ജനിതക മാറ്റം വരുത്തിയ വിളകളുടെ കൃഷി സ്‌കോട്ട്‌ലന്‍ഡ് നിരോധിക്കും; ഇംഗ്ലണ്ടിലെ കൃഷിക്ക് യൂറോപ്യന്‍ യൂണിയന്‍ അനുമതി

വിവാദമായ ജനിതമാറ്റം വരുത്തിയ വിത്തുകള്ക്ക് സ്കോട്ട്ലന്റില് നിരോധനം. യൂറോപ്യന് യൂണിയന് അംഗീകരിച്ച ജിഎം വിത്തുകള് കൃഷി ചെയ്യാന് തന്റെ രാജ്യം തയ്യാറല്ലെന്ന് റൂറല് അഫയേഴ്സ് സെക്രട്ടറി റിച്ചാര്ഡ് ലോക്ഹീഡ് വ്യക്തമാക്കി. അതേസമയം സര്ക്കാര് നിലപാടിനെതിരെ കര്ഷകര് നേരിട്ട് രംഗത്തെത്തിയിരിക്കുകയാണിപ്പോള്. ഇതിന്റെ ഫലമായി രാജ്യത്തെ കാര്ഷികമേഖല ബുദ്ധിമുട്ടുമെന്നാണ് ഇവരുടെ നിരീക്ഷണം. ഇക്കൊല്ലം ആദ്യം നിലവില് വന്ന യൂറോപ്യന് യൂണിയന് നിയമപ്രകാരം ജിഎം വിളകള് ഉപയോഗിക്കണമോ എന്ന കാര്യത്തില് അംഗരാജ്യങ്ങള്ക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാം.
 | 

ജനിതക മാറ്റം വരുത്തിയ വിളകളുടെ കൃഷി സ്‌കോട്ട്‌ലന്‍ഡ് നിരോധിക്കും; ഇംഗ്ലണ്ടിലെ കൃഷിക്ക് യൂറോപ്യന്‍ യൂണിയന്‍ അനുമതി

ലണ്ടന്‍: വിവാദമായ ജനിതമാറ്റം വരുത്തിയ വിത്തുകള്‍ക്ക് സ്‌കോട്ട്‌ലന്റില്‍ നിരോധനം. യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച ജിഎം വിത്തുകള്‍ കൃഷി ചെയ്യാന്‍ തന്റെ രാജ്യം തയ്യാറല്ലെന്ന് റൂറല്‍ അഫയേഴ്‌സ് സെക്രട്ടറി റിച്ചാര്‍ഡ് ലോക്ഹീഡ് വ്യക്തമാക്കി. അതേസമയം സര്‍ക്കാര്‍ നിലപാടിനെതിരെ കര്‍ഷകര്‍ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഇതിന്റെ ഫലമായി രാജ്യത്തെ കാര്‍ഷികമേഖല ബുദ്ധിമുട്ടുമെന്നാണ് ഇവരുടെ നിരീക്ഷണം.
ഇക്കൊല്ലം ആദ്യം നിലവില്‍ വന്ന യൂറോപ്യന്‍ യൂണിയന്‍ നിയമപ്രകാരം ജിഎം വിളകള്‍ ഉപയോഗിക്കണമോ എന്ന കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാം. ഇവ സുരക്ഷിതമാണെന്ന് യൂറോപ്യന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി വ്യക്തമാക്കിയിട്ടുമുണ്ട്. നിരവധി ജിഎം കമ്പനികളുമായുളള രഹസ്യ ചര്‍ച്ചകള്‍ക്ക് ശേഷം ഇവ രാജ്യത്ത് വളര്‍ത്താന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റും തയാറായി. എന്നാല്‍ സ്‌കോട്ട്‌ലന്റ്, വെയില്‍സ്, ഉത്തര അയര്‍ലന്റ് തുടങ്ങിയ ഇടങ്ങളില്‍ നിന്നുളള രാഷ്ട്രീയക്കാര്‍ ഈ തീരുമാനത്തെ ശക്തിയായി എതിര്‍ത്തു.
ജിഎം വിളകളെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് നേരത്തെ കൃഷി മന്ത്രി ജോര്‍ജ് യൂസ്റ്റിസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോട് നാം ഒരു ശാസ്ത്രീയ സമീപനം പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നാം ഈ വിത്തുകള്‍ വളര്‍ത്തണമെന്നും ബര്‍മിംഗ്ഹാമില്‍ നടന്ന ദേശീയ കര്‍ഷക യൂണിയന്‍ കോണ്‍ഫറന്‍സില്‍ അദ്ദേഹം നിര്‍ദേശിച്ചു.

ചര്‍ച്ചകളെ ചെളിവാരിയെറിയാന്‍ അശാസ്ത്രീയ വാദങ്ങള്‍ നിരത്തരുതെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കിയിരുന്നു. അമേരിക്കയിലും ഏഷ്യയിലും വ്യാപകമായി ജിഎം വിത്തുകള്‍ ഉപയോഗിക്കുന്നുണ്ട്. അതേസമയം യൂറോപ്യന്‍ യൂണിയനിലെ ഒമ്പത് അംഗങ്ങള്‍ ഇതുപയോഗിച്ച് കൃഷി ചെയ്യുന്നതിനെ എതിര്‍ക്കുന്നു. രാജ്യത്തെ ശുദ്ധമായ ഹരിതാഭ സംരക്ഷിക്കാനായി തങ്ങള്‍ ഇവ ഉപേക്ഷിക്കുന്നുവെന്നാണ് ലോക്ഹീഡ് പറയുന്നത്. അതേസമയം നിരോധനം തന്നെ നിരാശപ്പെടുത്തിയെന്നാണ് സ്‌കോട്ട്‌ലന്റ് എന്‍എഫ് യു ചീഫ് എക്‌സിക്യൂട്ടീവ് സ്‌കോട്ട് വാക്കര്‍ പറയുന്നത്. സ്‌കോട്ട്‌ലന്റിന്റെ പരിസ്ഥിതി സംരക്ഷിച്ച് കൊണ്ട് തന്നെ സുസ്ഥിര കാര്‍ഷിക വ്യവസ്ഥ പ്രദാനം ചെയ്യാന്‍ ഇവയ്ക്ക് കഴിഞ്ഞേനെയെന്നും അദ്ദേഹം പറയുന്നു.

