ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20; മൊഹാലിയില്‍ മഴപ്പേടിയില്ല, ‘ബുമ്ര മാജികിന്’ പകരക്കാരനെ തേടി കോലി

ഖലീല് അഹമ്മദ്, നവദീപ് സൈനി, ദീപക് ചഹര് എന്നിവരാണ് ടീമിലെ പേസ് ബൗളര്മാര്.
 | 
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20; മൊഹാലിയില്‍ മഴപ്പേടിയില്ല, ‘ബുമ്ര മാജികിന്’ പകരക്കാരനെ തേടി കോലി

മൊഹാലി: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ഇന്ന്. വൈകീട്ട് 7 മണിക്ക് മൊഹാലിയിലാണ് മത്സരം. ബാറ്റിംഗിന് പിന്തുണയ്ക്കുന്ന പിച്ചില്‍ റണ്ണൊഴുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇന്ന് കാലാവസ്ഥ അനുകൂലമായിരിക്കുമെന്നാണ് പ്രവചനം. മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ മൊഹാലിയില്‍ തിളങ്ങിയാല്‍ കോലിക്കും കൂട്ടര്‍ക്കും മികച്ച വിജയം പ്രതീക്ഷിക്കാം.

ജസ്പ്രീത് ബുമ്ര ഇന്നത്തെ മത്സരത്തില്‍ കളിക്കില്ല. ഖലീല്‍ അഹമ്മദ്, നവദീപ് സൈനി, ദീപക് ചഹര്‍ എന്നിവരാണ് ടീമിലെ പേസ് ബൗളര്‍മാര്‍. മികച്ച ഫോമില്‍ കളിക്കുന്ന സൈനി ഇന്ന് തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്ത് തന്നെയായിരിക്കും. രവീന്ദ്ര ജഡേജ, വാഷിംടണ്‍ സുന്ദര്‍, രാഹുല്‍ ചഹര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവരാണ് സ്പിന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക.

രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ഓപ്പണിംഗ് ഇറങ്ങിയാല്‍ കെ.എല്‍ രാഹുല്‍ നാലാം സ്ഥാനത്തേക്ക് മാറേണ്ടി വരും. ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരും 15 അംഗ ടീമിലുണ്ട്. ബാറ്റിംഗിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യ 5 ബാറ്റ്‌സ്മാന്‍മാരെ പരിഗണിക്കാനാണ് സാധ്യത. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.