ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി

ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏര്പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി. ശ്രീശാന്തിന്റെ ശിക്ഷാ കാലയളവ് പുനഃപരിശോധിക്കണമെന്ന് ബിസിസിഐയോടും കോടതി നിര്ദേശിച്ചു. ഇതിനായി മൂന്നു മാസവും കോടതി അനുവദിച്ചു. ശ്രീശാന്ത് നല്കിയ ഹര്ജിയിലാണ് വിധി.
 | 
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി. ശ്രീശാന്തിന്റെ ശിക്ഷാ കാലയളവ് പുനഃപരിശോധിക്കണമെന്ന് ബിസിസിഐയോടും കോടതി നിര്‍ദേശിച്ചു. ഇതിനായി മൂന്നു മാസവും കോടതി അനുവദിച്ചു. ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് വിധി.

ശ്രീശാന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബി.സി.സി.ഐയുടെ നടപടി ശരിയാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തേണ്ട കാര്യമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി ബി.സി.സി.ഐക്ക് മൂന്ന് മാസം സമയം അനുവദിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസും അച്ചടക്ക നടപടിയും രണ്ട് ആണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് റണ്‍സ് വിട്ടുകൊടുക്കുന്നതിനായി പത്ത് ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ബി.സി.സി.ഐ കണ്ടെത്തിയത്. എന്നാല്‍ താന്‍ കോഴ വാങ്ങിയിട്ടില്ലെന്ന് ശ്രീശാന്ത് കോടതിയില്‍ ശക്തമായി വാദിച്ചു. നേരത്തെ ബി.സി.സി.ഐയുടെ നടപടി കേരളാ ഹൈക്കോടതി ശരിവെച്ചിരുന്നു. തുടര്‍ന്നാണ് ഹര്‍ജിയുമായി ശ്രീശാന്ത് സുപ്രീം കോടതിയിലെത്തിയത്.