ദുബായിൽ കടലിനടിയിൽ ഷോപ്പുമായി സോണി

ലോകത്ത് തന്നെ ആദ്യത്തെ അണ്ടർവാട്ടർ ഷോപ്പിംഗ് സെന്റർ. ഷോപ്പിംഗ് എന്നാൽ വെറുതേ സാധനങ്ങൾ വാങ്ങൽ മാത്രമല്ലെന്ന് എല്ലാവർക്കും അറിയാം.
 | 
ദുബായിൽ കടലിനടിയിൽ ഷോപ്പുമായി സോണി

 

ദുബായ്: കടലിനടിയിൽ പോയി ഒരു മൊബൈൽ ഫോൺ വാങ്ങിയാലോ എന്ന് ഒരു സുഹൃത്ത് ചോദിച്ചാൽ അയാൾക്ക് വട്ടാണെന്നാകും നമ്മൾ കരുതുക. ദുബായിയിൽ വച്ചാണ് അങ്ങനെയാരെങ്കിലും ചോദിക്കുന്നതെങ്കിൽ ഇനിയത് വട്ടിന്റെ ലക്ഷണമാകില്ല. കാരണം ദുബായിക്കാർക്ക് മൊബൈൽ ഫോണും ടാബ്ലറ്റും ലാപ്‌ടോപ്പുമൊക്കെ വാങ്ങാൻ കടലിനടിയിൽ ഒരു കട തുടങ്ങാൻ പോവുകയാണ് സോണി കോർപ്പറേഷൻ.

ലോകത്ത് തന്നെ ആദ്യത്തെ അണ്ടർവാട്ടർ ഷോപ്പിംഗ് സെന്റർ. ഷോപ്പിംഗ് എന്നാൽ വെറുതേ സാധനങ്ങൾ വാങ്ങൽ മാത്രമല്ലെന്ന് എല്ലാവർക്കും അറിയാം. മാളുകൾ വന്നതോടെ വിനോദം ഇടകലർത്തിയാണ് ഇപ്പോൾ വിൽപ്പന. കച്ചവടത്തിനൊപ്പം അൽപ്പം സാഹസികത ഇടകലർത്തിയാലോ എന്ന ചിന്തയാകണം സോണിയെ ഇങ്ങനെയൊരു ലക്ഷ്യത്തിലെത്തിച്ചത്. സോണിയുടെ വാട്ടർ റസിസ്റ്റന്റ് ഫോണുകളുടേയും ടാബുകളുടേയും ബ്രാൻഡിംഗും പദ്ധതിയുടെ ലക്ഷ്യമാണ്.

എക്‌സ്പീരിയ അക്വാടെക് സ്റ്റോർ എന്നാണിത് അറിയപ്പെടുന്നത്. കടലിൽ നാല് മീറ്റർ ആഴത്തിലാണ് ഈ പുത്തൻ വിസ്മയം സ്ഥാപിക്കുന്നത്. കടൽത്തറയിൽ സ്ഥാപിക്കുന്ന ഷോപ്പിൽ ഒരേ സമയം ആറ് പേർക്ക് നിൽക്കാനാകും. ഷോപ്പിംഗിന് എത്തുന്നവർക്ക് ഇതിനുള്ളിൽ ശരിയാംവണ്ണം ശ്വസിക്കാനാകും. ദുബായ് തീരത്തോട് ചേർന്നിട്ടുള്ള ഷോപ്പ് വെറും മൂന്ന് ദിവസം മാത്രമേ തുറക്കുകയുള്ളൂ.

പരിശീലനം നേടിയ മുങ്ങൽ വിദഗ്ദ്ധർ വെള്ളത്തിനടിയിൽ കസ്റ്റമേഴ്‌സിനെ അനുഗമിക്കും. സോണിയുടെ വാട്ടർ റെസിസ്റ്റന്റ് ഫോണും ടാബ്ലറ്റും മറ്റും കടലിനടിയിൽ നിന്നുകൊണ്ട് ബ്രൗസ് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഡിസംബർ 3നാണ് ഷോപ്പ് തുറക്കുക. മൂന്ന് ദിവസത്തിനിടെ ധാരാളം വി.ഐ.പി കളും മാധ്യമപ്രവർത്തകരും ഷോപ്പ് സന്ദർശിക്കാനെത്തും. സീബെഡിൽ വൈ-ഫൈ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.