അബുദാബി ഷോപ്പിംഗ് മാളിലെ കൊലപാതകം: പ്രതി പിടിയിൽ

അബുദാബിയിലെ പ്രമുഖ മാളിൽ അമേരിക്കൻ വനിതയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവതി പിടിയിലായി. യു.എ.ഇ സ്വദേശിനിയായ യുവതിയാണ് പോലീസിന്റെ പിടിയിലായത്.
 | 
അബുദാബി ഷോപ്പിംഗ് മാളിലെ കൊലപാതകം: പ്രതി പിടിയിൽ

 

അബുദാബി: അബുദാബിയിലെ പ്രമുഖ മാളിൽ അമേരിക്കൻ വനിതയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവതി പിടിയിലായി. യു.എ.ഇ സ്വദേശിനിയായ യുവതിയാണ് പോലീസിന്റെ പിടിയിലായത്. യു.എ.ഇ ആഭ്യന്തരമന്ത്രി സെയ്ഫ് ബിൻ സെയ്ദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. അമേരിക്കക്കാരിയായ സ്‌കൂൾ ടീച്ചർ ഇബോളിയ റയാൻ (47) തിങ്കളാഴ്ചയാണ് ക്രൂരമായ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പോലീസ് പുറത്ത് വിട്ടിരുന്നു. പർദ്ദ ധരിച്ച യുവതിയുടെ മുഖം മറച്ച നിലയിലായിരുന്നതിനാൽ ദൃശ്യങ്ങളിൽ ആളെ തിരിച്ചറിയാനായില്ല.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.12ഓടെ മാളിൽ കടന്ന കൊലയാളി ഏകദേശം രണ്ടര മണിക്കൂറോളം മാളിനുള്ളിൽ ചിലവഴിച്ച് 2.44 നാണ് പുറത്ത് കടന്നത്. മാളിന് പുറത്ത് നിന്ന സെക്യൂരിറ്റിയോട് സംസാരിച്ച ശേഷമാണ് കൊലയാളി അകത്ത് കടന്നത്. ലിഫ്റ്റിലൂടെ ഒന്നാം നിലയിലെത്തിയ കൊലയാളി മറ്റൊരാളോട് സംസാരിച്ച ശേഷം ടോയ്‌ലറ്റിന്റെ ഭാഗത്തേക്ക് നീങ്ങി. കുറച്ച് സമയത്തിന് ശേഷം ലിഫ്റ്റിന് സമീപത്തേക്ക് തിരിച്ചെത്തിയ കൊലയാളി സെക്യുരിറ്റിയോട് തിരികെ പോകാനുള്ള വഴി അന്വേഷിച്ച ശേഷം ലിഫ്റ്റിൽ കയറി. അപ്പോഴേക്കും കൊലപാതക വിവരം അറിഞ്ഞ് ആളുകൾ സ്ഥലത്തേക്ക് ഓടിയെത്തി. ഈ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. മാളിന്റെ ഗ്രൗണ്ട് ഫ്‌ളോറിൽ കൊലയാളിയെത്തിയ സമയവും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഗ്രൗണ്ട് ഫ്‌ളോറിലെത്തിയ കൊലയാളി വേഗത്തിൽ പുറത്തേക്ക് കടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി നഗരത്തിലുള്ള അമേരിക്കൻ ഡോക്ടറുടെ വീട്ടിൽ ബോംബ് സ്ഥാപിച്ചതായും റിപ്പോർട്ടുണ്ട്. തുടർന്ന് പോലീസ് സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കിയതായും മന്ത്രി അറിയിച്ചു. യുവതിയെ പോലീസ് വീട്ടിലെത്തി കീഴ്‌പ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. രണ്ട് കുട്ടികളുടെ മാതാവാണ് കൊല്ലപ്പെട്ട റയാൻ.