കുട്ടിയുടുപ്പ് ഇട്ടതിന് ഒബാമയുടെ മകളെ വിമർശിച്ച ഉദ്യോഗസ്ഥ രാജിവച്ചു

യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പെൺമക്കൾ മാന്യമായി വസ്ത്രം ധരിച്ചില്ലെന്ന ആരോപണം ഉന്നയിച്ച റിപ്പബ്ലിക്കൻ പാർട്ടി വക്താവ് എലിസബത്ത് ലൗഡൻ രാജിവച്ചു. സംഭവം വിവാദമായതോടെയാണ് എലിസബത്ത് ഖേദപ്രകടനം നടത്തിയ ശേഷം രാജിവച്ചത്.
 | 

കുട്ടിയുടുപ്പ് ഇട്ടതിന് ഒബാമയുടെ മകളെ വിമർശിച്ച ഉദ്യോഗസ്ഥ രാജിവച്ചു
വാഷിംഗ്ടൺ:
യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പെൺമക്കൾ മാന്യമായി വസ്ത്രം ധരിച്ചില്ലെന്ന ആരോപണം ഉന്നയിച്ച റിപ്പബ്ലിക്കൻ പാർട്ടി വക്താവ് എലിസബത്ത് ലൗഡൻ രാജിവച്ചു. സംഭവം വിവാദമായതോടെയാണ് എലിസബത്ത് ഖേദപ്രകടനം നടത്തിയ ശേഷം രാജിവച്ചത്.

ഒബാമയ്ക്കും മിഷേൽ ഒബാമയ്ക്കും ഒപ്പം പെൺമക്കളായ സാഷയും മലിയയും മിനിസ്‌കർട്ട് ധരിച്ച് താങ്ക്‌സ് ഗിവിങ് ദിനത്തിന് എത്തിയതാണ് എലിസബത്തിനെ ചൊടിപ്പിച്ചത്. ബാറിൽ പോകുമ്പോൾ ധരിക്കേണ്ട വസ്ത്രമാണ് കുട്ടികൾ ധരിച്ചിരുന്നതെന്നും സാഹചര്യത്തിനു ചേർന്ന രീതിയിൽ വസ്ത്രം ധരിക്കണമെന്നും പറഞ്ഞ് എലിസബത്ത് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദത്തിന് കാരണമായത്.

‘മാന്യമായി വേണം വസ്ത്രം ധരിക്കാൻ. അത് കണ്ട് ആളുകൾക്ക് ബഹുമാനം തോന്നണം. അമേരിക്കൻ പ്രസിഡണ്ടിന്റെ മകളാണ് എന്ന കാര്യം ഓർമ വേണം. വൈറ്റ് ഹൗസിനെ ബഹുമാനിക്കാനെങ്കിലും ശ്രദ്ധിക്കണം’ എലിസബത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പോസ്റ്റ് വിവാദമായതോടെ എലിസബത്ത് അത് ഡിലീറ്റ് ചെയ്‌തെങ്കിലും പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങിയിരുന്നു. പോസ്റ്റ് വിവാദമായതോടെ എലിസബത്തിനെ പുറത്താക്കണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യമുയർന്നു. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണമെന്നും എലിസബത്ത് വിവാദത്തോട് പ്രതികരിച്ചിരുന്നു. തുടർന്ന് പാർട്ടി പദവിയിൽ നിന്ന് രാജിവക്കുകയായിരുന്നു.