ഇനി ഗെയിലിന്റെ വെടിക്കെട്ടില്ല! കരിബീയന്‍ ഇതിഹാസം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ഫിറ്റ്നസിന്റെ പേരില് പഴി കേട്ടിരുന്ന ഗെയ്ല് സിംഗിളുകള് എടുക്കാന് പിശുക്ക് കാണിക്കുന്നവന് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്
 | 
ഇനി ഗെയിലിന്റെ വെടിക്കെട്ടില്ല! കരിബീയന്‍ ഇതിഹാസം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

വിന്‍ഡീസ് ക്രിക്കറ്റിലെ ഏക്കാലത്തെയും ഇതിഹാസ താരമായ ക്രിസ് ഗെയില്‍ ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞു. അറ്റാക്കിംഗ് ബാറ്റിംഗിന്റെ ശൈലി തന്നെ പുനര്‍നിര്‍ണയിച്ച ക്രിക്കറ്ററാണ് ഗെയ്‌ലെന്ന് വിളിപ്പേരുള്ള ക്രിസ്റ്റഫര്‍ ഹെന്‍ട്രി ഗെയില്‍. ജമൈക്കയിലെ കിംഗ്‌സറ്റണില്‍ 1979 സെപ്റ്റംബറിലാണ് ഗെയ്ല്‍ ജനിക്കുന്നത്. ചെറുപ്പകാലം മുതല്‍ക്കെ ക്രിക്കറ്റിനോട് ആരാധന സൂക്ഷിച്ചിരുന്ന താരം പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് എത്തിച്ചേരുന്നത് 1998കളുടെ അവസാനത്തിലാണ്.

ഫസ്റ്റ് ക്ലാസില്‍ അരങ്ങേറി ഒരു വര്‍ഷം പിന്നീടുമ്പോഴേക്കും ഗെയ്ല്‍ വിന്‍ഡീസ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2000ത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. 103 മത്സരങ്ങളില്‍ നിന്ന് 7214 റണ്‍സാണ് ടെസ്റ്റില്‍ നേടിയത്. 15 സെഞ്ച്വറികളും 37 അര്‍ധസെഞ്ച്വറികളും നേടി. 333 റണ്‍സാണ് ടെസ്റ്റില്‍ ഗെയ്‌ലിന്റെ ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ 60തിലേറെ സ്‌ട്രൈക്ക് റേറ്റിലായിരുന്നു വിന്‍ഡീസ് ഓപ്പണര്‍ ബാറ്റ് ചെയ്തിരുന്നത്. നീണ്ട 14 വര്‍ഷത്തിന് ശേഷം 2014ല്‍ ഗെയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങി. ഫിറ്റ്‌നസിന്റെ പേരില്‍ പഴി കേട്ടിരുന്ന ഗെയ്ല്‍ സിംഗിളുകള്‍ എടുക്കാന്‍ പിശുക്ക് കാണിക്കുന്നവന്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

ടെസ്റ്റില്‍ ബൗണ്ടറികളും സിക്‌സറുകളും മാത്രമല്ല സിംഗിളുകളും വളരെ പ്രധാനപ്പെട്ടതാണെന്ന് ഗെയ്ല്‍ തിരിച്ചറിയണമെന്ന അക്കാലത്ത് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി ആറ് മാസത്തിനകം വിന്‍ഡീസ് ഏകദിന ടീമിലേക്ക് ഗെയ്ല്‍ ചേക്കേറി. 1999ല്‍ ഇന്ത്യക്കെതിരെ അരങ്ങേറിയ ഗെയ്ല്‍ 2019ല്‍ ഇന്ത്യക്കെതിരെ തന്നെ അവസാന മത്സരവും കളിച്ചു. വിടവാങ്ങല്‍ മത്സരം ആഘോഷമാക്കിയാണ് താരം കളമൊഴിഞ്ഞത്. 41 പന്തില്‍ നിന്ന് 72 റണ്‍സാണ് ഗെയ്ല്‍ അടിച്ചുകൂട്ടിയത്. അഞ്ച് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു ഇതിഹാസ താരത്തിന്റെ അവസാന ഇന്നിങ്സ്.

301 ഏകദിന മത്സരങ്ങളില്‍ നിന്ന് 10480 റണ്‍സ്, 87.19 സ്‌ട്രൈക്ക് റേറ്റ്. 37.83 ശരാശരി പ്രകടനം, ലോകത്തിലെ മറ്റൊരു ക്രിക്കറ്റര്‍ക്കും അവകാശപ്പെടാനില്ലാത്ത ഹിറ്റിംഗ് പവര്‍ തുടങ്ങി ഗെയ്‌ലിന് പ്രത്യേകതകള്‍ ഏറെയുണ്ട്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ ഡബിള്‍ സെഞ്ച്വറി തികച്ച കളിക്കാരന്‍ കൂടിയാണ് ഈ കരീബയന്‍ സൂപ്പര്‍സ്റ്റാര്‍. ഇനി ടി-20യില്‍ മാത്രമാവും ഗെയ്ല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.