ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത; ഖത്തറിനെതിരെ പൊരുതാന്‍ സുനില്‍ ഛേത്രിയുടെ നീലപ്പട

സന്തേഷ് ജിങ്കന്-അനസ് എടത്തൊടിക കൂട്ടുകെട്ട് വന്മതില് പണിഞ്ഞാല് ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ട്.
 | 
ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത; ഖത്തറിനെതിരെ പൊരുതാന്‍ സുനില്‍ ഛേത്രിയുടെ നീലപ്പട

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ന് ഇന്ത്യ ഖത്തറിനെ നേരിടും. ഇന്ത്യന്‍ സമയം 10 മണിക്ക് ദോഹയിലെ ജാസിം ബിന്‍ ഹമാദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനോട് സമനില പിടിക്കാനാവും ഇന്ത്യയിന്ന് ശ്രമിക്കുക. ഒമാനെതിരായ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വി മറികടക്കാന്‍ സുനില്‍ ഛേത്രിക്കും കൂട്ടര്‍ക്കും കഴിഞ്ഞാല്‍ ഇന്ന് ദോഹയില്‍ ചരിത്രം പിറക്കും.

മലയാളി താരങ്ങളായ ആഷിഖ് കരുണിയന്‍, സഹല്‍ അബ്ദുല്‍ സമദ്, അനസ് എടത്തൊടിക എന്നിവര്‍ ഇന്ന് കളിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ ആഷിഖിന് മാത്രമാണ് ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചത്. മധ്യനിരയിലെ പോരായ്മ ഇത്തവണ പരിഹരിക്കുമെന്നാണ് കോച്ച് നല്‍കുന്ന സൂചന. സഹലിന് ഇന്ന് ആദ്യ ഇലവനില്‍ സ്ഥാനം നല്‍കിയേക്കും. ഖത്തറിന്റെ ആക്രമണ ഫുട്‌ബോളിനെ പ്രതിരോധിക്കുക ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ജോലിയാണ്.

സന്തേഷ് ജിങ്കന്‍-അനസ് എടത്തൊടിക കൂട്ടുകെട്ട് വന്‍മതില്‍ പണിഞ്ഞാല്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ട്. സജീവ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച അനസിനെ തിരികെ വിളിച്ചതിന് പിന്നാലെ നടക്കുന്ന നിര്‍ണായക ടൂര്‍ണമെന്റാണിത്. അനസിന്റെ സാന്നിധ്യം ടീമിലുണ്ടാവുന്നത് ജൂനിയര്‍ താരങ്ങള്‍ക്ക് പ്രചോദനമാകുമെന്നാണ് മാനേജ്‌മെന്റിന്റെ നീരീക്ഷണം. ഞങ്ങള്‍ക്ക് പേടിക്കാനൊന്നുമില്ല. മൈതാനത്ത് മികച്ച പോരാട്ടം നടത്തും. ടീമില്‍ വിശ്വാസമുണ്ട് എന്നായിരുന്നു കോച്ചിന്റെ പ്രതികരണം.