കരുതലോടെ രാഹുല്‍ അതിവേഗത്തില്‍ ഹിറ്റ്മാന്‍; പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

പതുക്കെ ആരംഭിച്ച ഇന്ത്യ ഇപ്പോള് അതിവേഗത്തില് മുന്നേറുകയാണ്. രണ്ട് സിക്സറുകളുടെയും ആറ് ബൗണ്ടറികളുടെയും അകമ്പടിയോടെ രോഹിത് ശര്മ്മ അര്ധ സെഞ്ച്വറി തികച്ചു കഴിഞ്ഞു.
 | 
കരുതലോടെ രാഹുല്‍ അതിവേഗത്തില്‍ ഹിറ്റ്മാന്‍; പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

മാഞ്ചസ്റ്റര്‍: പാകിസ്ഥാനെതിരായ ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. അവസാനം റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 80 റണ്‍സെടുത്തിട്ടുണ്ട്. ശിഖര്‍ ധവാന് പകരം കെ.എല്‍ രാഹുലാണ് രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണിംഗിനിറങ്ങിയത്.

പതുക്കെ ആരംഭിച്ച ഇന്ത്യ ഇപ്പോള്‍ അതിവേഗത്തില്‍ മുന്നേറുകയാണ്. രണ്ട് സിക്‌സറുകളുടെയും ആറ് ബൗണ്ടറികളുടെയും അകമ്പടിയോടെ രോഹിത് ശര്‍മ്മ അര്‍ധ സെഞ്ച്വറി തികച്ചു കഴിഞ്ഞു. എന്നാല്‍ മറുവശത്ത് കരുതലോടെ ബാറ്റ് വീശുന്ന രാഹുല്‍ 40 പന്തില്‍ നിന്നും 28 റണ്‍സ് മാത്രമെ നേടിയിട്ടുള്ളു.

പാകിസ്ഥാന്റെ സ്റ്റാര്‍ ബൗളര്‍ ആമിറിനെ കരുതലോടെ നേരിട്ട ഇരുവരും പക്ഷേ മറ്റു ബൗളര്‍മാരെ നിലംതൊടീച്ചിട്ടില്ല. ഷഹാബ് ഖാനെ രണ്ട് ഓവറില്‍ 20 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. വഹാബ് റിയാസ്, ഹസന്‍ അലി എന്നിവരും ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ബാറ്റിന്റെ ചൂടറിഞ്ഞിട്ടുണ്ട്. വിക്കറ്റുകള്‍ നഷ്ടപ്പെടാതെ മുന്നേറാനായാല്‍ ഇന്ത്യക്ക് മികച്ച് സ്‌കോറിലേക്ക് എത്താന്‍ സാധിക്കുമെന്ന് ഉറപ്പാണ്.

ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ എത്തിയ ലോകകപ്പ് മത്സരങ്ങള്‍

പാകിസ്ഥാന്‍ ലോകകപ്പ് കൈപ്പിടിയിലാക്കിയ 1992ലാണ് ആദ്യമായി ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ ഇറങ്ങുന്നത്. അന്ന് 43 റണ്‍സിന് പാകിസ്ഥാന്‍ ഇന്ത്യയോട് തോറ്റു. മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ അര്‍ധ സെഞ്ച്വറി മത്സരത്തില്‍ നിര്‍ണായകമായി. പിന്നീട് ഇന്ത്യ ആതിഥേയരായ 1996ലെ ലോകകപ്പ്, ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ പതിനായിരങ്ങളെ സാക്ഷിയാക്കി ഇന്ത്യ വിജയിച്ചു കയറി. വിജയം 39 റണ്‍സിന്. കുറഞ്ഞ ഓവര്‍ നിരക്കിന് പാക്കിസ്ഥാന്‍ ഓരോവര്‍ പിഴയായി നല്‍കേണ്ടി വരികയും ചെയ്തു.

1999 ലോകകപ്പില്‍ ഇന്ത്യയുടെ പേസ് ഇതിഹാസം വെങ്കിടേഷ് പ്രസാദിന് മുന്നില്‍ പാക് ബാറ്റ്‌സ്മാന്‍മാര്‍ മുട്ടുമടക്കി. ഇന്ത്യ ഉയര്‍ത്തിയ 227 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 180ല്‍ വീണു. ഇന്ത്യ ഫൈനലിലെത്തിയ 2003ല്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 45-ാം ഓവറില്‍ മറികടന്നു. അന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്തായത് 98 റണ്‍സിന്. പിന്നീട് എട്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്.

2011ല്‍ മഹേന്ദ്ര സിംഗ് ധോനിക്ക് പിന്നില്‍ അണിനിരന്നത് ഇന്ത്യയുടെ എക്കാലത്തെയും ശക്തമായ ടീം. പാകിസ്ഥാനും മികച്ച ഫോമില്‍ കളിക്കുന്ന താരങ്ങളുമായിട്ടാണ് ഇന്ത്യയിലെത്തുന്നത്. മൊഹാലിയിലും പക്ഷേ സച്ചിന്‍ പാക് മുന്നേറ്റത്തിന് തടയിട്ടു. 29 റണ്‍സിന് പാകിസ്ഥാനെ ഇന്ത്യ മറികടന്നു. സച്ചിനായിരുന്നു കളിയിലെ താരം. 2015 ലോകകപ്പില്‍ വിരാട് കോലിയുടെ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ നേടിയത് 300 റണ്‍സ്. മറുപടി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന് പക്ഷേ ഇന്ത്യന്‍ പേസ് അറ്റാക്കിന് മുന്നില്‍ അടിപതറി. ലക്ഷ്യത്തിന് 76 റണ്‍സ് പിന്നില്‍ എല്ലാവരും പുറത്തായി.