ആകാശം തെളിയുന്നു; ഇന്ത്യ-ന്യൂസീലാന്‍ഡ് മത്സരം അല്‍പ്പസമയത്തിനകം പുനരാരംഭിക്കും

ഇന്നത്തെ മത്സരം മഴ മുടക്കിയാല് ഗ്രൂപ്പ് ഘട്ടത്തിലെ പൊയിന്റുകളുടെ അടിസ്ഥാനത്തിലാവും ഫൈനലിസ്റ്റുകളെ തീരുമാനിക്കുക
 | 
ആകാശം തെളിയുന്നു; ഇന്ത്യ-ന്യൂസീലാന്‍ഡ് മത്സരം അല്‍പ്പസമയത്തിനകം പുനരാരംഭിക്കും

മാഞ്ചസ്റ്റര്‍: ഇന്ത്യ-ന്യൂസീലന്‍ഡ് സെമി ഫൈനല്‍ മത്സരം കൃത്യസമയത്ത് തന്നെ പുനരാരംഭിക്കുമെന്ന് സൂചന. നിലവില്‍ മൈതാനത്ത് തെളിഞ്ഞ കാലാവസ്ഥയാണ്. ഉച്ചയോടെ ആകാശം മേഘാവൃതമാകാന്‍ സാധ്യതയുണ്ടെങ്കിലും കനത്ത മഴ ഉണ്ടാകില്ലെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ട്. റിസര്‍വ് ദിനത്തില്‍ കൃത്യസമയത്ത് കളി ആരംഭിക്കുകയാണെങ്കില്‍ മത്സരത്തിലെ 100 ഓവറുകളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധാകര്‍.

റിസര്‍വ് ദിനമായ ഇന്നത്തെ മത്സരം മഴ മുടക്കിയാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ പൊയിന്റുകളുടെ അടിസ്ഥാനത്തിലാവും ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. അങ്ങനെ വന്നാല്‍ ഇന്ത്യക്ക് ഫൈനലിലേക്ക് പ്രവേശനം ലഭിക്കും. അതേസമയം കാലാവസ്ഥ റിസര്‍വ് ദിനത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നാണ് പ്രവചനം.

ഇന്ന് മഴ പെയ്യുന്ന സാഹചര്യമുണ്ടായാല്‍ ഓവറുകള്‍ വെട്ടിച്ചുരുക്കാനാവും ആദ്യം ശ്രമിക്കുക. അതേസമയം ഇന്ത്യക്ക് 20 ഓവറുകള്‍ മിനിമം ബാറ്റ് ചെയ്യാനുള്ള അവസരം ഉറപ്പായാല്‍ മാത്രമെ ഓവര്‍ വെട്ടിച്ചുരുക്കി മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയൂ. നിലവില്‍ 46.1 ഓവറില്‍, 5 വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. 67 റണ്‍സുമായി റോസ് ടെയ്ലറും, മൂന്ന് റണ്‍സുമായി ടോം ലെയ്ഥമുമാണ് ക്രീസില്‍.