സിംബാബ്വെ ക്രിക്കറ്റിന്റെ അംഗത്വം ഐസിസി റദ്ദാക്കി; വിമര്‍ശനങ്ങളുമായി താരങ്ങള്‍

നിലവില് ഐ.സി.സി ടെസ്റ്റ് റാങ്കിംഗില് 10-ാം സ്ഥാനത്തും ഏകദിനത്തില് 12-ാം സ്ഥാനത്തുമാണ് സിംബാബ്വെ.
 | 
സിംബാബ്വെ ക്രിക്കറ്റിന്റെ അംഗത്വം ഐസിസി റദ്ദാക്കി; വിമര്‍ശനങ്ങളുമായി താരങ്ങള്‍

ലണ്ടന്‍: സിംബാബ്വെ ക്രിക്കറ്റിന്റെ അംഗത്വം ഐസിസി റദ്ദാക്കി. ക്രിക്കറ്റില്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നതായി ആരോപിച്ചാണ് ഐ.സി.സി ടീമിനെ പുറത്താക്കിയിരിക്കുന്നത്. ഐ.സി.സിയുടെ വാര്‍ഷിക യോഗത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതേസമയം ഐ.സി.സിയുടെ തീരുമാനം ഒരുപാട് കളിക്കാരുടെ സ്വപ്നങ്ങളാണ് ഇല്ലാതാക്കുന്നതെന്നും ഇക്കാര്യം പരിഗണിച്ച് അംഗത്വം റദ്ദാക്കിയ നടപടി മരവിപ്പിക്കണമെന്നും സിംബാബ്വെ ടീം അംഗങ്ങള്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയമായ ഇടപെടലുകള്‍ ക്രിക്കറ്റില്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ബോര്‍ഡിന് നിയമിക്കണം. ഈ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് സ്വതന്ത്രമായ സമിതിയായിരിക്കണമെന്നും ഐ.സി.സി നിയമം നിലവിലുണ്ട്. എന്നാല്‍ സിംബാബ്വെ ക്രിക്കറ്റില്‍ സര്‍ക്കാര്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നുവെന്നാണ് ഐ.സി.സിയുടെ കണ്ടെത്തല്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററായ ലാല്‍ചന്ദ് രജ്പുത് ആണ് നിലവിലെ സിംബാബ്വെയുടെ മുഖ്യ പരിശീലകന്‍.

നിലവില്‍ ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ 10-ാം സ്ഥാനത്തും ഏകദിനത്തില്‍ 12-ാം സ്ഥാനത്തുമാണ് സിംബാബ്വെ. ഐ.സി.സി അംഗത്വം നഷ്ടപ്പെടുന്നതോടെ ടീമിന് ലഭ്യമായിരുന്ന എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കപ്പെടും. സിംബാബ്വെയില്‍ ക്രിക്കറ്റ് തുടരണമെന്ന് തന്നെയാണ് ഐസിസിയുടെ ആഗ്രഹം. എന്നാല്‍ അത് നിയമങ്ങള്‍ അനുസരിച്ചായിരിക്കണമെന്ന് ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ വ്യക്തമാക്കി. മൂന്ന് മാസം ടീമിനെ നിരീക്ഷിച്ചതിന് ശേഷം മാത്രമെ ടീമിനെ തിരികെയെടുക്കുന്ന കാര്യത്തില്‍ ഐ.സി.സി തീരുമാനം കൈക്കൊള്ളു.