സൂപ്പര്‍താരം നെയ്മറിനെ ‘വേണ്ട’; ഇനി ബ്രസീലിനെ ഡാനി ആല്‍വിസ് നയിക്കും

മെയ് ആദ്യവാരം നടന്ന ഫ്രഞ്ച് കപ്പ് ഫൈനലില് പി.എസ്.ജി തോറ്റതിന് പിന്നാലെ കാണികളോട് മോശമായി പെരുമാറിയ നെയ്മറിന് മൂന്ന് മത്സരങ്ങളില് സസ്പെന്ഷന് നേരിടേണ്ടി വന്നു.
 | 
സൂപ്പര്‍താരം നെയ്മറിനെ ‘വേണ്ട’; ഇനി ബ്രസീലിനെ ഡാനി ആല്‍വിസ് നയിക്കും

റിയോ ഡെ ജനീറോ: കോപ്പ അമേരിക്ക ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിനെ ഡാനി ആല്‍വസ് നയിക്കും. നിലവില്‍ സൂപ്പര്‍ താരം നെയ്മറിനേക്കാളും പരിചയ സമ്പത്തുള്ള ആല്‍വിസിനാകും കോപ്പ അമേരിക്കയില്‍ ബ്രസീലിനെ മുന്നോട്ട് നയിക്കാനാവുകയെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. പി.എസ്.ജിയില്‍ നെയ്മറിന്റെ സഹതാരം കൂടിയാണ് 36കാരനായ ആല്‍വിസ്.

ബാഴ്‌സലോണയുടെ പ്രതിരോധ ഭടനായും പിന്നീട് പി.എസ്.ജിയുടെ അവിഭാജ്യ ഘടകമായും മാറിയ ഡാനി ആല്‍വിസിന് പക്ഷേ രാജ്യത്തിന് വേണ്ടി നിര്‍ണായക പ്രകടനമൊന്നും കാഴ്ച്ചവെക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ അന്താരാഷ്ട്ര തലത്തിലുള്ള പരിചയസമ്പത്തും ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോവാനും ആല്‍വിസിന് കഴിയും. മറുവശത്ത് നെയ്മറാകട്ടെ അത്ര മികച്ച അന്തരീക്ഷത്തിലൂടെയല്ല കടന്നുപോകുന്നത്. മെയ് ആദ്യവാരം നടന്ന ഫ്രഞ്ച് കപ്പ് ഫൈനലില്‍ പി.എസ്.ജി തോറ്റതിന് പിന്നാലെ കാണികളോട് മോശമായി പെരുമാറിയ നെയ്മറിന് മൂന്ന് മത്സരങ്ങളില്‍ സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നു.

എട്ട് തവണ കോപ്പ അമേരിക്ക കപ്പുയര്‍ത്തിയ ടീമാണ് ബ്രസില്‍. ഇത്തവണ ഗ്രൂപ്പ് മത്സരങ്ങളില്‍ താരതമ്യേന ചെറിയ എതിരാളികളുമാണ് കാനറി പക്ഷികള്‍ക്ക് മുന്നിലുള്ളത്. ബൊളീവിയ, വെനിസ്വേല, പെറു എന്നിവരെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീല്‍ നേരിടേണ്ടി വരിക. അതേസമയം നെയ്മറിന് നായക സ്ഥാനത്ത് നിന്ന് മാറ്റിയത് ടീമിന് തിരിച്ചടിയുണ്ടാക്കുമെന്നാണ് ആരാധകരുടെ പ്രതികരണം.