യെമനി പെൺകുട്ടിയുടെ ജീവിതവും പ്രണയത്തിന്റെ പച്ച മുളകും

അവളുടെ പേര് ആലിയ എന്നോ ആക്കിഫ എന്നോ ആകാം. കോട്ടക്കൽക്കാരൻ അബ്ദുൽ ലത്തീഫിന് ആ പേരിന്റെ കാര്യത്തിൽ അത്ര ഉറപ്പില്ല. മനസിനെ ഇപ്പോഴും വല്ലാതെ വേട്ടയാടുന്ന ആ മുഖം മാത്രം ഓർമ്മയുണ്ട്. ആദ്യം ചിരിച്ചും പിന്നെ കുണുങ്ങിയും കലഹിച്ചും അവസാനം കണ്ണീർ മൂടിയ മുഖവുമായി ഓടിപ്പോവുകയും ചെയ്ത ആ യെമനി പെൺകുട്ടിയെ വർഷങ്ങൾ പലതു കഴിഞ്ഞിട്ടും മറക്കാനാകുന്നില്ല ലത്തീഫിന്.
 | 

വഹീദ് സമാൻ
യെമനി പെൺകുട്ടിയുടെ ജീവിതവും പ്രണയത്തിന്റെ പച്ച മുളകും
അവളുടെ പേര് ആലിയ എന്നോ ആക്കിഫ എന്നോ ആകാം. കോട്ടക്കൽക്കാരൻ അബ്ദുൽ ലത്തീഫിന് ആ പേരിന്റെ കാര്യത്തിൽ അത്ര ഉറപ്പില്ല. മനസിനെ ഇപ്പോഴും വല്ലാതെ വേട്ടയാടുന്ന ആ മുഖം മാത്രം ഓർമ്മയുണ്ട്. ആദ്യം ചിരിച്ചും പിന്നെ കുണുങ്ങിയും കലഹിച്ചും അവസാനം കണ്ണീർ മൂടിയ മുഖവുമായി ഓടിപ്പോവുകയും ചെയ്ത ആ യെമനി പെൺകുട്ടിയെ വർഷങ്ങൾ പലതു കഴിഞ്ഞിട്ടും മറക്കാനാകുന്നില്ല ലത്തീഫിന്.

ജിദ്ദയിലെ ബാബ് മക്കയിലായിരുന്നു ലത്തീഫിന് ജോലി. മക്കയിലേക്കുള്ള കവാടമാണ് ബാബ് മക്ക. പത്തൊൻപതാമത്തെ വയസിൽ 25 വയസിന്റെ കള്ള രേഖയുണ്ടാക്കി പാസ്‌പോർട്ട് സംഘടിപ്പിച്ചാണ് സൗദിയിലെത്തിയത്. ബാബ് മക്കയിലെ ബൂഫിയയിലായിരുന്നു ജോലി. വീടുവിട്ടുപോന്നതിനുള്ള സങ്കടം ലത്തീഫിനൊപ്പം തന്നെയുണ്ടായിരുന്നു. നാലോ അഞ്ചോ മാസം കഴിഞ്ഞുകാണും. ഒരു പെൺകുട്ടി ലത്തീഫിന്റെ ബൂഫിയയിലെ സ്ഥിരം സന്ദർശകയായി. ഏറെനേരമൊന്നും അവളവിടെ നിൽക്കാറില്ലായിരുന്നു. സാന്റ്‌വിച്ചോ സമൂസയോ അങ്ങിനെയന്തെങ്കിലും വാങ്ങി തിരിച്ചുപോകും.

കറുത്ത മുഖപടം അവളുടെ മുഖം സദാസമയവും മറച്ചിട്ടുണ്ടാകും. തനിക്ക് നേരെ വരുന്ന നീണ്ടു വെളുത്ത കൈവിരലുകളുടെ ഉടമയുടെ മുഖമൊന്ന് കാണാൻ ലത്തീഫിന് മോഹമുണ്ടായിരുന്നു. രാവിലെ പത്തുമണിക്ക് മുമ്പേ അവളെത്തും. സാന്റ്‌വിച്ചും വാങ്ങി റിയാലും തന്ന് മടങ്ങും. ഒരുദിവസം മുഖപടമിടാതെ അവളെത്തി. കത്തുന്ന സൗന്ദര്യം. നിഷ്‌കളങ്കമായ മുഖത്തെ നീലക്കണ്ണുകൾ. ആ കാഴ്ച്ച വീണ്ടും വീണ്ടും കാണാൻ ലത്തീഫ് കൊതിച്ചു. ഇനിയുള്ള ദിവസങ്ങളിലും അവൾ മുഖപടമണിയാതെ എത്തണേയെന്ന് ലത്തീഫ് കൊതിച്ചു. എന്നാൽ അവളുടെ മുഖം വീണ്ടും മുഖപടം മറച്ചു.

