43-ാം ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ യുഎഇ

നാൽപത്തിമൂന്നാം ദേശീയ ദിനാഘോഷത്തിന്റെ നിറവിലാണ് യുഎഇ. വേറിട്ടുനിന്ന വിവിധ എമിറേറ്റുകളെ 1971-ലായിരുന്നു യുഎഇ എന്ന ഐക്യത്തിന് കീഴിൽ ഒരുമിപ്പിച്ചത്. രാഷ്ട്രശിൽപി ശൈഖ് സായിദ് അൽ നഹ്യാന്റെ പരിശ്രമങ്ങളാണ് അതിന് ഊർജം പകർന്നത്.
 | 

43-ാം ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ യുഎഇ

അബുദാബി: നാൽപത്തിമൂന്നാം ദേശീയ ദിനാഘോഷത്തിന്റെ നിറവിലാണ് യുഎഇ. വേറിട്ടുനിന്ന വിവിധ എമിറേറ്റുകളെ 1971-ലായിരുന്നു യുഎഇ എന്ന ഐക്യത്തിന് കീഴിൽ ഒരുമിപ്പിച്ചത്. രാഷ്ട്രശിൽപി ശൈഖ് സായിദ് അൽ നഹ്‌യാന്റെ പരിശ്രമങ്ങളാണ് അതിന് ഊർജം പകർന്നത്. പിന്നീടുള്ള യുഎഇയുടെ യാത്ര വികസനത്തിന്റെ പാതയിലൂടെയായിരുന്നു.

ലോകത്തിലെ ഏറ്റവും വികസിത നഗരങ്ങളിലേക്ക് ദുബൈയും അബുദാബിയും ഷാർജയും തുടങ്ങി ഓരോ എമിറേറ്റും വളരുകയായിരുന്നു. നാൽപത്തിമൂന്ന് വർഷം ലോകം ആ വളർച്ചയെ നോക്കി കണ്ടു. ശൈഖ് സായിദിന്റെ നയപരമായ ഇടപെടൽ ലോകതലത്തിൽ യുഎഇക്ക് പ്രത്യേക സ്ഥാനം നേടിക്കൊടുത്തു.

ലോക രാഷ്ട്രീയത്തിൽ സംഭവിച്ച പല ചലനങ്ങളും ഗൾഫ് രാജ്യങ്ങളെ സ്തംഭിപ്പിക്കുമെന്ന സാഹചര്യമുണ്ടായപ്പോൾ യുഎഇയുടെ സാമ്പത്തിക രംഗത്തുണ്ടായ ഇടപെടൽ ഇതര ഗൾഫ് രാജ്യങ്ങൾക്കും പ്രചോദനമായി. ഇന്ത്യയുൾപ്പെടെ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ ഉപജീവന കേന്ദ്രം കൂടിയായ യുഎഇ പ്രവാസികൾക്ക് എന്നും പ്രിയപ്പെട്ട രാജ്യമാണ്. സ്വദേശി വിദേശി ഭേദമന്യേ സുരക്ഷിത ജീവിതം ഉറപ്പുനൽകുന്നുവെന്നതും യുഎഇയെ മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. പൗരന്മാർക്കും അല്ലാത്തവർക്കും നീതിയും ജീവിത സുരക്ഷയും സമാധാനവും പകരുകയെന്നത് ശൈഖ് സായിദ് ബിൻ അൽനഹ്‌യാന്റെ സ്വപ്നമായിരുന്നു. അത് ഏറെ കുറേ സാക്ഷാത്കരിക്കപ്പെട്ടു കഴിഞ്ഞു.

മറ്റു ലോകരാജ്യങ്ങൾക്കു കൂടി മാത്യകയായി വികസനത്തിന്റെ പുത്തൻ തലങ്ങളിലേക്ക് ഉയരുകയാണ് യുഎഇ.