യുക്മ ദേശീയ കായികമേളയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

ഇതാദ്യമായാണ് യുക്മ ദേശീയ കായികമേള മാറ്റിവക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്.
 | 
യുക്മ ദേശീയ കായികമേളയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

ലണ്ടന്‍: പ്രതികൂല കാലാവസ്ഥാ പ്രവചങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റിവെച്ച യുക്മ ദേശീയ കായികമേളയുടെ പുതുക്കിയ തീയതിയും സ്ഥലവും പ്രഖ്യാപിച്ചു. ജൂലൈ 13ന് മിഡ്ലാന്‍ഡ്സിലെ നൈനീറ്റനാണ് ഇത്തവണ കായികമേളക്ക് വേദിയാവുക. ഇതാദ്യമായാണ് യുക്മ ദേശീയ കായികമേള മാറ്റിവക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്.

നേരത്തെ പ്രഖ്യാപിച്ചിരുന്ന ദിവസം കാലാവസ്ഥ നിരീക്ഷകര്‍ കനത്ത മഴ പ്രവചിച്ച സാഹചര്യത്തിലാണ് മേള മാറ്റിവച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിച്ചേരുന്ന കായിക താരങ്ങള്‍ക്ക് സൗകര്യപ്രദമായവിധം സ്ഥലവും സമയവും പുനര്‍ നിശ്ചയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള പ്രതികരിച്ചു.

റീജിയണല്‍ തലത്തില്‍ പ്രഖ്യാപിച്ചിരുന്ന എല്ലാ മേഖലാ കായികമേളകള്‍ നേരത്തെ സമയ ബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നു. റീജിയണല്‍ മത്സരങ്ങളിലെ വിജയികളാവും ജൂലൈ 13ന് മിഡ്ലാന്‍ഡ്സില്‍ മാറ്റുരയ്ക്കുക. ഈ വര്‍ഷം വടംവലി മത്സരങ്ങള്‍ ഓണാഘോഷങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തില്‍ റിലേ മത്സരങ്ങള്‍ മാത്രമായിരിക്കും ഗ്രൂപ്പിനങ്ങളില്‍ ദേശീയ മേളയില്‍ ഉണ്ടാവുക.

കായികമേള സംഘടിപ്പിക്കാന്‍ കഴിയാതെവന്ന റീജിയണുകളില്‍ നിന്നുള്ള കായികതാരങ്ങള്‍ക്കും, നിബന്ധനകളുടെ അടിസ്ഥാനത്തില്‍, ദേശീയ മേളയില്‍ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചിട്ടുണ്ട്.