ഹിറ്റ്മാനെ പുറത്താക്കിയത് ബൗളറല്ല, അമ്പയര്‍മാരാണ്; പ്രതിഷേധവുമായി ആരാധകര്‍

പാഡിലല്ല തട്ടിയതെന്ന് ഉറപ്പിക്കാന് കഴിയാതെ എങ്ങനെ തേര്ഡ് അമ്പയര് ഔട്ട് വിധിക്കുമെന്നതാണ് ആരാധകരുടെ ചോദ്യം.
 | 
ഹിറ്റ്മാനെ പുറത്താക്കിയത് ബൗളറല്ല, അമ്പയര്‍മാരാണ്; പ്രതിഷേധവുമായി ആരാധകര്‍

ലണ്ടന്‍: വിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ അമ്പയര്‍മാര്‍ മനപൂര്‍വ്വം പുറത്താക്കിയതായി ആരോപണം. കെമര്‍ റോച്ച് എറിഞ്ഞ അഞ്ചാം ഓവറിന്റെ അവസാന പന്ത് രോഹിത്തിന്റെ ബാറ്റില്‍ തട്ടിയാണ് വിക്കറ്റ് കീപ്പര്‍ ഷെയ് ഹോപ്പിന്റെ കൈകളില്‍ എത്തിയതെന്ന് ഫീല്‍ഡ് അംമ്പയര്‍ വിധിച്ചു. എന്നാല്‍ പന്ത് പാഡിലാണ് തട്ടിയതെന്ന് ഉറപ്പിച്ച ഹിറ്റ്മാന്‍ വിക്കറ്റ് റിവ്യൂ ചെയ്യാന്‍ ആവശ്യപ്പെട്ടു. റിവ്യൂവില്‍ പന്ത് ബാറ്റിനും പാഡിനും ഇടയിലൂടെയാണ് സഞ്ചരിച്ചതെന്ന് വ്യക്തമായി.

പക്ഷേ ഫീല്‍ഡ് അമ്പയര്‍ പറഞ്ഞ തീരുമാനത്തിനൊപ്പം പോവാനായിരുന്നു ടിവി അമ്പയറും ഉത്തരവിട്ടത്. പാഡിലല്ല തട്ടിയതെന്ന് ഉറപ്പിക്കാന്‍ കഴിയാതെ എങ്ങനെ തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുമെന്നതാണ് ആരാധകരുടെ ചോദ്യം. തീരുമാനം വിശ്വസിക്കാനാവാതെയാണ് രോഹിത്തും കളംവിട്ടത്. വിന്‍ഡീസ് ബൗളര്‍മാര്‍ക്കെതിരെ കരുതലോടെ തുടങ്ങിയ രോഹിത് കൂറ്റനടികളുമായി കളം നിറഞ്ഞ് നില്‍ക്കുന്ന സമയത്തായിരുന്നു അമ്പയറുടെ അപ്രതീക്ഷിത തീരുമാനം.

അഫ്ഗാനിസ്ഥാനെതിരെ വിജയിച്ച മത്സരത്തില്‍ നിന്ന് ഒരു മാറ്റം പോലും വരുത്താതെയാണ് ഇന്ത്യന്‍ ടീം വിന്‍ഡീസിനെതിരെ ഇറങ്ങിയത്. അതേസമയം, വിന്‍ഡീസ് ടീമില്‍ രണ്ട് മാറ്റമുണ്ട്. എവിന്‍ ലൂയിസിന് പകരം സുനില്‍ അംബ്രിസും ആഷ്ലി നഴ്സിന് പകരം ഫാബിയന്‍ അലനും ടീമിലെത്തി. അവസാനം വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 33 ഓവറില്‍ 155 റണ്‍സെടുത്തിട്ടുണ്ട്. ധോനിയും കോലിയുമാണ് ക്രീസില്‍.