പ്രതാപ കാലത്തെ ഓര്‍മ്മിപ്പിച്ച് പാകിസ്ഥാന്‍; ഇന്ത്യക്കെതിരെ ഇന്‍സമാം ഉള്‍ ഹഖ് ഉയര്‍ത്തിയ വെല്ലുവിളി വെറുതെയല്ല!

ഇംഗ്ലണ്ടിനെതിരായ പ്രകടനം ആവര്ത്തിച്ചാല് ഇന്ത്യക്ക് പാക് കടമ്പ കടുപ്പമേറിയതാവുമെന്നത് തീര്ച്ച.
 | 
പ്രതാപ കാലത്തെ ഓര്‍മ്മിപ്പിച്ച് പാകിസ്ഥാന്‍; ഇന്ത്യക്കെതിരെ ഇന്‍സമാം ഉള്‍ ഹഖ് ഉയര്‍ത്തിയ വെല്ലുവിളി വെറുതെയല്ല!

ലണ്ടന്‍: ലോകകപ്പ് നേടാന്‍ ഏറ്റവും കൂടതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ടീമുകളിലൊന്നായിരുന്നു ആതിഥേയരായ ഇംഗ്ലണ്ട്. എന്നാല്‍ ഇന്നലെ ഇംഗ്ലീഷ് പടയുടെ നെഞ്ചില്‍ തീകോരിയിട്ടാണ് പാകിസ്ഥാന്‍ വിജയം പിടിച്ചെടുത്തത്. ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് ദയനീയമായി പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെ നേരിടാനെത്തിയത്. ട്രെന്റ് ബ്രിഡ്ജിലെ ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ പക്ഷേ പ്രതാപികളായ പാകിസ്ഥാനെ ഓര്‍മ്മിപ്പിക്കുന്ന ഒത്തിണക്കത്തോടെയാണ് ടീം കളിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 349 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇംഗ്ലണ്ടിനായി ജോ റൂട്ടും (107), ജോസ് ബട്‌ലര്‍ (103) നേടിയ സെഞ്ചുറികള്‍ പാഴായി. വഹാബ് റിയാസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശദബ് ഖാനും മുഹമ്മദ് അമീറും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നിരന്തരം പഴി കേള്‍ക്കേണ്ടി വന്ന നായകന്‍ സഫ്രാസിന് ആശ്വാസമാകുന്ന വിജയം കൂടിയാണിത്. പാകിസ്ഥാന്റെ പ്രകടനം ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. ബദ്ധവൈരികളുടെ ആദ്യ പോരാട്ടം ജൂണ്‍ പതിനാറിനാണ്.

നേരത്തെ ഇന്ത്യയെ പാകിസ്ഥാന്‍ വീഴ്ത്തുമെന്ന് മുന്‍ പാക്താരവും മുഖ്യ സെലക്ടറുമായ ഇന്‍സമാം ഉള്‍ ഹഖ് അവകാശപ്പെട്ടിരുന്നു. ഇംഗ്ലണ്ടിനെതിരായ പ്രകടനം ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് പാക് കടമ്പ കടുപ്പമേറിയതാവുമെന്നത് തീര്‍ച്ച. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോടും തോറ്റാണ് പാകിസ്ഥാന്‍ ലോകകപ്പിന് ഇറങ്ങിയത്. ആദ്യമത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് യാതൊരു ചെറുത്തുനില്‍പ്പും കൂടാതെ കീഴടങ്ങുകയും ചെയ്തു. എന്നാല്‍ പ്രവചനങ്ങളും കടലാസിലെ കണക്കുകള്‍ക്കും അന്തിമ വിജയിയെ തീരുമാനിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പിക്കുന്നതാണ് ട്രെന്റ് ബ്രിഡ്ജിലെ മത്സരഫലം.