപം 6 ലക്ഷം കോടി

സൗദി അറേബ്യയിൽ സ്ത്രീകൾക്ക് ലഭിക്കുന്ന വ്യക്തി സ്വാതന്ത്ര്യം കുറവാണെന്ന് വ്യാപകമായി വിമർശിക്കപ്പെടാറുണ്ട്. സ്ത്രീകൾ വാഹനമോടിക്കുന്നതിന് പോലും നിരോധനമുള്ള രാജ്യമാണത്. പക്ഷേ സാമ്പത്തിക കാര്യത്തിൽ ലോകത്തിലെ വികസിത രാജ്യങ്ങളിലെ വനിതകൾക്ക് തുല്ല്യമാണ് അവരുടെ അവസ്ഥ എന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു.
 | 
സൗദി സ്ത്രീകൾ സമ്പന്നർ; ബാങ്ക് നിക്ഷേപം 6 ലക്ഷം കോടി

 

റിയാദ്: സൗദി അറേബ്യയിൽ സ്ത്രീകൾക്ക് ലഭിക്കുന്ന വ്യക്തി സ്വാതന്ത്ര്യം കുറവാണെന്ന് വ്യാപകമായി വിമർശിക്കപ്പെടാറുണ്ട്. സ്ത്രീകൾ വാഹനമോടിക്കുന്നതിന് പോലും നിരോധനമുള്ള രാജ്യമാണത്. പക്ഷേ സാമ്പത്തിക കാര്യത്തിൽ ലോകത്തിലെ വികസിത രാജ്യങ്ങളിലെ വനിതകൾക്ക് തുല്ല്യമാണ് അവരുടെ അവസ്ഥ എന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ബാങ്കുകളിൽ ഇവരുടെ നിക്ഷേപം കുന്നുകൂടുകയാണ്. അതുകൊണ്ട് ഇവർക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ട് എന്ന് അർത്ഥമൊന്നുമില്ല.

സൗദിയിലെ വാണിജ്യ ബാങ്കുകളിൽ സ്ത്രീകളുടെ സ്വകാര്യ അക്കൗണ്ടുകളിലെ നിക്ഷേപം 375 ബില്യൺ സൗദി റിയാലായെന്നാണ് പുതിയ റിപ്പോർട്ട്. 100 ബില്യൺ ഡോളറിന് തുല്ല്യമാണിത്. ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ 6 ലക്ഷം കോടി. സൗദി സാമ്പത്തിക-വാണിജ്യകാര്യ മന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. ബാങ്കുകളിലെ നിക്ഷേപത്തിൽ വൻ വർദ്ധനവുണ്ടെങ്കിലും വാണിജ്യ സംബന്ധമായ രജിസ്‌ട്രേഷനുള്ളത് 7.3 ശതമാനം സ്ത്രീകൾക്ക് മാത്രമാണ്. സൗദിയിൽ ലേബർ മാർക്കറ്റിൽ 5.1 ശതമാനവും, അക്കൗണ്ടിങ്ങിൽ 49.6 ശതമാനവുമാണ് സ്ത്രീ സാന്നിദ്ധ്യമുള്ളതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കൗൺസിൽ ഓഫ് സൗദി ചേമ്പർ ഈ മാസം സ്ത്രീകൾക്കായി വിവിധ സെമിനാറുകൾ നടത്താൻ ആലോചിക്കുന്നുണ്ട്. റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലായിട്ടായിരിക്കും പരിപാടി സംഘടിപ്പിക്കുക. സാമ്പത്തിക, വാണിജ്യ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം വച്ചാണിത്. വിഭിന്ന മേഖലകളിൽ നിന്നുമുള്ള വ്യക്തികൾ സെമിനാറിന്റെ ഭാഗമാകും. ബിസിനസിലേയ്ക്കുള്ള കാൽവെയ്പ്പിന് സ്ത്രീകൾക്ക് മുന്നിലുള്ള തടസ്സമെന്താണെന്ന് മനസ്സിലാക്കി അതിനുള്ള പരിഹാരം കണ്ടെത്താനും സെമിനാറിൽ ചർച്ചകൾ സംഘടിപ്പിക്കും.