ടെലികോം, ഐ.ടി മേഖലയിലും സ്വദേശിവല്‍ക്കരണം; സൗദിയില്‍ പ്രവാസികള്‍ പ്രതിസന്ധിയിലാകും

രാജ്യത്ത് പ്രവര്ത്തിക്കുന്ന വന്കിട കമ്പനികളിലെല്ലാം സ്വദേശിവല്ക്കരണം നടപ്പിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
 | 
ടെലികോം, ഐ.ടി മേഖലയിലും സ്വദേശിവല്‍ക്കരണം; സൗദിയില്‍ പ്രവാസികള്‍ പ്രതിസന്ധിയിലാകും

റിയാദ്: പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴില്‍ സാഹചര്യമൊരുക്കാന്‍ പദ്ധതിയുമായി സൗദി അറേബ്യ. ടെലികോം, ഐ.ടി മേഖലകളിലും സ്വദേശിവല്‍ക്കരണം കൊണ്ടുവരാനാണ് സൗദി പദ്ധതിയിടുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുക. ഫാര്‍മസി മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ടെലികോം, ഐ.ടി മേഖലകളിലേക്കും പദ്ധതികള്‍ വ്യാപിപ്പിക്കുന്നത്. ഒന്നര ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കായി കണ്ടെത്തുകയാണ് ലക്ഷ്യം.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികളിലെല്ലാം സ്വദേശിവല്‍ക്കരണം നടപ്പിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ ലക്ഷത്തിലധികം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, മലേഷ്യ, ഇന്തോനേഷ്യ, പാകിസ്ഥാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് ഗള്‍ഫിലെ ഐ.ടി, ടെലികോം മേഖലയില്‍ ജോലിയെടുക്കുന്നത്. വന്‍കിട കമ്പനികളിലെല്ലാം വലിയൊരു ശതമാനം പ്രവാസികളാണ്.

അതേസമയം സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ടെലികോം, ഐ.ടി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുമെന്നാണ് സൗദിയുടെ വിശദീകരണം. കമ്യൂണിക്കേഷന്‍ ആന്‍ഡ് ഐ.ടി മന്ത്രാലയമാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. നിതാഖത് പ്രകാരം നടപ്പിലാക്കേണ്ട സ്വദേശിവല്‍ക്കരണ തോത് ഉയര്‍ത്തുകയാണ് ചെയ്യുക.