കേദാര്‍ യാദവിന്റെ പരിക്ക്; ലോകകപ്പ് ടീമിലേക്ക് സര്‍പ്രൈസ് താരമെത്തിയേക്കും!

അക്സര് പട്ടേലിനാകും കേദാറിന് പകരക്കാരനായി നറുക്ക് വീഴുകയെന്നാണ് ഏറ്റവും പുതിയ റിപ്പോര്ട്ടുകള്.
 | 
കേദാര്‍ യാദവിന്റെ പരിക്ക്; ലോകകപ്പ് ടീമിലേക്ക് സര്‍പ്രൈസ് താരമെത്തിയേക്കും!

മുംബൈ: കേദാര്‍ യാദവിന്റെ പരിക്ക് പൂര്‍ണമായും ഭേദമായില്ലെങ്കില്‍ ലോകകപ്പ് ടീമിലേക്ക് സര്‍പ്രൈസ് താരത്തെ കൊണ്ടുവരാനൊരുങ്ങി സെലക്ടര്‍മാര്‍. അക്‌സര്‍ പട്ടേലിനാകും കേദാറിന് പകരക്കാരനായി നറുക്ക് വീഴുകയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അമ്പാട്ടി റായിഡുവും ഋഷഭ് പന്തും ലിസ്റ്റിലുണ്ടെങ്കിലും അമ്പാട്ടി റായിഡുവിന്റെ ഐ.പി.എല്‍ പ്രകടനം അത്ര ആശാവഹമല്ലാത്തത് തിരിച്ചടിയാകും. മൂന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരെ ടീമിലെടുക്കാന്‍ നായകന്‍ കോലിയും സമ്മതിക്കാതെ വന്നാല്‍ പന്തിന്റെയും സാധ്യത മങ്ങും. അങ്ങനെ വന്നാല്‍ യുവതാരം അക്‌സര്‍ പട്ടേല്‍ തന്നെയാകും ബെര്‍ത്തില്‍ ഇടംപിടിക്കുക.

നേരത്തെ ഋഷഭ് പന്തിനെക്കാളും മികച്ച താരം ദിനേഷ് കാര്‍ത്തിക്കാണെന്ന് വ്യക്തമാക്കി നായകന്‍ വിരാട് കോലി രംഗത്ത് വന്നിരുന്നു. കാര്‍ത്തിക് പരിചയസമ്പത്തുള്ള കളിക്കാരനാണ്. ലോകകപ്പ് പോലുള്ള സുപ്രധാന ടൂര്‍ണമെന്റുകളില്‍ ടീമിന് ആവശ്യമുള്ള ക്വാളിറ്റി അദ്ദേഹത്തിനുണ്ട്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ മികവ് പുലര്‍ത്താന്‍ കഴിയുന്നുവെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ധോനിക്ക് എന്തെങ്കിലും സാഹചര്യത്തില്‍ മാറിനില്‍ക്കേണ്ടി വന്നാല്‍ വിക്കറ്റിന് പിന്നിലും കാര്‍ത്തിക്കിനെ ഉപയോഗിക്കാന്‍ കഴിയും. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ കോലി പറഞ്ഞു. കാര്‍ത്തിക്കിന് ഇത്തവണ ഫിനിഷര്‍ റോളാണെന്ന് വ്യക്തമാക്കുന്നതാണ് കോലിയുടെ വാക്കുകള്‍.

അതേസമയം കേദാര്‍ ജാദവ് ലോകകപ്പിന് മുന്‍പ് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിനായി 22-ാം തിയതിയാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് യാത്രതിരിക്കുന്നത്. അവാസന ദിവസം വരെ കേദാറിന്റെ പരിക്ക് ഭേദമാകാന്‍ കാത്തിരിക്കാനാണ് സെലക്ഷന്‍ കമ്മറ്റിയുടെ തീരുമാനം. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.