റെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തി മായങ്കും ഹിറ്റ്മാനും; രണ്ടാം ദിനം റണ്‍മല തീര്‍ക്കാന്‍ ഇന്ത്യ

രോഹിത് ആദ്യമായി ടെസ്റ്റില് ഓപ്പണറായി കളത്തിലിറങ്ങിയ മത്സരത്തില് റെക്കോര്ഡ് കൂട്ടുകെട്ടാണ് മായങ്കിനൊപ്പം പടുത്തുയര്ത്തിയത്.
 | 
റെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തി മായങ്കും ഹിറ്റ്മാനും; രണ്ടാം ദിനം റണ്‍മല തീര്‍ക്കാന്‍ ഇന്ത്യ

വിശാഖപട്ടണം: ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളിന്റെയും രോഹിത് ശര്‍മ്മയുടെയും മികവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ റണ്‍മല തീര്‍ക്കാന്‍ ഇന്ത്യ. ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറിയ മത്സരത്തില്‍ 176 റണ്‍സടിച്ചാണ് രോഹിത് ശര്‍മ്മ പുറത്തായത്. 23 ഫോറും ആറ് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിംഗ്‌സ്. മറുവശത്ത് മായങ്ക് അഗര്‍വാള്‍ 138 റണ്‍സുമായി അപരാജിത മുന്നേറ്റം തുടരുകയാണ്. വിക്കറ്റൊന്നും നഷ്ടപ്പെടാതെ 202 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. അവസാനം വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 324 റണ്‍സ് നേടിയിട്ടുണ്ട്.

രോഹിത് ആദ്യമായി ടെസ്റ്റില്‍ ഓപ്പണറായി കളത്തിലിറങ്ങിയ മത്സരത്തില്‍ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് മായങ്കിനൊപ്പം പടുത്തുയര്‍ത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏത് വിക്കറ്റിലും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോര്‍ഡ് ഇരുവരും സ്വന്തം പേരിലാക്കി. 2007-2008ല്‍ ചെന്നൈ ടെസ്റ്റില്‍ രണ്ടാം വിക്കറ്റില്‍ രാഹുല്‍ ദ്രാവിഡും വിരേന്ദര്‍ സെവാഗും ചേര്‍ന്നെടുത്ത 268 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ക്ക് മുന്നില്‍ വഴിമാറിയത്. ആദ്യ ദിനത്തിലെ അവസാന സെഷന്‍ മഴയെടുത്തിരുന്നു.

സ്ഥിരതയാര്‍ന്ന ഓപ്പണര്‍മാര്‍ ഇല്ലാതിരുന്നതോടെയാണ് ഹിറ്റ്മാനെ ഓപ്പണര്‍ സ്ഥാനത്ത് പരീക്ഷിക്കാന്‍ മാനേജ്മെന്റ് തീരുമാനിക്കുന്നത്. പരീക്ഷണം വെറുതയായില്ലെന്ന് വേണം പറയാന്‍. സൂക്ഷ്മതയോടെ ബാറ്റ് വീശിയ രോഹിത് മോശം പന്തുകളെ അതിര്‍ത്തി കടത്തിയാണ് മുന്നേറിയത്. ദക്ഷിണാഫ്രിക്കന്‍ പേസ് ആക്രമണത്തെ കൃത്യതയോടെ പ്രതിരോധിക്കാനും ഇതോടെ കഴിഞ്ഞു. കാഗിസോ റബാഡയും വെര്‍നോണ്‍ ഫിലാന്‍ഡറും ന്യൂബോളില്‍ മികച്ച രീതിയില്‍ പന്തെറിയുന്നവരാണ്. എന്നാല്‍ ഇരുവര്‍ക്കും മായങ്ക്-രോഹിത് കൂട്ടുകെട്ടിനെ പിടിച്ചുകെട്ടാനായില്ല. രോഹിത് പുറത്തായതിന് ശേഷം ചേതേശ്വര്‍ പൂജാരെയാണ് ക്രീസിലെത്തിയിരിക്കുന്നത്.