സ്‌കോട്ടിഷ് ഉപയോക്താക്കള്‍ക്ക് ജിഎം വിളകള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടില്ല. ഇവ കൃഷിചെയ്യാന്‍ അനുവദിച്ചാല്‍ തങ്ങളുടെ കാര്‍ഷിക ഉത്പന്നങ്ങളുടെ മുഖമുദ്ര തന്നെ ഇല്ലാതാകും 1400 കോടിപൗണ്ട് വരുന്ന ഭക്ഷ്യപാനീയ മേഖലയെ തന്നെ ഇത് തച്ച് തകര്‍ക്കും. പ്രകൃതിദത്തം എന്ന വിശ്വാസമാണ് സ്‌കോട്ടിഷ് ഭക്ഷണ പാനീയങ്ങളെ രാജ്യത്തിനകത്തും പുറത്തും സ്വീകാര്യമാക്കുന്നത്. ഇതിന് പുറമെ ഗുണമേന്‍മയും വിലനിലവാരവും ജനങ്ങളെ ആകര്‍ഷിക്കുന്നു.

കണ്‍സര്‍വേറ്റീവുകളും ലേബറുകളും ലിബറല്‍ ഡെമോക്രാറ്റുകളും ജിഎം വിളകളെ പിന്തുണയ്ക്കുന്നവരാണ്. അതേസമയം സ്‌കോട്ട്‌ലന്റ്, വെയില്‍സ്, വെസ്റ്റ് മിനിസ്റ്റര്‍ സ്‌റ്റേറ്റുകളിലെ ഭരണകര്‍ത്താക്കള്‍ ഇവയെ എതിര്‍ക്കുന്നു. പുതിയ യൂറോപ്യന്‍ യൂണിയന്‍ നിയമപ്രകാരം ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ എല്ലാ അംഗരാജ്യങ്ങളും ജിഎം വിളകളെ എതിര്‍ത്താലും വെസ്റ്റ് മിനിസ്റ്റര്‍ സര്‍ക്കാരിന് ഇത് വളര്‍ത്താനാകും. നിരോധനത്തെ പരിസ്ഥിതി എംഎസ്പി അലിസണ്‍ ജോണ്‍സ്‌റ്റോണ്‍ സ്വാഗതം ചെയ്തു. ജിഎം ഭക്ഷ്യോത്പന്നങ്ങള്‍ ഉപയോഗിച്ച് തയാറാക്കുന്ന കാലിത്തീറ്റ തയാറാക്കുന്ന കമ്പനികള്‍ക്ക് നേരെയും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തുന്നു. ഇത് മാറ്റാന്‍ കമ്പനികളെ ഉപദേശിക്കണമെന്നും അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെടുന്നു.

ഉപഭോക്താക്കളുടെ ഇടയിലും ജിഎം വിളകളുടെ ഉപയോഗം ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇത് പരിസ്ഥിതിയെ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. വടക്കേ അമേരിക്കയില്‍ ജിഎംവിത്തുകള്‍ ഉപയോഗിച്ച് വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങിയതാണ് തങ്ങള്‍ക്ക് തിരിച്ചടിയായതെന്ന് ജൈവകര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും ആരോപിക്കുന്നു. വന്‍തോതില്‍ ഫലം തരുന്ന ഇവയെ അക്രമിക്കുന്ന കീടങ്ങളെ തുരത്താന്‍ കൂടുതല്‍ മാരകമായ വിഷങ്ങളും ഉപയോഗിക്കേണ്ടി വരുന്നു. ഉപകാരികളായ പല കീടങ്ങളെയും ഈ കീടനാശിനിപ്രയോഗം ഇല്ലാതാക്കുന്നുമുണ്ട്. മൊണാര്‍ക്ക് ശലഭങ്ങള്‍ പോലുളളവ വന്‍ ഭീഷണിയാണ് നേരിടുന്നത്.

ജിഎം വിളകള്‍ എല്ലാത്തരം ജൈവ വിളകളെയും തേനിനെയും ബാധിക്കുമെന്നും വിമര്‍ശകര്‍ ഭയക്കുന്നു. ഇത് മുഴുവന്‍ ഭക്ഷ്യശൃംഖലയെയും കലുഷമാക്കുകയും ചെയ്യും. മോണ്‍സാന്റോയുടെയും സിന്‍ഗെന്റയുടെയും പരീക്ഷണ ശാലകളില്‍ ഉടലെടുത്ത വിത്തുകളാണ് ആദ്യം ഈ രംഗത്ത് ഉപയോഗിക്കാന്‍ തുടങ്ങിയത്. കീടങ്ങളില്‍ നിന്നും കളകളില്‍ നിന്നും മറ്റും സ്വയം സംരക്ഷിക്കുന്നവയായിരുന്നു ഇവ. ജിഎം വിളകള്‍ ഉപയോഗിച്ചാണ് ചില സൂപ്പര്‍മാര്‍ക്കറ്റുകളിലെയും ഫാസ്റ്റ് ഫുഡ് ശൃംഖലയിലെയും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തയാറാക്കുന്നതെന്നും വെളിവായിട്ടുണ്ട്.