ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരീശീലകരാകാന്‍ 2000 പേര്‍; സാധ്യതയുള്ളവര്‍ ഇവരൊക്കയാണ്!

പരിശീലകരെ കണ്ടെത്തുന്നതിനായി കപില് ദേവ്, ശാന്ത രംഗസ്വാമി, അന്ഷുമാന് ഗെയ്ക്വാദ് എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് ബിസിസിഐ ഇടക്കാല ഭരണസമിതി ചുമതലപ്പെടുത്തിയിരിക്കുന്നത്.
 | 
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരീശീലകരാകാന്‍ 2000 പേര്‍; സാധ്യതയുള്ളവര്‍ ഇവരൊക്കയാണ്!

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് 2000 അപേക്ഷകളാണ് ഇതുവരെ എത്തിയിരിക്കുന്നത്. വിന്‍ഡീസ് പര്യടനത്തോടെ രവി ശാസ്ത്രിയും സംഘവും സ്ഥാനമൊഴിയും. ഇതോടെയാണ് പുതിയ പരിശീലകരെ അന്വേഷിക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്. രവി ശാസ്ത്രി വീണ്ടും അപേക്ഷ നല്‍കിയാല്‍ അദ്ദേഹത്തിന് തന്നെ സ്ഥാനം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. രവി ശാസ്ത്രിക്ക് വെല്ലുവിളിയാകുന്ന തരത്തില്‍ ആരും ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ആസ്ട്രേലിയ മുന്‍ ഓള്‍റൗണ്ടര്‍ ടോം മൂഡി, മുന്‍ ന്യൂസിലാന്‍ഡ് താരവും നിലവില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് പരിശീലകനുമായ മൈക് ഹെസന്‍, ഇന്ത്യയില്‍ നിന്ന് റോബിന്‍ സിങ്, ലാല്‍ചന്ദ് രജ്പുത്, വിരേന്ദ്ര സെവാഗ് തുടങ്ങിയ പ്രമുഖരാണ് അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. മൈക് ഹെസെനായിരിക്കും രവി ശാസ്ത്രിക്ക് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നയാള്‍. ഹെസന്‍ പരിശീലിപ്പിച്ച കിവീസ് ടീമായിരുന്നു 2015ലെ ലോകകപ്പ് ഫൈനല്‍ കളിച്ചത്.

പരിശീലകരെ കണ്ടെത്തുന്നതിനായി കപില്‍ ദേവ്, ശാന്ത രംഗസ്വാമി, അന്‍ഷുമാന്‍ ഗെയ്ക്വാദ് എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് ബിസിസിഐ ഇടക്കാല ഭരണസമിതി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളെക്കാളും വിദേശ മണ്ണില്‍ മികച്ച പരിചയമുള്ള പരിശീലകരെയാവും പരിഗണിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാവുമ്പോള്‍ ഹെസനും ടോം മൂഡിക്കും കൂടുതല്‍ സാധ്യതയുണ്ടാകും.

മുന്‍ ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനക്ക് ആദ്യ ഘട്ടത്തില്‍ താല്‍പര്യമുണ്ടായിരുന്നുവെങ്കിലും അപേക്ഷ അയച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഫീല്‍ഡിങ് പരിശീലക സ്ഥാനത്തേക്ക് ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോണ്ട്സ് അപേക്ഷ അയച്ചിട്ടുണ്ട്. അതേസമയം രവിശാസ്ത്രി തുടരണമെന്ന വിരാട് കോലിയുടെ അഭിപ്രായവും സെലക്ടര്‍മാര്‍ പരിഗണിക്കുന്നുണ്ട്.