ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഷമിയും ജഡേജയും; ആദ്യ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ വിജയത്തിനരികെ

സെഞ്ച്വറി നേടിയ ഓപ്പണര് രോഹിത് ശര്മ്മ ചേതേശ്വര് പൂജാര (81)യും ചേര്ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിന് കരുത്തായത്.
 | 
ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഷമിയും ജഡേജയും; ആദ്യ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ വിജയത്തിനരികെ

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഒരു വിക്കറ്റിന് 11 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം തുടങ്ങിയ ദക്ഷിണാഫ്രിക്ക ഷമിക്ക് മുന്നില്‍ തകര്‍ന്നുവീണു. ഡി ബ്രുയിന്റെ കുറ്റിതെറിപ്പിച്ച് രവിചന്ദ്ര അശ്വിനാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് ഷമി ഏറ്റെടുത്തു. മിന്നല്‍ വേഗത്തില്‍ പന്തെറിഞ്ഞ ഷമി ബാവുമ(0), ഫാഫ് ഡുപ്ലസി(13), ക്വിന്റണ്‍ ഡികോക്ക്(0) എന്നിവരുടെ വിക്കറ്റ് തെറിപ്പിച്ചു. പിന്നാലെ മാന്ത്രിക സ്പിന്നുമായി ജഡേജയും കരുത്തുകാട്ടിയതോടെ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു. അവസാനം വിവരം ലഭിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.

ഇനി രണ്ട് വിക്കറ്റുകള്‍ കൂടി ലഭിച്ചാല്‍ ഇന്ത്യ പരമ്പരയിലെ ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കും. 39 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രാമിന്റെ ചെറുത്തുനില്‍പ്പ് മാറ്റിനിര്‍ത്തിയാല്‍ ഡുപ്ലസിയും കൂട്ടരും പൂര്‍ണമായും പരാജയപ്പെട്ടു. മാര്‍ക്രാമിന്റെ വിക്കറ്റ് ജഡേജയ്ക്കാണ്. ഫിലാന്‍ഡറും മഹാരാജും പൂജ്യരായിട്ടാണ് ജഡേജയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. ഷമി-ജഡേജ കൂട്ടുകെട്ട് മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ ദക്ഷിണാഫ്രിക്ക പവലിയനിലേക്ക് ഘോഷയാത്ര നടത്തുകയായിരുന്നു.

മുത്തുസ്വാമിയും ഡെയ്ന്‍ പീറ്റുമാണ് ഇപ്പോള്‍ ക്രീസില്‍. നേരത്തെ സെഞ്ച്വറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മ ചേതേശ്വര്‍ പൂജാര (81)യും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിന് കരുത്തായത്. നാലാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും (32 പന്തില്‍ 40), ക്യാപ്റ്റന്‍ വിരാട് കോലിയും(25 പന്തില്‍ 31 നോട്ടൗട്ട്), അജിങ്ക്യാ രഹാനെയും(17 പന്തില്‍ 27 നോട്ടൗട്ട്) സ്‌കോറിംഗിന്റെ വേഗം വര്‍ദ്ധിപ്പിച്ചതാണ് നാലാം ദിനം അവസാനിക്കും മുന്‍പ് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കാന്‍ സഹായിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന്റെ നടുവൊടിച്ചത് അശ്വിന്റെ പ്രകടനമാണ്. 7 വിക്കറ്റാണ് താരം സ്വന്തമാക്കിയത്.