സൗദി വിമാനത്താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മലപ്പുറം സ്വദേശിക്ക് പരിക്ക്

21 പേര്ക്കാണ് പരിക്കേറ്റത്. ഇതില് രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
 | 
സൗദി വിമാനത്താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മലപ്പുറം സ്വദേശിക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ തെക്കന്‍ പ്രവിശ്യയിലുള്ള അബഹ വിമാനത്താവളത്തിന് നേരെ ഹൂതി ഡ്രോണ്‍ ആക്രമണത്തില്‍ മലപ്പുറം സ്വദേശിക്ക് പരിക്കേറ്റതായി സ്ഥിരീകരണം. ഇയാളുടെ പരിക്ക് സാരമുള്ളതല്ലെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തില്‍ ഒരു സിറിയന്‍ പൗരന്‍ കൊല്ലപ്പെട്ടതായി നേരത്തെ വ്യക്തമായിരുന്നു. 21 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.

ഇന്നലെ രാത്രി 9.10ന് അബഹയില്‍ ലാന്‍ഡ് ചെയ്ത് പാര്‍ക്കിങ്ങിലേക്ക് വരികയായിരുന്ന വിമാനം ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. സ്‌ഫോടക വസ്തു നിറച്ച ഡ്രോണ്‍ വിമാനത്താവളത്തിലെ റസ്റ്റോറന്റില്‍ പതിക്കുകയായിരുന്നു. സൗദി സര്‍ക്കാര്‍ ചാനലായ അല്‍-അറേബ്യയാണ് ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഒരു മാസം മുമ്പ് ഹൂതി വിമതര്‍ ഇതേ വിമാനത്താവളത്തിന് നേരെ നടത്തിയ റോക്കറ്റാക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു.

സൗദിയുടെ ദക്ഷിണ അതിര്‍ത്തി പ്രദേശമായ അസീര്‍ ലക്ഷ്യമാക്കി അഞ്ച് ഡ്രോണുകള്‍ ആക്രമണം നടത്തിയതായി അറബ് സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍ മാലികി ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഈ ആക്രമണത്തില്‍ ആളപായം ഉണ്ടായിട്ടില്ല. അഞ്ച് ഡ്രോണുകളെയും ഫലപ്രദമായി പ്രതിരോധിക്കാന്‍ സൗദി വ്യോമസേനയ്ക്ക് കഴിഞ്ഞതായി തുര്‍ക്കി അല്‍ മാലികി വ്യക്തമാക്കി.

സമീപകാലത്ത് സൗദി ലക്ഷ്യമാക്കി നിരവധി ഡ്രോണുകളാണ് ഹൂതികള്‍ അയച്ചത്. വ്യോമസേന എന്തിനും സജ്ജമാണെന്നും ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്നും സഖ്യസേനാ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ അന്താരാഷ്ട്ര നേതാക്കളുടെ മധ്യസ്ഥതതയില്‍ ഹൂതി-സൗദി സമാധാന ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷേ സൗദി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഹൂതി തള്ളിയതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.