കുടിയേറ്റക്കാരെ ആകർഷിക്കാനായി പുതിയ പാക്കേജുകളുമായി അമേരിക്ക

അമേരിക്കൻ കുടിയേറ്റ നിയമത്തിൽ ഇളവുകളുമായി ഒബാമ ഭരണകൂടം. ഉയർന്ന കഴിവുകൾ പ്രകടിപ്പിക്കുന്ന താത്ക്കാലിക കുടിയേറ്റക്കാരുടെ പങ്കാളികൾക്ക് കൂടി അമേരിക്കയിൽ ജോലി നൽകാനാണ് ഒബാമ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച നിയമനിർമാണ ശുപാർശകൾ പാർലമെന്റിൽ വച്ച് കഴിഞ്ഞു.
 | 
കുടിയേറ്റക്കാരെ ആകർഷിക്കാനായി പുതിയ പാക്കേജുകളുമായി അമേരിക്ക

വാഷിംഗ്ടൺ: അമേരിക്കൻ കുടിയേറ്റ നിയമത്തിൽ ഇളവുകളുമായി ഒബാമ ഭരണകൂടം. ഉയർന്ന കഴിവുകൾ പ്രകടിപ്പിക്കുന്ന താത്ക്കാലിക കുടിയേറ്റക്കാരുടെ പങ്കാളികൾക്ക് കൂടി അമേരിക്കയിൽ ജോലി നൽകാനാണ് ഒബാമ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച നിയമനിർമാണ ശുപാർശകൾ പാർലമെന്റിൽ വച്ച് കഴിഞ്ഞു.

ശാസ്ത്ര-സാങ്കേതിക രംഗത്ത് അതിപ്രാഗത്ഭ്യം പ്രകടിപ്പിക്കുന്നവരെ ആകർഷിക്കാനാണ് ഇത്തരമൊരു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അമേരിക്കയുടെ സാമ്പത്തിക രംഗത്ത് കൂടുതൽ സംഭാവന നൽകുന്നവരെ ഇതുവഴി സഹായിക്കാനും തങ്ങൾക്ക് കഴിയുമെന്ന് ഇവർ പറയുന്നു. അമേരിക്കയുടെ പുതിയ തീരുമാനം ഇന്ത്യ, ചൈന, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളള കുടിയേറ്റക്കാർക്ക് ഏറെ സഹായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. എച്ച്.1.ബി എന്ന താത്ക്കാലിക വീസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്നവരുടെ ജീവിത പങ്കാളികൾ, വിദ്യാഭ്യാസവും കഴിവും ഉളളവരായിരിക്കും. എന്നാൽ ഇവർക്ക് ഇവിടെ തൊഴിലെടുക്കാൻ അമേരിക്ക അവസരം നൽകാറില്ല. ഇത് മൂലം ഇവരുടെ തൊഴിൽ ഭാവി ഇരുളടയുകയാണ് പതിവ്. ഇത് അവസാനിപ്പിക്കാനാണ് പുതിയ തീരുമാനം. ഇത്തരക്കർക്കും തൊഴിൽ ചെയ്യാൻ കഴിയും വിധം വിസ ലഭിക്കും എന്നതാണ് നിയമ പരിഷ്‌കാരത്തിന്റെ പ്രത്യേകത.

അമേരിക്കയുടെ പുതിയ തീരുമാനത്തെ ഹൈടെക് മുതലാളിമാർ സ്വാഗതം ചെയ്തു. ഇത് സാമ്പത്തിക രംഗത്ത് നല്ല ഫലങ്ങളുണ്ടാക്കുമെന്നാണ്, ഏറ്റവും കൂടുതൽ എച്ച്.1.ബി വീസ നൽകുന്ന മൈക്രോസോഫ്റ്റിന്റെ പ്രതികരണം. ഇക്കൊല്ലം അവസാനം തന്നെ നിയമം പ്രാബല്യത്തിലാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.