സെമിയില്‍ കോലിയെ പുറത്താക്കിയതും അമ്പയറിംഗിലെ അപാകതയെന്ന് സൂചന

ഫീല്ഡ് അമ്പയര് ഇതേ എല്.ബി.ഡബ്ല്യു നോട്ട്ഔട്ട് നല്കിയിരുന്നെങ്കില് വിധി മറ്റൊന്നാകുമായിരുന്നു.
 | 
സെമിയില്‍ കോലിയെ പുറത്താക്കിയതും അമ്പയറിംഗിലെ അപാകതയെന്ന് സൂചന

മാഞ്ചസ്റ്റര്‍: ന്യൂസിലാന്‍ഡിനെതിരായ സെമി പോരാട്ടത്തില്‍ മഹേന്ദ്ര സിങ് ധോണിയുടെ പുറത്താകല്‍ വിവാദമായതിന് പിന്നാലെ കോലിയുടെ വിക്കറ്റും അമ്പയറിംഗ് പിഴവെന്ന സൂചന. ഇന്ത്യയുടെ സ്‌കോര്‍ അഞ്ച് റണ്‍സില്‍ നില്‍ക്കെ ട്രെന്‍ഡ് ബോള്‍ട്ടിന്റെ പന്തിലാണ് ഇന്ത്യന്‍ നായകന്‍ പുറത്താകുന്നത്. എല്‍.ബി.ഡബ്യു അപ്പീല്‍ അനുവദിച്ച ഫീല്‍ഡ് അമ്പയറിനെ ചോദ്യം ചെയ്ത് കോലി റിവ്യൂ ആവശ്യപ്പെട്ടിരുന്നു. വിക്കറ്റില്‍ പന്ത് തൊട്ടതിനാല്‍ നിയമപരമായി ഫീല്‍ഡ് അമ്പയറിന്റെ തീരുമാനം അംഗീകരിക്കുകയാണെന്ന് ടി.വി അമ്പയര്‍ വിധിച്ചു.

അതേസമയം ഫീല്‍ഡ് അമ്പയര്‍ ഇതേ എല്‍.ബി.ഡബ്ല്യു നോട്ട്ഔട്ട് നല്‍കിയിരുന്നെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നു. ന്യൂസിലാന്‍ഡ് റിവ്യൂ ആവശ്യപ്പെട്ടാല്‍ പോലും അത് ഓണ്‍ ഫീല്‍ഡ് അമ്പയറിന്റെ തീരുമാനത്തിനായിരിക്കും പരിഗണന. നേരത്തെ ഈ തീരുമാനത്തെ ചോദ്യം ചെയ്തതിന് കോലിക്ക് മാച്ച് ഫീസിന്റെ 30 ശതമാനം പിഴയായി നല്‍കേണ്ടി വന്നിട്ടുണ്ട്. ധോണിയും അമ്പയറിംഗ് പിഴവിന്റെ ഇരയായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ധോനി പുറത്തായതിന് തൊട്ടുമുന്‍പുള്ള പന്ത് നോ-ബോളായിരുന്നുവെന്നും റണ്ണൗട്ടായ പന്ത് ഫ്രീഹിറ്റ് ലഭിക്കണമായിരുന്നുവെന്നുമാണ് ആരോപണം. ഫ്രീ ഹിറ്റ് ലഭിക്കുന്ന പന്ത് ധോണി ഒരിക്കലും ഡബിള്‍ റണ്‍സെടുക്കാനുള്ള ശ്രമം നടത്തില്ല. കൂറ്റനടിക്ക് മുതിര്‍ന്നാല്‍ റണ്ണൗട്ട് സാഹചര്യം ഒഴിവാകുമായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

അവസാന പത്തോവര്‍ പവര്‍ പ്ലേയില്‍ അഞ്ച് ഫീല്‍ഡര്‍മാര്‍ക്കാണ് 30 യാര്‍ഡ് സര്‍ക്കിളിന് പിറകില്‍ നില്‍ക്കാന്‍ അനുവാദമുള്ളത്. ധോണിയുടെ റണ്ണൗട്ടിന് തൊട്ട് മുന്‍പത്തെ പന്തില്‍ 6 ഫീല്‍ഡര്‍മാര്‍ ബൗണ്ടറി ലൈനിന് തൊട്ടടുത്തായി നില്‍ക്കുന്നത് ഫീല്‍ഡ് സെറ്റിംഗില്‍ വ്യക്തമായിരുന്നു. എന്നാല്‍ അമ്പയര്‍മാര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ല.