ഐ.പി.എല്‍ ഫൈനല്‍ തോല്‍വി ധോനിയുടെ ഹൃദയം തകര്‍ത്തുവെന്ന് സഞ്ജയ് മഞ്ജരേക്കര്‍

മത്സരശേഷം ധോനിയുമായി താന് സംസാരിച്ചപ്പോള് എനിക്കത് മനസിലായിരുന്നു. അത്തരമൊരു ധോനിയെ ഞാന് മുന്പ് കണ്ടിട്ട് പോലുമില്ല മഞ്ജരേക്കര് പറഞ്ഞു.
 | 
ഐ.പി.എല്‍ ഫൈനല്‍ തോല്‍വി ധോനിയുടെ ഹൃദയം തകര്‍ത്തുവെന്ന് സഞ്ജയ് മഞ്ജരേക്കര്‍

ഹൈദരാബാദ്: ഐ.പി.എല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിടേറ്റ തോല്‍വി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോനിയുടെ ഹൃദയം തകര്‍ത്തുവെന്ന് കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍. മത്സരശേഷം ധോനിയുമായി താന്‍ സംസാരിച്ചപ്പോള്‍ എനിക്കത് മനസിലായിരുന്നു. അത്തരമൊരു ധോനിയെ ഞാന്‍ മുന്‍പ് കണ്ടിട്ട് പോലുമില്ല മഞ്ജരേക്കര്‍ പറഞ്ഞു.

ഫൈനലില്‍ ഇരു ടീമുകളും പരസ്പരം കീരിടം കൈവിട്ടു കളിക്കുകയായിരുന്നു. രണ്ട് ടീമുകളും കണക്കിന് പിഴവുകള്‍ വരുത്തിയിട്ടുണ്ട്. കുറവ് പിഴവ് വരുത്തിയ ടീം കപ്പുയര്‍ത്തിയെന്ന് മാത്രം. ധോനി മത്സരശേഷം പറഞ്ഞ വാക്കുകളാണിത്. മത്സരത്തില്‍ തിരികെ വരാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അത് മുതലെടുക്കാന്‍ ധോനിക്കും കൂട്ടര്‍ക്കും കഴിഞ്ഞില്ല.

ഷെയ്ന്‍ വാട്‌സണ്‍ (59 പന്തില്‍ 80) ഒഴികെ ചെന്നൈ നിരയില്‍ മറ്റൊരാള്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ബാറ്റ്സ്മാന്‍മാരുടെ സ്ഥിരതയില്ലായ്മ ഒരിക്കല്‍ കൂടി ചെന്നൈയുടെ തോല്‍വിക്ക് കാരണമായെന്ന് നായകന്‍ സൂചിപ്പിക്കുകയും ചെയ്തു. ഫാഫ് ഡു പ്ലെസിസ് (26), സുരേഷ് റെയ്‌ന (8), അമ്പാട്ടി റായുഡു (1), എം.എസ് ധോണി (2), ഡ്വെയ്ന്‍ ബ്രാവോ (15), ഷാര്‍ദുല്‍ ഠാകൂര്‍ (2) എന്നിവരാണ് ചെന്നൈയുടെ പുറത്തായ മറ്റുതാരങ്ങള്‍. ഇതില്‍ നിര്‍ണായകമായത് നായകന്‍ ധോനിയുടെ റണ്‍ഔട്ടാണ്.

മലിംഗയുടെ ഓവര്‍ ത്രോയില്‍ രണ്ടാം റണ്ണിനായി ഓടിയ ധോണിയെ ഇഷാന്‍ കിഷന്‍ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കുകയായിരുന്നു. ഷെയ്ന്‍ വാട്സണെ റണ്ണിനായി ഓടാന്‍ പ്രേരിപ്പിച്ചതും ധോനി തന്നെയാണ്. ഇഞ്ചുകള്‍ വ്യത്യാസത്തില്‍ ധോനി ഔട്ടായി. എന്നാല്‍ ധോനി ക്രീസിലെത്തിയിരുന്നതായും മൂന്നാം അംമ്പയറുടെ തെറ്റായ തീരുമാനത്തിന്റെ പുറത്താണ് ഔട്ട് വിധിക്കപ്പെട്ടതെന്നും വാദം ഉന്നയിച്ച് ആരാധകര്‍ രംഗത്ത് വന്നിട്ടുണ്ട്.