എന്തെങ്കിലുമൊന്ന് മിണ്ടിപ്പറയാൻ ലത്തീഫിന്റെ മനം പിടച്ചു. അതിനായി നാവനങ്ങിയെങ്കിലും ശബ്ദം പുറത്തുവന്നില്ല. ഒരു ദിവസം രണ്ടും കൽപ്പിച്ച് ലത്തീഫ് ചോദിച്ചു.
ശുശ്മുക്കി?  (നിന്റെ പേരെന്ത്)
ബാക്കി പണം പോലും വാങ്ങാതെ, ഒന്നും പറയാതെ അവളോടിപ്പോയി. ലത്തീഫ് നിന്ന് വിയർത്തു. അവളിനി അവളുടെ ഉപ്പയെയും കൂട്ടിയെങ്ങാൻ വരുമോ എന്ന പേടി ലത്തീഫിന്റെ ഉള്ളിലൊരു കാളലുണ്ടാക്കി. ആരും വന്നില്ല. പിറ്റേന്ന് രാവിലെയും അവൾ വന്നു. ലത്തീഫ് ഒന്നും ചോദിച്ചില്ല. സാന്റ്‌വിച്ചും വാങ്ങി തിരിഞ്ഞുനടക്കുന്നതിനിടയിൽ മുഖപടമുയർത്തി അവൾ ചിരിച്ചു.

അന ആലിയ (എന്റെ പേര് ആലിയ, ഇനി അവൾ ആക്കിഫ എന്നാണോ പറഞ്ഞതെന്ന് ഓർമ്മയില്ല).

ലത്തീഫിന്റെ മനം കുളിരണിഞ്ഞു. സാന്റ്‌വിച്ചിന്റെ കൊടുക്കലും വാങ്ങലിനുമപ്പുറം ആ ബന്ധം പതുക്കെ വളരുകയായിരുന്നു. അവളെ കാണാത്ത ദിവസം ലത്തീഫിന്റെ ഉള്ളുപിടയാൻ തുടങ്ങി. അവൾ വരാൻ വൈകിയാൽ ലത്തീഫ് കരയിൽ പിടിച്ചിട്ട മീൻ പോലെ പിടച്ചുകൊണ്ടിരുന്നു.
ലത്തീഫ് വന്നിട്ട് രണ്ടു കൊല്ലമാകുകയാണ്. നാട്ടിലേക്ക് പോകാനുള്ള സയമായി. നാലു മാസം കഴിഞ്ഞേ വരികയുള്ളൂവെന്ന് പറഞ്ഞ് യാത്ര പറയുമ്പോൾ അവൾ കരയുന്നുണ്ടായിരുന്നു. വീട്ടിലെത്തിയ ലത്തീഫിനെ കാത്തിരുന്നത് പെണ്ണ് കാണാൻ പോകാനുള്ള നീണ്ട ലിസ്റ്റായിരുന്നു.

യെമനി പെൺകുട്ടിയുടെ ജീവിതവും പ്രണയത്തിന്റെ പച്ച മുളകുംലത്തീഫിനെ പെണ്ണ് കെട്ടിക്കാനായിരുന്നു പെങ്ങൻമാർക്ക് തിടുക്കം. വീട്ടിൽ ഉമ്മ മാത്രമേയുള്ളൂ. ഉമ്മക്ക് ഒരു കൂട്ടായിട്ട് ഒരാള് വേണമെന്ന് അവർ നിർബന്ധിക്കാൻ തുടങ്ങി. കടലിനക്കരെ ഒരു യെമനി പെൺകുട്ടിയിൽ തന്റെ മനസുടക്കിയ വിവരം ലത്തീഫ് നേരിട്ട് പറഞ്ഞില്ല. കൂട്ടുകാർ വഴി അക്കാര്യം പെങ്ങൻമാരെ അറിയിച്ചു. അവർ പെൺ കോമരങ്ങളായി. അളിയൻമാരറിഞ്ഞു. അറബിനാട്ടിലെ പെണ്ണിനെ കെട്ടിയാൽ പെങ്ങൻമാരെ വീട്ടിലിരുത്തുമെന്ന് അവർ കട്ടായം പറഞ്ഞു. അവസാനം എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി ലത്തീഫ് നിക്കാഹിനിരുന്ന് കൊടുത്തു. അവധി തീരുംമുമ്പേ ലത്തീഫ് മടങ്ങി.

ബാബ് മക്കയിലെ ബൂഫിയയിൽ പിന്നെയും കാര്യങ്ങൾ പതിവുപോലെയായി. ഒരു രാവിലെ പതിവിലും നേരത്തെ എത്തിയ പെൺകുട്ടി മുഖപടമുയർത്തി ലത്തീഫിനെ ഏറെ നേരം നോക്കി. എനിക്ക് നിന്നെ ഇഷ്ടമാണ് കൂട്ടുകാരാ… എന്ന് വിളിച്ചുപറഞ്ഞ് ഓടിപ്പോയി. ആ ഇഷ്ടത്തിന്റെ അർത്ഥത്തിലേക്ക് കല്യാണം വരെ ദൂരമുണ്ടായിരുന്നു. ലത്തീഫിന്റെ ഉള്ളുകാളി. പടച്ചോനെ എന്നൊരു വിളി അറിയാതെ പൊങ്ങി…
പിറ്റേന്നുമവളെത്തി. ഈ കുട്ടിയെ എങ്ങിനെ പറഞ്ഞുമനസിലാക്കുമെന്നറിയാതെ ലത്തീഫ് കുഴങ്ങി. മുഖപടം പറ്റെ ഒഴിവാക്കിയിട്ടുണ്ട്. നിനക്ക് മലയാളം അറിയില്ലല്ലോ.. മലയാളം അറിയാത്തവരെ കെട്ടാൻ പറ്റില്ല…

അവളൊന്നും പറയാതെ പോയി… പിറ്റേന്ന് അതേ നേരത്ത് വീണ്ടും അവളെത്തി. മലയാളം പഠിക്കാൻ എന്ത് ചെയ്യണമെന്ന് ചോദിച്ചു. ലത്തീഫ് ഓംലൈറ്റിനിടാൻ മുളക് അരിയുകയായിരുന്നു. ദിവസവും നൂറു ഗ്രാം മുളക് തിന്നാൽ മലയാളം നാവിന് വഴങ്ങുമെന്ന് ലത്തീഫ് വെറുതെ പറഞ്ഞു. വെറുതെ പറഞ്ഞതാണ്. എങ്ങിനെയെങ്കിലും ഒന്ന് ഒഴിവാക്കാൻ. ഒന്നു രണ്ടു മാസം കഴിഞ്ഞുകാണണം. അതിരാവിലെ തന്നെ പെൺകുട്ടിയുടെ ബാപ്പ ബൂഫിയയിലെത്തി.

അൻത്ത ഹറാമീ… ഹറാമീ.. എന്ന് വിളിച്ചുകൂവുന്നു. ഒരു കെടുങ്കാറ്റ് കണക്കെ കടയിലേക്ക് ഇരച്ചുകയറി. സിംഹം ഇരയുടെ മേൽ ഇരച്ചുകയറും പോലെ അയാൾ ലത്തീഫിന്റെ മേൽ പാഞ്ഞുകയറി. മുഖമടച്ച് പൊട്ടിച്ചു. വീണ്ടും വീണ്ടും പൊട്ടിച്ചു. അയാൾക്കെതിരെ കേസ് കൊടുക്കണമെന്ന് പലരും പറഞ്ഞു. അനധികൃത താമസക്കാരനായ അയാളെ പോലീസ് പൊക്കും. അതുകൊണ്ടെന്ത് കാര്യം. അയാളെ പോലീസ് നാടുകടത്തുമ്പോൾ അവളെയും കൊണ്ടുപോകില്ലേ. ലത്തീഫ് അങ്ങിനെയാണ് ചിന്തിച്ചത്.

പെൺകുട്ടി ഓരോ ദിവസവും തന്റെ ചെറിയ അനിയനെ കടയിലയച്ച് നൂറു ഗ്രാം മുളക് വാങ്ങിപ്പിച്ച് കഴിക്കുകയാണെന്ന് പിന്നീടാണ് ലത്തീഫ് അറിഞ്ഞത്. ആരും കാണാതെ വീടിന്റെ ഒരു മൂലയിലിരുന്ന് മുളക് ഭക്ഷണമാക്കി അവളുടെ കുടൽ കരിഞ്ഞുപോയിട്ടുണ്ടാകും. മുളക് തീറ്റ ശ്രദ്ധയിൽ പെട്ട ഉമ്മ ഉപ്പയോട് കാര്യം പറയുകയായിരുന്നു. ഉപ്പയുടെ കനത്ത അടി ഏറെനേരം താങ്ങിനിൽക്കാനുള്ള ശേഷി ആ കുട്ടിക്കില്ലായിരുന്നു. അവൾ തന്റെ പ്രണയം പറഞ്ഞു. തിന്നാൻ ബാക്കിയുണ്ടായിരുന്ന മുളകരച്ച് അവളുടെ കണ്ണിൽ തേച്ചാണ് അയാൾ ലത്തീഫിന് നേരെ ഓടിയത്. അടികൊണ്ടു വീങ്ങിയ ലത്തീഫിന്റെ കവിളും എരിയുന്നുണ്ടായിരുന്നു. അവളുടെ കണ്ണിൽ തേച്ച അതേ മുളക് തന്നെയാണ് തന്റെ കവിളും എരിയിപ്പിക്കുന്നതെന്ന് ലത്തീഫിന് അറിയുമായിരുന്നില്ല.

ഒന്നു രണ്ടാഴ്ച്ച കഴിഞ്ഞിട്ടുണ്ടാകണം. പെൺകുട്ടിയുടെ വീടിന് മുകളിൽ കുറെ ബൾബ് പ്രകാശിപ്പിച്ചിരിക്കുന്നു. രണ്ടു കാരണങ്ങളാണ് വീടിന് മുന്നിൽ ബൾബ് തെളിയിക്കാനുള്ളത്. ഒന്ന് ആരെങ്കിലും മരിച്ചിട്ടുണ്ടാകും. അല്ലെങ്കിൽ കല്യാണമോ സൽക്കാരമോ ഉള്ളപ്പോൾ. അന്നത്തെ സംഭവത്തിന് ശേഷം പെൺകുട്ടിയെ ലത്തീഫ് കണ്ടിരുന്നില്ല. പഹയൻ അവളെ അടിച്ചുകൊന്നോ എന്നറിയില്ല. പിന്നെയാണറിഞ്ഞത് അവളേക്കാൾ നാൽപത് വയസ് അധികമുള്ള യെമനി സൗദിയെ കൊണ്ട് അവളുടെ കല്യാണം കഴിഞ്ഞിരിക്കുന്നു. മക്കയിലാണ് അയാളുടെ വീട്. അന്നു തന്നെ അവളെയുമായി അയാൾ മക്കയിലേക്ക് പോയി. പെൺകുട്ടിയുടെ അനിയനാണ് ലത്തീഫിന് വിവരമൊക്കെ എത്തിച്ചുകൊടുക്കുന്നത്.

ഒന്നോ രണ്ടോ മാസത്തിന് ശേഷം വീണ്ടുമൊരിക്കൽ കൂടി പെൺകുട്ടി ലത്തീഫിന്റെ കടയിലെത്തി. പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു അത്. വീട്ടിൽ ആരുമില്ലാത്ത തക്കത്തിന് പുറത്തിറങ്ങി വന്നതാണ്. ഇനി ഭർത്താവിനൊപ്പം പോകുന്നില്ലെന്നും അയാൾ തനി ഭ്രാന്തനാണെന്നും അവൾ പറഞ്ഞു. എന്നെ വിട്ടുപോകരുതെന്നും കരഞ്ഞുപറഞ്ഞ് അവളോടി.

വീട്ടിൽ ആളില്ലാത്ത നേരത്ത് അവൾ വീണ്ടുമെത്തി. ലത്തീഫ് നൽകുന്ന സാന്റ്‌വിച്ചിൽ പ്രണയത്തിന്റെ മധുരമുണ്ടെന്ന് അവൾ വിചാരിച്ചിരിക്കണം. തന്റെ കല്യാണം കഴിഞ്ഞ കാര്യം പറയാൻ ലത്തീഫ് പലവട്ടം കൊതിച്ചെങ്കിലും കഴിഞ്ഞില്ല. ഓരോരോ കാരണങ്ങൾ കൊണ്ട് അതെല്ലാം മുടങ്ങിപ്പോയി. പിന്നീടൊരിക്കൽ ലത്തീഫ് മനസ് തുറന്നു. നാട്ടിലൊരു പെണ്ണുണ്ടെന്ന കാര്യം. കരഞ്ഞോടിപ്പോയ അവളെ പിന്നെ കുറേ ദിവസത്തേക്ക് കണ്ടതേയില്ല. ഒരിക്കൽ കൂടി അവളെത്തി. മുഖപടമൊഴിവാക്കി കടയിലേക്ക് കയറിവന്ന അവൾ സാന്റ്‌വിച്ചിന് പകരം മറ്റെന്തോ ചോദിച്ചു. പോകാൻ നേരത്ത് നാവ് പുറത്തേക്ക് നീട്ടി ലത്തീഫിന് കാണിച്ചുകൊടുത്തു. ചുവന്നുതുടുത്തിരിക്കുന്നു. തനിക്ക് വേണ്ടി ഇപ്പോഴും തിന്നുകൊണ്ടിരിക്കുന്ന മുളകിന്റെ എരിവുകൊണ്ടു ചുവന്നുപോയ നാവുകൾ. ലത്തീഫിന്റെ നാവിറങ്ങിപ്പോയി. ഇപ്പോഴും നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നുവെന്ന് കൂടി പറഞ്ഞതോടെ ലത്തീഫിന്റെ ശ്വാസം പോയി.

