ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സമ്പൂര്‍ണ ആധിപത്യം നേടാന്‍ ഇന്ത്യ; പന്തിന്റെ ഭാവി ഇന്നറിയാം

ഐ.പി.എല്ലിന് സമാന രീതിയിലാണ് പിച്ചൊരുക്കിയിരിക്കുന്നത്, കൂടാതെ ചെറിയ മൈതാനം കൂടിയാണ് ചിന്നസ്വാമിയിലേത്.
 | 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സമ്പൂര്‍ണ ആധിപത്യം നേടാന്‍ ഇന്ത്യ; പന്തിന്റെ ഭാവി ഇന്നറിയാം

ബംