ക്യൂവില്‍ തൊട്ടുപിന്നില്‍ സാക്ഷാല്‍ ഷെയ്ന്‍ വോണ്‍; അനുഭവം പങ്കുവെച്ച് മാധ്യമപ്രവര്‍ത്തകന്‍

സിഡ്നിയില് നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന മത്സരത്തിന്റെ മീഡിയ അക്രഡിറ്റേഷന് കാര്ഡ് വാങ്ങാന് ക്യൂവില് നിന്ന് ഷെയ്ന് വോണ്!
 | 
ക്യൂവില്‍ തൊട്ടുപിന്നില്‍ സാക്ഷാല്‍ ഷെയ്ന്‍ വോണ്‍; അനുഭവം പങ്കുവെച്ച് മാധ്യമപ്രവര്‍ത്തകന്‍

സിഡ്‌നി: സിഡ്‌നിയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരത്തിന്റെ മീഡിയ അക്രഡിറ്റേഷന്‍ കാര്‍ഡ് വാങ്ങാന്‍ ക്യൂവില്‍ നിന്ന് ഷെയ്ന്‍ വോണ്‍! ഓസ്‌ട്രേലിയന്‍ ഓഫ് സ്പിന്‍ മാന്ത്രികനെ ക്യൂവില്‍ തന്റെ തൊട്ടു പിന്നില്‍ കണ്ട അനുഭവം പങ്കുവെക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ ദീജു ശിവദാസ്. ഫോക്‌സ് ക്രിക്കറ്റിലെ കമന്റേറ്ററായി സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ എത്തിയ വോണ്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ എല്ലാവരും ഇവിടെ ക്യൂ നിന്ന് വേണം അക്രഡിറ്റേഷന്‍ വാങ്ങി പവലിയനില്‍ എത്താന്‍. ഇന്ത്യന്‍ ആരാധകര്‍ താരത്തെ ഒപ്പം നിര്‍ത്തി സെല്‍ഫിയെടുക്കാന്‍ മത്സരിക്കുകയായിരുന്നുവെന്നും ദീജു ഫെയിസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പോസ്റ്റ് വായിക്കാം

ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയുടെ മീഡിയ അക്രഡിറ്റേഷൻ കാർഡ് വാങ്ങാൻ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയതാണ്.

അക്രഡിറ്റേഷൻ കൗണ്ടറിലെ ക്യൂവിൽ തൊട്ടുപിന്നിൽ വന്നു നിന്ന ആളെ കണ്ട് ഞങ്ങളൊന്നു ഞെട്ടി. ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇന്നോളം കണ്ട ഏറ്റവും വലിയ സൂപ്പർ സ്റ്റാറുകളിലൊരാൾ. ഷെയ്ൻ വോൺ.

“ഹായ് വോണി”

“ഹൗ ആർ യു മേറ്റ്? വൈ ഡിഡ് ദേ മൂവ് ഇറ്റ് ടു ഹിയർ” എന്ന് തിരിച്ച് വോൺ.

ഇതെന്താ അക്രഡിറ്റേഷൻ കൗണ്ടർ ഇങ്ങോട്ട് മാറ്റിയതെന്ന്…

മുമ്പൊക്കെ അക്രഡിറ്റേഷൻ കൗണ്ടർ ഓഫീസിനുള്ളിലായിരുന്നു. ഇപ്പോൾ പുറത്ത്, സാധാരണ കാണികൾ ടിക്കറ്റെടുക്കുന്നതിനും കളി കാണാൻ കയറുന്നതിനും തൊട്ടടുത്തേക്ക് മാറ്റിയിരിക്കുന്നു. ഷെയ്ൻ വാണും, ഗിൽക്രിസ്റ്റും ഒക്കെ ഉൾപ്പെടെയുള്ള മുൻകാല സൂപ്പർതാരങ്ങളെല്ലാം ഇവിടെ ക്യൂ നിന്ന് വേണം അക്രഡിറ്റേഷനെടുക്കാൻ.

