ഒമാന്‍ സ്വദേശിവല്‍ക്കരണം വേഗത്തിലാക്കുന്നു; 34000ത്തിലധികം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായി

18.90 ലക്ഷം വിദേശ തൊഴിലാളികളാണ് ഒമാനില് തൊഴിലെടുക്കുന്നത്.
 | 
ഒമാന്‍ സ്വദേശിവല്‍ക്കരണം വേഗത്തിലാക്കുന്നു; 34000ത്തിലധികം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായി

മനാമ: ഒമാന്‍ സ്വദേശിവല്‍ക്കരണ നടപടികള്‍ ശക്തമാക്കിതോടെ തൊഴില്‍ നഷ്ടപ്പെടുന്ന വിദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. സമീപകാലത്ത് ഒമാനില്‍ 34000ത്തിലധികം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായി. ഇന്ത്യ, ഫിലിപ്പൈന്‍സ്, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടമായിരിക്കുന്നത്. സ്വദേശിവല്‍ക്കരണം വേഗത്തിലാക്കുന്ന നടപടിക്രമങ്ങള്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ പതിനായിരങ്ങള്‍ സ്വദേശത്തേക്ക് മടങ്ങേണ്ടി വരും.

അതേസമയം പുതിയ സാഹചര്യത്തില്‍ തൊഴിലാളികളുടെ എണ്ണത്തിലും വന്‍ കുറവുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. സ്വകാര്യ മേഖലയിലാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി. സ്വദേശികള്‍ക്ക് സ്ഥിരം തൊഴില്‍ ഉറപ്പിക്കുകയാണ് പുതിയ നീക്കത്തിലൂടെ ഒമാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഗള്‍ഫ് മേഖലയെ ആശ്രയിക്കുന്ന വിദേശികള്‍ക്ക് ഇത് വലിയ തിരിച്ചടിയാകും. നേരത്തെ 87 തസ്തികകളില്‍ താല്‍ക്കാലിക വിസാ വിലക്ക് അടക്കമുള്ള നടപടികള്‍ക്ക് ഒമാന്‍ തുടക്കമിട്ടിരുന്നു.

മാനവ വിഭവശേഷി മന്ത്രാലയം അവസാനമായി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ നിന്ന് 34266 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ട്. 18.90 ലക്ഷം വിദേശ തൊഴിലാളികളാണ് ഒമാനില്‍ തൊഴിലെടുക്കുന്നത്. 2017 അവസാനം ഇത് 19.24 ലക്ഷമായിരുന്നു.