കോപ്പ അമേരിക്കയില്‍ സ്വപ്ന സെമി; ബ്രസീലിനോട് പകരം വീട്ടാന്‍ തയ്യാറെടുത്ത് മിശിഹ

ഗ്രൂപ്പ് ഘട്ടത്തില് ഏറെ പഴികേട്ട അര്ജന്റീനയായിരുന്നില്ല മാരകാനയില് വെനസ്വേലയ്ക്കെതിരെ ഇറങ്ങിയത്.
 | 
കോപ്പ അമേരിക്കയില്‍ സ്വപ്ന സെമി; ബ്രസീലിനോട് പകരം വീട്ടാന്‍ തയ്യാറെടുത്ത് മിശിഹ

മാരകാന: മരകാനയിലെ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് കാല്‍പന്തുകളിയുടെ മിശിഹയും കൂട്ടരും കോപ്പ അമേരിക്കയിലെ മിന്നും വിജയം സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറെ പഴികേട്ട അര്‍ജന്റീനയായിരുന്നില്ല മാരകാനയില്‍ വെനസ്വേലയ്‌ക്കെതിരെ ഇറങ്ങിയത്. കൃത്യതയാര്‍ന്ന ആക്രമണങ്ങള്‍, മധ്യനിരയിലും പ്രതിരോധത്തിലും അച്ചടക്കം തുടങ്ങി എല്ലാ മേഖലകളിലും പുത്തന്‍ ഉണര്‍വ്വോടെയാണ് മെസിയും കൂട്ടരും പന്ത് തട്ടിയത്. ആക്രമണത്തില്‍ മെസിയൊരുക്കിയ അവസരങ്ങളില്‍ ചിലത് വലയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വെനസ്വേല അര്‍ജന്റീനന്‍ ഗോള്‍ പ്രളയത്തില്‍ മുങ്ങിയേനെ.

കളി തുടങ്ങി 10-ാം മിനിറ്റില്‍ ലൗട്ടാറൊ മാര്‍ട്ടിനെസാണ് ലാറ്റിന്‍ അമേരിക്കന്‍ കരുത്തരെ മുന്നിലെത്തിച്ചത്. ഒന്നാം പകുതിയില്‍ പിന്നീട് ലഭിച്ച അവസരങ്ങളൊന്നും വലയിലെത്തിക്കാന്‍ മുന്‍നിരയ്ക്കായില്ല. 74-ാം മിനിറ്റില്‍ ജിയോവാനി ലോ സെല്‍സോയുടെ രണ്ടാം ഗോള്‍. അഗ്യൂറോയും മെസിയും മുന്നേറ്റത്തില്‍ കൂടുതല്‍ കൃത്യത പാലിച്ചാല്‍ കോപ്പ അമേരിക്കയെന്ന സ്വപ്നക്കപ്പ് അര്‍ജന്റീനന്‍ പട പിടിച്ചടക്കുമെന്ന് നിസംശയം പറയാം. എന്നാല്‍ നിര്‍ണായക സെമി മറികടക്കുക അത്ര എളുപ്പമാകില്ല.

സെമിയില്‍ ബ്രസീലാണ് മെസ്സിയുടെ എതിരാളികള്‍. സ്വപ്ന സെമിയെന്നാണ് ആരാധക ലോകം ബ്രസീല്‍-അര്‍ജന്റീന പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്. വെനിസ്വേലയോട് പുറത്തെടുത്ത ആക്രമണ ഫുട്‌ബോള്‍ മാത്രം പോരാ ബ്രസീലിനെ മറികടക്കാന്‍. പ്രതിരോധത്തില്‍ ഓട്ടമെന്‍ഡിയും ടഗ്ലിഫിക്കോയും നിരന്തരം പരീക്ഷിക്കപ്പെടുമെന്ന് തീര്‍ച്ചയാണ്. നെയ്മറില്ലാത്ത ബ്രസീലിനെതിരെ നന്നായി കളിച്ചാല്‍ വിജയിക്കാനാവുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ബുധനാഴ്ച ഇന്ത്യന്‍ സമയം രാവിലെ ആറു മണിക്കാണ് മത്സരം.

2008 ബെയ്ജിങ് ഒളിമ്പിക്സ് സെമിഫൈനലിലാണ് അര്‍ജന്റീനയും ബ്രസീലും അവസാനമായി മുഖാമുഖം വന്നത്. 2007ല്‍ വെനസ്വേലയില്‍ നടന്ന ഫൈനലിലായിരുന്നു കോപ്പയിലെ അവസാന പോരാട്ടം. മെസ്സി കളിച്ച ആ മത്സരത്തില്‍ അര്‍ജന്റീന 3-0ത്തിന് പരാജയപ്പെട്ടിരുന്നു. ബുധനാഴ്ച്ചത്തെ മത്സരം മെസിക്ക് പകരം വീട്ടാനുള്ള അവസരം കൂടിയാണെന്ന് ആരാധകരുടെ വാദം.