ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന് ഇന്ന് തുടക്കം

കാൽപന്തുകളിയിൽ ഇന്ത്യയെ മുൻനിരയിലെത്തിക്കാൻ ലക്ഷ്യമിട്ട് അരങ്ങേറുന്ന ഇന്ത്യൻ സൂപ്പർലീഗിന് ഇന്ന് തുടക്കമാകും. കൊൽക്കത്തയിലെ യുവഭാരതി ക്രീഡാംഗണിൽ വൈകുന്നേരമാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, മഹേന്ദ്രസിങ് ധോണി, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, രൺബീർ കപൂർ, മുകേഷ് അംബാനി തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉദ്ഘാടനം ചെയ്യും. ഇന്ന് ആദ്യമത്സരത്തിൽ അത്ലറ്റിക്കോ ഡി കൊൽക്കത്തയും മുംബൈ സിറ്റി എഫ്.സിയും ഏറ്റുമുട്ടും.
 | 
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന് ഇന്ന് തുടക്കം

കൊൽക്കത്ത: കാൽപന്തുകളിയിൽ ഇന്ത്യയെ മുൻനിരയിലെത്തിക്കാൻ ലക്ഷ്യമിട്ട് അരങ്ങേറുന്ന ഇന്ത്യൻ സൂപ്പർലീഗിന് ഇന്ന് തുടക്കമാകും. കൊൽക്കത്തയിലെ യുവഭാരതി ക്രീഡാംഗണിൽ വൈകുന്നേരമാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, മഹേന്ദ്രസിങ് ധോണി, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, രൺബീർ കപൂർ, മുകേഷ് അംബാനി തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉദ്ഘാടനം ചെയ്യും. ഇന്ന് ആദ്യമത്സരത്തിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയും മുംബൈ സിറ്റി എഫ്.സിയും ഏറ്റുമുട്ടും.

ഇന്ത്യയിലെ എട്ട് പ്രധാന നഗരങ്ങളിലായി അരങ്ങേറുന്ന ലീഗിൽ എട്ട് ക്ലബുകളാണുള്ളത്. സൗരവ് ഗാംഗുലിയടക്കമുള്ള കൺസോർഷ്യത്തിന്റെയും സ്പാനിഷ് ലാലിഗ ചാമ്പ്യൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള അത്‌ലറ്റിക്കോ ഡി കൊൽക്കത്ത, സച്ചിൻ ടെണ്ടുൽക്കർ സഹ ഉടമയായ കേരളത്തിന്റെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്‌സ്, ജോൺ എബ്രഹാം ഒരുക്കിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി, അഭിഷേക് ബച്ചനും ധോണിയും ചേർന്ന് രൂപം നൽകിയ ചെന്നൈ എഫ്.സി, ഋത്വിക് റോഷന്റെ പൂനെ എഫ്.സി, രൺബീർ കപൂറിന്റെയും നിത അംബാനിയുടെയും മുംബൈ സിറ്റി എഫ്.സി, ഡെൻഗ്രൂപ്പിന്റെ ഡൽഹി ഡൈനാമോസ്, ഗോവൻ ക്ലബുകളുടെ കൂട്ടായ്മയിൽ നിന്ന് രൂപംകൊണ്ട എഫ്.സി ഗോവ എന്നിവയാണ് പ്രഥമ ഐ.എസ്.എല്ലിൽ മാറ്റുരയ്ക്കുന്ന ടീമുകൾ. 10 ആഴ്ച നീളുന്ന ലീഗിൽ കൊൽക്കത്ത, ഗോഹട്ടി, കൊച്ചി, ഫത്തോർഡ്, പൂനെ, ചെന്നൈ, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിലായാണ് മത്സരം നടക്കുന്നത്. ഡിസംബർ 20-നാണ് ഫൈനൽ. എല്ലാ ദിവസവും രാത്രി ഏഴിനാണ് മത്സരങ്ങൾ നടക്കുക.