ബ്രിട്ടണ്‍ പലിശനിരക്ക് കുറയ്ക്കണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധന്‍

രാജ്യം സാമ്പത്തിക വളര്ച്ച കൈവരിക്കണമെങ്കില് പലിശ നിരക്ക് വെട്ടിക്കുറയ്ക്കണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുഖ്യസാമ്പത്തിക വിദഗ്ദ്ധന് ആന്ഡി ഹാള്ഡെയ്ന്. ലോകം സാമ്പത്തിക പ്രതിസന്ധിയുടെ മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നതിനുളള സൂചനകള് നല്കിക്കൊണ്ടിരിക്കുകയാണ്.
 | 
ബ്രിട്ടണ്‍ പലിശനിരക്ക് കുറയ്ക്കണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധന്‍

ലണ്ടന്‍: രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിക്കണമെങ്കില്‍ പലിശ നിരക്ക് വെട്ടിക്കുറയ്ക്കണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുഖ്യസാമ്പത്തിക വിദഗ്ദ്ധന്‍ ആന്‍ഡി ഹാള്‍ഡെയ്ന്‍. ലോകം സാമ്പത്തിക പ്രതിസന്ധിയുടെ മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നതിനുളള സൂചനകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇത് മറികടക്കണമെങ്കില്‍ പലിശ നിരക്കില്‍ ഗണ്യമായ കുറവ് ഉണ്ടായേ മതിയാകൂ. ആഭ്യന്തര സാമ്പത്തികരംഗത്തെ മാന്ദ്യവും ചൈനയില്‍ നിന്ന് ആഗോള സാമ്പത്തികരംഗം നേരിടുന്ന വെല്ലുവിളികളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടനെ കരകയറ്റണമെങ്കില്‍ പരമ്പരാഗത മാര്‍ഗങ്ങളില്‍ നിന്ന് വ്യതിചലിക്കേണ്ടതുണ്ട്. ബാങ്ക് ഗവര്‍ണര്‍ മാര്‍ക് കാര്‍ണെയുടേതിന് കടകവിരുദ്ധമാണ് ഈ അഭിപ്രായങ്ങളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അടുത്ത കൊല്ലം ആദ്യം മുതല്‍ തന്നെ പലിശ നിരക്കില്‍ 0.5ശതമാനം വര്‍ദ്ധന വേണമെന്ന പക്ഷക്കാരനാണ് കാര്‍ണെ.

ഹാള്‍ഡെന്റെ അഭിപ്രായത്തോട് വാടകവീടുകളില്‍ നിക്ഷേപം നടത്തിയിരിക്കുന്നവര്‍ യോജിക്കുന്നു. എന്നാല്‍ സേവിംഗ്‌സ് പദ്ധതികളില്‍ പണം നിക്ഷേപിച്ചിരിക്കുന്നവര്‍ ഇതിനോട് അത്ര അനുകൂലമായല്ല പ്രതികരിക്കുന്നത്. നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശയും വരുമാനവും ലഭിക്കമെന്ന പക്ഷക്കാരാണ് ഇവര്‍. ധനകാര്യമന്ത്രി ജോര്‍ജ് ഓസ്‌ബോണിനും ഈ നിര്‍ദേശം അത്ര കണ്ട് ദഹിക്കില്ലെന്നാണ് സൂചന.

അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്ക് പുതുക്കിയ പലിശ നിരക്ക് പ്രഖ്യാപിക്കുന്നത് മാറ്റി വച്ചതിന് പിന്നാലെയാണ് ഹാള്‍ഡെയ്‌ന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ബ്രിട്ടന്റെ പലിശ നിരക്ക് തീരുമാനിക്കുന്ന സമിതിയിലെ ഒന്‍പതംഗങ്ങളില്‍ ഒരാളാണ് ഇദ്ദേഹം. ബ്രിട്ടണിലെ പണപ്പെരുപ്പം ഉയര്‍ന്ന നിലയിലാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇത് കുറച്ച് കൊണ്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഏതായാലും ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബ്രിട്ടണ്‍ പലിശ നിരക്ക് കുറയ്ക്കാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു. സാമ്പത്തിക നയങ്ങളെ കൂടുതല്‍ സ്വതന്ത്രമാക്കാനാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്.

ചൈനയിലെയും ഗ്രീസിലെയും പ്രശ്‌നങ്ങള്‍ കാണാതെ പോകരുതെന്നും ഹാള്‍ഡെയ്ന്‍ പറയുന്നു. ഈ രാജ്യങ്ങളിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കഴിഞ്ഞ ഒരു ദശകമായി ആഗോള സമ്പദ്ഘടനയിലും പ്രതിഫലിക്കുന്നുണ്ട്. ആദ്യഘട്ട സാമ്പത്തിക മാന്ദ്യം 2008ല്‍ ഉണ്ടായ ആംഗ്ലോ സാക്‌സണ്‍ പ്രതിസന്ധിയായിരുന്നു. രണ്ടാം ഘട്ടത്തില്‍ 2011-12ലെ യൂറോ ഏരിയ പ്രതിസന്ധിയുണ്ടായി. മൂന്നാം ഘട്ടത്തില്‍ 2015 മുതല്‍ ഉടലെടുത്തുകൊണ്ടിരിക്കുന്ന വിപണിപ്രതിസന്ധിയാണെന്നും അദ്ദേഹം പറയുന്നു. ഇക്കൊല്ലം രണ്ടാം പകുതി വരെ രാജ്യത്തെ വളര്‍ച്ച മന്ദഗതിയിലായിരിക്കും. രണ്ടാം പാദത്തില്‍ തൊഴില്‍ രംഗത്ത് ഒരു തകര്‍ച്ച ഉണ്ടാകാം. പിന്നീട് വളര്‍ച്ചയിലും മാന്ദ്യം അനുഭവപ്പെടും. നിര്‍മാണ ഉത്പാദന സേവന മേഖലകളില്‍ ഇതിനകം തന്നെ മാന്ദ്യം കണ്ടു തുടങ്ങിയിട്ടുണ്ട്.

ഏതായാലും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിലാദ്യമായാണ് നെഗറ്റീവ് പലിശ നിരക്ക് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുളളത്. സ്ഥിരമായി പലിശ നിരക്ക് കുറയ്ക്കണമെന്ന് തന്നെയാണ് ഹാള്‍ഡെയ്‌ന്റെ അഭിപ്രായം. ബാങ്ക് ഡിജിറ്റല്‍ കറന്‍സി ഇറക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. വിര്‍ച്വല്‍ കറന്‍സിയായ ബിറ്റ്‌കോയിനുമായി സാമ്യം പുലര്‍ത്തുന്ന കറന്‍സി എന്നതാണ് ഇദ്ദേഹത്തിന്റെ നിര്‍ദേശം. കേന്ദ്രബാങ്കിന് കറന്‍സിയുടെ കാര്യത്തില്‍ വലിയൊരു കുതിച്ച് ചാട്ടത്തിനുളള സമയമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.