യുഎഇ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ നിരോധിക്കുന്നു

ഒരുവര്ഷത്തിനകം രാജ്യത്തെ നിരത്തുകളില് നിന്ന് സ്പോര്ട്സ് യൂട്ടിലിറ്റി വാഹനങ്ങള് പൂര്ണമായും ഒഴിവാക്കാന് യുഎഇ ലക്ഷ്യമിടുന്നു. സ്പോര്ട്സ് കാറുകളുടെയും ജീപ്പുകളുടെയും സവിശേഷതകളുളള വമ്പന് വാഹനങ്ങളെയാണ് എസ് യുവി ഗ്രൂപ്പില് ഉള്പ്പെടുത്തിയിട്ടുളളത്.
 | 

യുഎഇ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ നിരോധിക്കുന്നു

ദുബായ്: ഒരുവര്‍ഷത്തിനകം രാജ്യത്തെ നിരത്തുകളില്‍ നിന്ന് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ യുഎഇ ലക്ഷ്യമിടുന്നു. സ്‌പോര്‍ട്‌സ് കാറുകളുടെയും ജീപ്പുകളുടെയും സവിശേഷതകളുളള വമ്പന്‍ വാഹനങ്ങളെയാണ് എസ് യുവി ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന അന്തരീക്ഷ മലിനീകരണത്തിന്റെയും റോഡുകളിലെ ഗതാഗതക്കുരുക്കിന്റെയും പശ്ചാത്തലത്തിലാണ് പുതിയ നീക്കം. രണ്ട് മീറ്ററിലധികം വീതിയും ആറ് മീറ്ററോളം നീളവുമുളള ഇത്തരം വാഹനങ്ങള്‍ രാജ്യത്തെ റോഡുകളിലുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല. പരിസ്ഥിതിക്കിണങ്ങിയ കൂടുതല്‍ വാഹനങ്ങള്‍ റോഡിലിറക്കാനും തീരുമാനമുണ്ട്.

ഈ തീരുമാനത്തോട് രാജ്യത്ത് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായിട്ടുളളത്. വാഹന ഉടമകളും ഡ്രൈവര്‍മാരും സര്‍ക്കാര്‍ തീരുമാനത്തെ ശക്തമായി നേരിടാനുളള തയാറെടുപ്പിലാണ്. തങ്ങളുടെ പ്രിയ വാഹനങ്ങള്‍ ഉപേക്ഷിക്കേണ്ടി വരികയാണെങ്കില്‍ രാജ്യം വിടുമെന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്. അതേസമയം ശരിയായ ദിശയിലുളള തീരുമാനമാണ് ഇതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

വലിയ വാഹനങ്ങള്‍ മാറ്റി വാങ്ങണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുളളത്. ചിലര്‍ ഇതിന് തയാറായിട്ടുണ്ട്. അതേസമയം ഏത് തരം എഞ്ചിനുകളാണ് നിരോധനത്തിനുളളില്‍ വരുന്നതെന്ന കാര്യം അധികൃതര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. വാഹനങ്ങള്‍ മാറ്റി വാങ്ങുന്നതില്‍ വീഴ്ച വരുത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കാനും പദ്ധതിയുണ്ട്.

പുതിയ നിയമം അടുത്ത ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. അതിന് മുമ്പ് വാഹനങ്ങളുടെ കൈമാറ്റം പൂര്‍ത്തിയായിരിക്കണമെന്നാണ് നിബന്ധന. കഴിഞ്ഞ പത്ത് വര്‍ഷമായി എസ് യു വാഹനങ്ങള്‍ക്ക് രാജ്യത്ത് പ്രിയമേറിയിരിക്കുകയാണ്. പുതിയ തീരുമാനം ഇന്ധന സബ്‌സിഡിയിലും രാജ്യത്തിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.