വിരമിക്കാന്‍ സമയമായില്ലെന്ന് അറിയിച്ചവര്‍ക്ക് നന്ദി! അമ്പാട്ടി റായിഡു തിരിച്ചുവരുന്നു

2019-20 സീസണിലേക്കുള്ള ടി-20 ടീമില് റായിഡുവിനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് ഉള്പ്പെടുത്തിയിട്ടുണ്ട്.
 | 
വിരമിക്കാന്‍ സമയമായില്ലെന്ന് അറിയിച്ചവര്‍ക്ക് നന്ദി! അമ്പാട്ടി റായിഡു തിരിച്ചുവരുന്നു

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു സജീവ ക്രിക്കറ്റിലേക്ക് തിരികെയെത്തുന്നു. താരം ഹൈദരാബാദിന് വേണ്ടി വീണ്ടും പാഡണിയുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റുകളിലും കളിക്കും. വിരമിക്കലിന് പ്രായമായില്ലെന്ന് പറഞ്ഞ് കൂടെ നിന്നവര്‍ക്ക് താരം നന്ദി അറിയിച്ചു. 2019-20 സീസണിലേക്കുള്ള ടി-20 ടീമില്‍ താരത്തെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെയാണ് റായിഡു അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

റായിഡുവിന്റെ വിരമിക്കല്‍ പ്രഖ്യാപനം ഞെട്ടലോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. വി.വി.എസ് ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങള്‍ റായിഡുവിന് പിന്തുണയുമായി രംഗത്ത് വന്നു. ‘വിഷമഘട്ടത്തില്‍ പിന്തുണച്ച, ഇനിയും ക്രിക്കറ്റ് എന്നില്‍ ബാക്കിയുണ്ടെന്ന് ബോധ്യപ്പെടുത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനും വിവിഎസ് ലക്ഷ്മണിനും നോയല്‍ ഡേവിഡിനും നന്ദിയറിക്കുന്നു.’ റായിഡു മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയുടെ മികച്ച മധ്യനിര താരമായ റായിഡു ലോകകപ്പിലെ ടീമില്‍ ഉള്‍പ്പെടുമെന്നായിരുന്നു നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ കെ.എല്‍ രാഹുലിനെയാണ് മാനേജ്‌മെന്റ് മധ്യനിരയിലേക്ക് പരിഗണിച്ചത്. കൂടാതെ റായിഡുവിന്റെ സ്ഥാനം വിജയ് ശങ്കറിനും ലഭിച്ചു. വിജയ് ശങ്കര്‍ പരിക്കേറ്റ് പുറത്തായിട്ടും റായിഡുവിനെ പരിഗണിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. ഇതോടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.