ദുബായ് ട്രാംവേക്ക് സമീപം നടക്കുന്നവരും വണ്ടിയോടിക്കുന്നവരും സൂക്ഷിക്കുക; കനത്ത രണ്ട് പിഴകൾ പ്രാബല്യത്തിൽ

പുതുതായി ആരംഭിച്ച ട്രാം സർവ്വീസിന്റെ ട്രാക്കുകളും പരിസരങ്ങളുമായി ബന്ധപ്പെട്ട് പുതിയ രണ്ട് ഫൈനുകൾ കൂടി ട്രാഫിക് നിയമത്തിൽ ഉൾപ്പെടുത്തിയതായി ദുബായ് പോലീസ് അറിയിച്ചു. ട്രാഫിക് നിയമ ലംഘനത്തിന് ദുബായ് റോഡ് സുരക്ഷാ അതോറിറ്റിയുടെ നിലവിലുള്ള പിഴകൾക്ക് പുറമെയാണിത്.
 | 
ദുബായ് ട്രാംവേക്ക് സമീപം നടക്കുന്നവരും വണ്ടിയോടിക്കുന്നവരും സൂക്ഷിക്കുക; കനത്ത രണ്ട് പിഴകൾ പ്രാബല്യത്തിൽ

 

ദുബായ്: പുതുതായി ആരംഭിച്ച ട്രാം സർവ്വീസിന്റെ ട്രാക്കുകളും പരിസരങ്ങളുമായി ബന്ധപ്പെട്ട് പുതിയ രണ്ട് ഫൈനുകൾ കൂടി ട്രാഫിക് നിയമത്തിൽ ഉൾപ്പെടുത്തിയതായി ദുബായ് പോലീസ് അറിയിച്ചു. ട്രാഫിക് നിയമ ലംഘനത്തിന് ദുബായ് റോഡ് സുരക്ഷാ അതോറിറ്റിയുടെ നിലവിലുള്ള പിഴകൾക്ക് പുറമെയാണിത്.

കനത്ത രണ്ട് പിഴകളാണ് പുതുതായി ഏർപ്പെടുത്തിയിരിക്കുന്നത്. ട്രാംവേ ജംഗ്ഷനുകളലുള്ള റെഡ് ലൈറ്റ് അവഗണിച്ച് വാഹനമോടിക്കുന്നവർക്ക് 5,000 ദിർഹം (84,000 രൂപ) വരെ പിഴ ചുമത്തും. ഇതു കൂടാതെ ഒന്ന് മുതൽ മൂന്ന് മാസം വരെ ലൈസൻസ് റദ്ദാക്കാനും സാധ്യതയുള്ളതായി പോലീസ് പറഞ്ഞു. നിർദ്ദിഷ്ട പാതയിൽ കൂടിയല്ലാതെ റോഡ് മുറിച്ച് കടക്കുന്ന കാൽനടക്കാർക്കുള്ള പിഴയാണ് രണ്ടാമതായി ഉൾപ്പെടുത്തിയിരിക്കുന്നത്. 1,000 ദിർഹം (16,000 രൂപ) ആണ് ഇതിന് ഈടാക്കുന്നത്.

സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടി ഈ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിന്റെ തോതനുസരിച്ച് ശിക്ഷയുടെ സ്വഭാവവും മാറുമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. ട്രാംവേ ജംഗ്ഷനിൽ ചുവപ്പ് സിഗ്നൽ അവഗണിച്ച് വാഹനമോടിച്ച് ആർക്കെങ്കിലും പരിക്ക് പറ്റിയാൽ 5,000-10,000 ദിർഹവും പരിക്കേറ്റയാൾ മരണപ്പെട്ടാൽ 10,000- 30,000 രൂപവരെയും പിഴ ചുമത്തപ്പെടും. ഇത് കൂടാതെ ഒരു വർഷത്തേയ്ക്ക് ലൈസൻസ് റദ്ദാക്കുകയും ചെയ്യും.