ഇന്ത്യ ഓസീസ് കലാശപോരാട്ടം ഇന്ന്; ശിഖര്‍ ധവാനും ഹിറ്റ്മാനും കളിച്ചേക്കില്ല

ഇരുവരുടെയും പരിക്ക് ഗൗരവമേറിയതല്ലെങ്കിലും ഇന്ന് കളത്തിലിറങ്ങുന്ന കാര്യം വ്യക്തമായിട്ടില്ല.
 | 
ഇന്ത്യ ഓസീസ് കലാശപോരാട്ടം ഇന്ന്; ശിഖര്‍ ധവാനും ഹിറ്റ്മാനും കളിച്ചേക്കില്ല

ബംഗളൂരു: ഇന്ത്യ ഓസീസ് ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് നിര്‍ണായക പോരാട്ടം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസീസ് പത്ത് വിക്കറ്റിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ കോലിയും കൂട്ടരും അതിശക്തമായി തിരികെയെത്തി. 36 റണ്‍സിനാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ വിജയം. ടി-20 ലോകകപ്പിന് മുന്‍പ് ടീമിനെ സജ്ജമാക്കാന്‍ പരിശ്രമിക്കുന്ന ഇന്ത്യക്ക് ഓസീസിനെതിരായ പരമ്പര വിജയം അനിവാര്യമാണ്.

അതേസമയം ഓപ്പണര്‍മാരായ രോഹത് ശര്‍മ്മയുടെയും ശിഖര്‍ ധവാന്റെയും പരിക്ക് ഇന്ത്യക്ക് തലവേദനയായി മാറിയിരിക്കുകയാണ്. ഇരുവരുടെയും പരിക്ക് ഗൗരവമേറിയതല്ലെങ്കിലും  ഇന്ന് കളത്തിലിറങ്ങുന്ന കാര്യം വ്യക്തമായിട്ടില്ല. രണ്ട് മത്സരങ്ങളിലും അര്‍ധസെഞ്ച്വറി നേടിയ ധവാന്‍ മിന്നും ഫോമിലാണ്. ബാറ്റിംഗിനിടെ പാറ്റ് കമിന്‍സിന്റെ പന്ത് ഇടുപ്പില്‍ തട്ടിയാണ് ധവാന് പരിക്കേറ്റത്. ആ മത്സരത്തില്‍ ധവാന്‍ ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. ബൗണ്ടറി തടയാനുള്ള ശ്രമിത്തില്‍ ഡൈവ് ചെയ്തപ്പോഴാണ് രോഹിത്തിന്റെ തോളിന് പരിക്കേറ്റത്.

ഹിറ്റ്മാന്റെ പരിക്ക് അത്ര ഗൗരവമേറിയതല്ലെന്നും ഇരുവരും അതിവേഗം സുഖംപ്രാപിച്ചു വരികയാണെന്നുമാണ് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. ഹിറ്റ്മാനും ധവാനും കളിക്കാനായാല്‍ കഴിഞ്ഞ മത്സരത്തിന് സമാന ടീമായിരിക്കും ഇന്നും കളത്തിലിറങ്ങുക. . രോഹിത്തിനോ ധവാനോ ആരെങ്കിലും ഒരാള്‍ക്ക് കളിക്കാനായില്ലെങ്കില്‍ കെ.എല്‍ രാഹുല്‍ ഓപ്പണര്‍ സ്ഥാനത്തെത്തും. ഇരുവര്‍ക്കും കളിക്കാനായില്ലെങ്കില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. ബാറ്റിംഗിനെ പിന്തുണയ്ക്കുന്ന ചിന്നസ്വാമിയെ പിച്ചില്‍ റണ്ണൊഴുകുമെന്നാണ് പ്രതീക്ഷിക്കുന്നത്.