ഫോക്സ് ക്രിക്കറ്റിലെ കമന്റേറ്ററായി SCGയിലേക്ക് എത്തിയതാണ് വോൺ. കാത്തു നിന്ന് വൈകുമോ എന്ന തിരക്കുണ്ട്. മുന്നിലുള്ള രണ്ടു പേർക്ക് അക്രഡിറ്റേഷൻ കാർഡ് കൊടുക്കാൻ വല്ലാതെ വൈകുന്നു.

“ഡു യു വാന്നാ മൂവ് എഹെഡ്” എന്റെ വക ഓഫർ. വേണമെങ്കിൽ ക്യൂവിൽ ഞങ്ങളുടെ മുന്നിൽ കയറിക്കോളാൻ മാറിക്കൊടുത്തു.

“ആർ യു ഷുവർ മേറ്റ്? മച്ച് അപ്രീഷ്യേറ്റഡ്.” വോണിയുടെ നന്ദി പ്രകടനം.

ഇന്ത്യയിലൊന്നും ഇങ്ങനെയൊരു താരം ക്യൂ നിൽക്കുന്നത് സ്വപ്നം കാണാൻ പോലും കഴിയില്ലെന്ന് വോണിനോട് പറഞ്ഞു.

“എനിക്കറിയാം” എന്നു പറഞ്ഞ് നന്നായൊന്നു ചിരിച്ചു. ഒരു ഗൂഗ്ലിച്ചിരി.

കൗണ്ടറിലെത്തി അവിടെയിരിക്കുന്ന ചെറുപ്പക്കാരനോട് വോൺ
“ഹേയ് മേറ്റ്. എൻറെ പേര് ഷെയ്ൻ വോൺ. എന്റെ കാർഡ് തരുമോ?”
ഒന്നു ചിരിച്ചതിനപ്പുറം മറ്റൊരു മാറ്റവും കൗണ്ടറിലെ യുവാവിനില്ല. മറ്റെല്ലാർക്കും നൽകുന്നതു പോലെ അക്രഡിറ്റേഷന് കാർഡ് നൽകി, കൊവിഡ് പ്രോട്ടോക്കോളുമെല്ലാം വിശദീകരിച്ചു പറഞ്ഞുവിട്ടു.

വീണ്ടും നന്ദി പറഞ്ഞാണ് വോൺ നടന്നുപോയത്. പോയ വഴിക്ക് നീല ജഴ്സിയണിഞ്ഞ നിരവധി ഇന്ത്യൻ ആരാധകർ പിടിച്ചു നിർത്തി സെൽഫി എടുക്കുന്നുണ്ട്. എല്ലാവർക്കും ഒപ്പം നിന്ന് ചിരിച്ച് സെൽഫിയെടുത്ത് വോൺ ഗ്രൗണ്ടിനുള്ളിലേക്ക് പോയി.

അണിഞ്ഞിരിക്കുന്നത് നീല ജഴ്സിയാണെങ്കിലും, ഗാലറിയിൽ ആർപ്പുവിളിക്കുന്നത് ഇന്ത്യയ്ക്കുവേണ്ടിയാണെങ്കിലും, ഇതുപോലെ ഒരു ഇന്ത്യൻ താരത്തെ പിടിച്ചു നിർത്തി സെൽഫിയെടുക്കാൻ കഴിയില്ലെന്ന് അവർക്കറിയാം.

ഒരു ഇന്ത്യൻ താരം പോലും അക്രഡിറ്റേഷൻ എടുക്കാൻ ഗ്രൗണ്ടിനു പുറത്ത് ഇങ്ങനെ ക്യൂ നിൽക്കുകയുമില്ല.

ഇവിടെ ക്രിക്കറ്റ് താരങ്ങളും മനുഷ്യർ തന്നെയാണ്. നമ്മളെ പോലുള്ള മനുഷ്യർ.

 

ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയുടെ മീഡിയ അക്രഡിറ്റേഷൻ കാർഡ് വാങ്ങാൻ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയതാണ്.

അക്രഡിറ്റേഷൻ…

Posted by Deeju Sivadas on Friday, November 27, 2020