ഒമാന്‍ തീരത്ത് നിന്ന് ഹിക്ക ആശങ്കയൊഴിഞ്ഞു; ഒറ്റപ്പെട്ട മഴ തുടരും

745 സ്വദേശി പൗരന്മാര്ക്കും പ്രവാസികള്ക്കുമായി ഒമ്പത് അഭയ കേന്ദ്രങ്ങളാണ് അല് വുസ്തയില് തുറന്നിരിക്കുന്നത്.
 | 
ഒമാന്‍ തീരത്ത് നിന്ന് ഹിക്ക ആശങ്കയൊഴിഞ്ഞു; ഒറ്റപ്പെട്ട മഴ തുടരും

മസ്‌കറ്റ്: ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരം വിട്ടു. വലിയ നാശനഷ്ടമാണ് കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കാറ്റിലും മഴയിലും ഒമാനിലുണ്ടായിരിക്കുന്നത്. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവ സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ ഇന്ന് പുറത്തുവിടുമെന്നാണ് ഒമാന്‍ അധികൃതര്‍ നല്‍കുന്ന വിവരം. അതേസമയം ഒറ്റപ്പെട്ട മഴ തുടരുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലും, അല്‍ ഹജര്‍ പര്‍വതങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഹിക്ക ആശങ്ക പൂര്‍ണമായും ഒഴിഞ്ഞതായിട്ടാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. 745 സ്വദേശി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുമായി ഒമ്പത് അഭയ കേന്ദ്രങ്ങളാണ് അല്‍ വുസ്തയില്‍ തുറന്നിരിക്കുന്നത്. ഹിക്ക ഏറ്റവും ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ളതായി കണക്കാക്കിയ പ്രദേശങ്ങളിലെ താമസക്കാരാണ് ദുരിതാശ്വാസ ക്യാംപിലുള്ളത്.

കൃത്യമായ മുന്‍കരുതലുകള്‍ നടപടി സ്വീകരിച്ചതിനാല്‍ ആളപയാമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിര്‍ത്തി വെച്ചിരുന്ന മൗസലത്ത് ബസ് സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. ഹിക്ക ഭീഷണിയുണ്ടായിരുന്ന സ്ഥലങ്ങളിലെ സ്‌കൂളുകള്‍ ഞായറാഴ്ച്ച മുതല്‍ മാത്രമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുക.