ലോകകപ്പ് ക്രിക്കറ്റ്; ഇംഗ്ലണ്ടില്‍ താരമാകാന്‍ ബുംറയുടെ മരണയോര്‍ക്കറുകള്‍

ബുംറയുടെ മരണയോര്ക്കറുകള് എതിരാളുടെ പേടിസ്വപ്നമാണെന്ന് ഒരിക്കല് കൂടി തെളിയിക്കുന്നതായിരുന്നു ആദ്യ സന്നാഹ മത്സരം.
 | 
ലോകകപ്പ് ക്രിക്കറ്റ്; ഇംഗ്ലണ്ടില്‍ താരമാകാന്‍ ബുംറയുടെ മരണയോര്‍ക്കറുകള്‍

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും ശ്രദ്ധ നേടാന്‍ സാധ്യതയുള്ള കളിക്കാരനാണ് ജസ്പ്രീത് ബുംറ. വിദേശ പിച്ചുകളില്‍ പേസ് ബൗളിംഗിന് അനുകൂലമായ സാഹചര്യങ്ങളെ പ്രയോജനപ്പെടുത്താന്‍ ബുംറയെക്കാള്‍ മികച്ച മറ്റൊരു താരമില്ല. സന്നാഹ മത്സരത്തില്‍ നാല് ഓവറുകളില്‍ നിന്ന് രണ്ട് റണ്‍സാണ് താരം വിട്ടുകൊടുത്തത്. എറിഞ്ഞ 24 പന്തുകളില്‍ 22 എണ്ണവും ബാറ്റ്‌സ്മാനെ ബീറ്റ് ചെയ്തു. കൂടാതെ ഒരു വിക്കറ്റും. ബുംറയുടെ മരണയോര്‍ക്കറുകള്‍ എതിരാളുടെ പേടിസ്വപ്നമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു മത്സരം.

സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ‘ഡെത്ത് ഓവര്‍’ ബോളര്‍മാര്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറുമാണെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഡെത്ത് ഓവറില്‍ ഏറ്റവും അപകാരിയായ ബൗളറാണ് ബുംറ. ഐപിഎല്‍ ഫൈനലില്‍ ചെന്നൈയുടെ നടുവൊടിച്ചതും ബുംറയുടെ പ്രകടനമാണ്. നാലോവറില്‍ വെറും 14 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ താരം ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്.

ഒരു ചെറിയ തെറ്റ് തിരുത്താന്‍ പോലും മണിക്കൂറുകളാണ് പരിശീലനത്തിനായി ചിലവഴിക്കുക. ലൈനും ലെങ്തും ബൗണ്‍സും കൃത്യമാക്കുന്നത് അങ്ങനെയാണ്. മൂന്ന് ഫോര്‍മാറ്റിലും സജീവമാണ്. ഫോര്‍മാറ്റുകളെല്ലാം മറ്റൊന്നില്‍ നിന്ന് വ്യത്യസ്തമാണ്. അതിനാല്‍ കൃത്യമായ പരിശീലനം എല്ലാത്തരം ഫോര്‍മാറ്റിലും തിളങ്ങാന്‍ അനിവാര്യമാണ് ഫെബ്രുവരിയില്‍ ബുംമ്ര ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്.

കഠിനമായ പരിശീലനത്തിലൂടെ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചാ താരം കൂടിയാണ് ബുംമ്ര. ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാരായ ഭുവ്‌നേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം ഇംഗ്ലണ്ടിലെ മറ്റൊരു സൂപ്പര്‍ പേസറാകാന്‍ 25കാരനായ ബുംമ്രയ്ക്ക് കഴിയുമെന്നാണ് നീരീക്ഷകരുടെ വിലയിരുത്തല്‍.