ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗ് പോരാട്ടം ഹിറ്റ്മാനും കോലിയും; ഇനി അറിയേണ്ടത് ആരാണ് പുതിയ നായകന്റെ പേര്!

താരതമ്യ കണക്കുകള് മാറ്റി നിര്ത്തിയാല് കോലിയും മികച്ച പ്രകടനമാണ് ഇംഗ്ലണ്ടില് നടത്തിയത്.
 | 
ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗ് പോരാട്ടം ഹിറ്റ്മാനും കോലിയും; ഇനി അറിയേണ്ടത് ആരാണ് പുതിയ നായകന്റെ പേര്!

ലണ്ടന്‍: ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ ഏറ്റവും റാങ്കിംഗ് പട്ടിക ഐ.സി.സി പുറത്തുവിട്ടു. ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. തൊട്ട് പിന്നിലായി ഉപനായകന്‍ രോഹിത് ശര്‍മ്മയും സ്ഥാനം പിടിച്ചിട്ടുണ്ട്. സെമിയിലെ തോല്‍വി ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമായെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെ പുറത്തുവന്ന റാങ്കിംഗ് പട്ടിക ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. കോലിയേക്കാള്‍ 5 പോയിന്റ് മാത്രമാണ് രോഹിത്തിന് കുറവുള്ളത്. ലോകകപ്പിലെ മിന്നും പ്രകടനം രോഹിത് ശര്‍മ്മയ്ക്ക് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. താരതമ്യ കണക്കുകള്‍ മാറ്റി നിര്‍ത്തിയാല്‍ കോലിയും മികച്ച പ്രകടനമാണ് ഇംഗ്ലണ്ടില്‍ നടത്തിയത്.

ലോകകപ്പില്‍ ഏറ്റവും മികച്ച ടീമുകളിലൊന്നായിട്ടും ഫൈനല്‍ കാണാന്‍ പോലും കഴിയാതെ ഇന്ത്യ പുറത്തായതിന് പിന്നില്‍ നായകന്‍ കോലിയുടെ വീഴ്ച്ചകളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. പിന്നാലെയാണ് കോലിക്കെതിരെ നടപടിയുണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതോടെ ഹിറ്റ്മാനും കോലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹിറ്റ്മാനെ ഏകദിന ക്യാപ്റ്റനാക്കാനാവും ബി.സി.സി.ഐ തീരുമാനിക്കുകയെന്നാണ് സൂചന.

ലോകകപ്പ് അവലോകന യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയാവുമെന്നാണ് മാനേജ്മെന്റ് പ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുന്നത്. കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റന്‍ കോലി, ചീഫ് സെലക്റ്റര്‍ എം.എസ്.കെ പ്രസാദ് എന്നിവരുള്‍പ്പെടെയുള്ളവര്‍ അവലോകന യോഗത്തില്‍ പങ്കെടുക്കും. തോല്‍വിയുമായി ബന്ധപ്പെട്ട് നായകന് നേരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നേക്കും.

ലോകകപ്പില്‍ വിജയിക്കാന്‍ വലിയ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ടീമുകളിലൊന്നായ ഇന്ത്യ പുറത്തായതിന് പിന്നില്‍ നായകന്റെ ചില ശാഠ്യങ്ങളാണെന്നും ഡ്രസിംഗ് റൂം വാര്‍ത്തകളുണ്ട്. സിനീയര്‍ താരങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടാകുന്നത് ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് മാനേജ്മെന്റ് നിഗമനം. കോലിയും ഹിറ്റ്മാനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ രമ്യമായി പരിഹരിക്കാനാവും ബി.സി.സി.ഐ ശ്രമിക്കുക.