പെൺകുട്ടിയുടെ വീട്ടുകാർ ഈ ബന്ധം വീണ്ടുമറിഞ്ഞു. ഒരിക്കൽ കൂടി അവളുടെ ഉപ്പ ലത്തീഫിന്റെ മുഖത്ത് കൊടുങ്കാറ്റഴിച്ചുവിട്ടു. ലത്തീഫിനെ അവിടെ പണിക്ക് നിർത്തിയാൽ കട കത്തിക്കുമെന്നയാൾ കട്ടായം പറഞ്ഞു. കടയുടമക്ക് വേറെ മാർഗമുണ്ടായിരുന്നില്ല. തന്റെ തന്നെ ജിസാനിലുള്ള മറ്റൊരു കടയിലേക്ക് ലത്തീഫിനെ മാറ്റി. ഓർമ്മകളിൽനിന്നുള്ളൊരു മാറ്റം ലത്തീഫിനും അത്യാവശ്യമായിരുന്നു. ഇനിയൊരിക്കലും കാണേണ്ടല്ലോ എന്നോർത്ത് ലത്തീഫ് ജിസാനിലേക്ക് വണ്ടി കയറി.

ജിസാനിൽ ലത്തീഫ് ജോലിക്കാരനായിട്ട് രണ്ടു വർഷമായി. ജിസാനിലും ബൂഫിയയിൽ തന്നെയായിരുന്നു ജോലി. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു അയാൾ.  ഇറാഖ് കുവൈത്ത് യുദ്ധത്തിന്റെ കാലം. സൗദിയിൽ അനധികൃത താമസക്കാർക്കെതിരെ നിയമം കർശനമാക്കിയ നേരം. യെമനികളെ നാടുകടത്തുന്നത് പ്രധാനമായും ജിസാൻ വഴിയാണ്. നാടുകടത്തപ്പെടുന്ന യെമനികൾ കൂട്ടത്തോടെ ജിസാനിലെത്തി. സൗദിയിൽനിന്ന് ലഭിക്കുന്ന അവസാന ഭക്ഷണം ലഭിക്കുന്ന ഇടങ്ങളിലൊന്ന് ലത്തീഫിന്റെ കടയായിരുന്നു. എന്നും തിരക്കോട് തിരക്ക് തന്നെ.

ഒരു ദിവസം ഉച്ചനേരത്താണ് അവരെത്തിയത്. അവരവിടെ ഏറെ നേരമുണ്ടായിരുന്നു. ഭക്ഷണം കഴിച്ച് പോകാൻ നേരത്ത് കൂട്ടത്തിലൊരുവൾ ലത്തീഫിനരികിലെത്തി… എന്നെ അറിയുമോ എന്നൊരു ചോദ്യം. ഇല്ലെന്ന് ലത്തീഫ് തലയാട്ടുന്നതിന് മുമ്പ് തന്നെ അവൾ മുഖപടമുയർത്തി. അതേ.. അവൾ തന്നെ… തനിക്ക് വേണ്ടി പച്ചമുളക് തിന്നു തീർത്ത ആ യെമനി പെൺകുട്ടി. അവളുടെ കണ്ണുകളിലും നാവിന്റെ അതേ ചുവപ്പ്… ഒന്നും പറയാതെ അവൾ തിരിഞ്ഞുനടക്കുന്നു… പോകാൻ നേരത്തെ ലത്തീഫിന്റെ കടയിൽനിന്നൊരു പച്ചമുളകും കയ്യിലെടുത്ത് ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കി അവൾ നടന്നുനീങ്ങി…