ലോകകപ്പ്; ഭുവ്നേശ്വറിന് മൂന്ന് മത്സരങ്ങള്‍ നഷ്ടമാകും, പകരക്കാരനാകാന്‍ മുഹമ്മദ് ഷമി

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില് ഇന്ത്യയുടെ ബൗളിംഗ് പ്രതീക്ഷയായ ഭുവ്നേശ്വര് കുമാറും പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യന് ക്യാംപില് ആശങ്ക പടര്ന്നിരിക്കുകയാണ്.
 | 
ലോകകപ്പ്; ഭുവ്നേശ്വറിന് മൂന്ന് മത്സരങ്ങള്‍ നഷ്ടമാകും, പകരക്കാരനാകാന്‍ മുഹമ്മദ് ഷമി

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആവേശ പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്ഥാനെതിരെ വലിയ വിജയം സ്വന്തമാക്കിയെങ്കിലും താരങ്ങളുടെ പരിക്ക് ഇന്ത്യയെ വെട്ടിലാക്കിയിരിക്കുകയാണ്. ഓസീസിനെതിരായ മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച ശിഖര്‍ ധവാന്‍ പക്ഷേ അതേ മത്സരത്തില്‍ തള്ളവിരലിനേറ്റ പൊട്ടലൊടെയാണ് മൈതാനം വിട്ടത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യയുടെ ബൗളിംഗ് പ്രതീക്ഷയായ ഭുവ്നേശ്വര്‍ കുമാറും പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക പടര്‍ന്നിരിക്കുകയാണ്.

ശിഖര്‍ ധവാന് പകരക്കാരനായി കെ.എല്‍. രാഹുലാണ് പാകിസ്ഥാനെതിരെ ഓപ്പണിംഗിനിറങ്ങിയത്. കരുതലോടെ കളിച്ച രാഹുല്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ധവാന്‍ ഇല്ലെങ്കിലും രാഹുലിനെ മികച്ച റിസര്‍വായി ഉപയോഗിക്കാമെന്ന ആത്മവിശ്വാസം നല്‍കുന്നതായിരുന്നു പ്രകടനം. എന്നാല്‍ ധവാന് വിദേശ മണ്ണില്‍ കളിക്കാനുള്ള പരിചയ സമ്പത്തും പേസ് ബൗളര്‍മാരെ നേരിടാനുള്ള കഴിവും ടീം ഇന്ത്യക്ക് നഷ്ടമാവും. ഇംഗ്ലണ്ട്, വിന്‍ഡീസ്, ശ്രീലങ്ക തുടങ്ങിയ കരുത്തരായ ടീമുകള്‍ക്കെതിരെ ധവാന്റെ അഭാവം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. പരിക്ക് മാറി ധവാന്‍ ഉടന്‍ തിരികെയെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഭുവ്നേശ്വര്‍ കുമാറാകട്ടെ ഇംഗ്ലണ്ടിലെ പിച്ചുകളില്‍ നന്നായി പന്തെറിയാന്‍ കഴിയുന്ന പേസറാണ്. ബുമ്രയും ഭുവിയും നിലവില്‍ ലോകകപ്പിലെ ഏറ്റവും മികച്ചതെന്ന് അവകാശപ്പെടാവുന്ന ആദ്യ ഓവര്‍ കോമ്പിനേഷന്‍സാണ്. ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ ഭുവിക്ക് നഷ്ടമാകുമെന്നാണ് നായകന്‍ കോലി നല്‍കുന്ന സൂചന. ബെസ്റ്റ് ഇലവനില്‍ നിന്ന് രണ്ട് പേര്‍ പുറത്തിരിക്കുന്നത് അത്ര ശുഭകരമായ വാര്‍ത്തയല്ല. കുല്‍ദീപും ചഹലും ഹാര്‍ദിക്കും മികച്ച ഫോമില്‍ കളിക്കുന്നത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്.

ഭുവിക്ക് പകരം പേസര്‍ മുഹമ്മദ് ഷമി ടീമിലിടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭുവിയുടെ അഭാവത്തില്‍ ഷമി ടീമിലെത്തുമെന്നും ആശങ്കപ്പെടാന്‍ യാതൊന്നുമില്ലെന്നുമാണ് കോലി കഴിഞ്ഞ ദിവസം പറഞ്ഞത്. ഷമിയുടെ പ്രകടനം അത്ര മോശവുമല്ല. ന്യൂ ബോളില്‍ നന്നായി സ്വിംഗ് ചെയ്യിക്കാന്‍ പ്രാവീണ്യമുള്ള ബൗളറാണ് ഷമി. ബാക്കിയുള്ള മത്സരങ്ങളിലും വിജയിച്ച് പട്ടികയില്‍ ഒന്നാമനായി മുന്നേറാനാവും ഇന്ത്യ ശ്രമിക്കുക.