മംഗൾയാന്റെ പരീക്ഷണ ജ്വലനം വിജയം

ചൊവ്വാ പ്രവേശനത്തിനൊരുങ്ങുന്ന മംഗൾയാന്റെ പരീക്ഷണ ജ്വലനം വിജയകരം. ചൊവ്വാപഥത്തിലേക്ക് പൂർണമായി എത്തിക്കുന്നതിന് മുമ്പുള്ള ലാം എഞ്ചിൻ പരീക്ഷണമാണ് ഐ.എസ്.ആർ.ഒ അധികൃതർ വിജയകരമായി പൂർത്തിയാക്കിയത്. നാലു സെക്കൻഡാണ് ലിക്വിഡ് അപ്പോജി മോട്ടോർ അഥവാ ലാം എഞ്ചിൻ ജ്വലിപ്പിച്ചത്. ഇതോടെ ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിലെ നിർണായക കടമ്പയാണ് പൂർത്തിയായത്.
 | 

ബംഗളൂർ: ചൊവ്വാ പ്രവേശനത്തിനൊരുങ്ങുന്ന മംഗൾയാന്റെ പരീക്ഷണ ജ്വലനം വിജയകരം. ചൊവ്വാപഥത്തിലേക്ക് പൂർണമായി എത്തിക്കുന്നതിന് മുമ്പുള്ള ലാം എഞ്ചിൻ പരീക്ഷണമാണ് ഐ.എസ്.ആർ.ഒ അധികൃതർ വിജയകരമായി പൂർത്തിയാക്കിയത്. നാലു സെക്കൻഡാണ് ലിക്വിഡ് അപ്പോജി മോട്ടോർ അഥവാ ലാം എഞ്ചിൻ ജ്വലിപ്പിച്ചത്. ഇതോടെ ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിലെ നിർണായക കടമ്പയാണ് പൂർത്തിയായത്.

പരീക്ഷണം വിജയകരമായെന്നും ജ്വലനത്തിനുള്ള നിർദേശം നൽകി 12 മിനിറ്റിനുള്ളിൽ ഫലം ലഭിച്ചെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. പത്തുമാസമായി പ്രവർത്തിക്കാതിരിക്കുന്ന മോട്ടോറിനെ വീണ്ടും ജ്വലിപ്പിക്കുകയെന്നതായിരുന്നു ശാസ്ത്ര ലോകത്തിന്റെ വെല്ലുവിളി. പേടകത്തിലെ സ്വയം നിയന്ത്രിത കമ്പ്യൂട്ടർ ഉപയോഗിച്ചാണ് എഞ്ചിൻ പ്രവർത്തിപ്പിച്ചത്.

പകൽ 11.30-ഓടെ പേടകം ചൊവ്വയുടെ അഞ്ചുലക്ഷം കിലോമീറ്റർ അടുത്തേക്കെത്തിയിരുന്നു. ബുധനാഴ്ച രാവിലെ മംഗൾയാൻ ചൊവ്വയുടെ പൂർണ ഭ്രമണപഥത്തിലേക്ക് എത്തും. ചൊവ്വയുടെ ആകർഷണപരിധിയിലേക്ക് അതിവേഗം കുതിക്കുന്ന പേടകത്തിന്റെ വേഗം കുറയ്ക്കുന്നത് ലിക്വിഡ് മോട്ടോർ ജ്വലിപ്പിച്ചാണ്. 24 മിനിറ്റാണ് ജ്വലനം. ഇതിന് കഴിഞ്ഞില്ലെങ്കിൽ പേടകം അനന്തതയിലേക്ക് മറയുകയോ തകർന്നുവീഴുകയോ ചെയ്യും. ചൊവ്വയുടെ പൂർണ ആകർഷണപരിധിയിലാകുന്നതോടെ മംഗൾയാന്റെ വേഗം വീണ്ടും വർധിക്കും. ഇതിനിടെ പേടകത്തെ 180 ഡിഗ്രി ചരിച്ച് എതിർദിശയിൽ നിന്ന് ലിക്വിഡ് മോട്ടോർ ജ്വലിപ്പിച്ച് വേഗം കുറയ്ക്കും. സെക്കൻഡിൽ 1.11 കിലോമീറ്ററിലേക്ക് കുറയ്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.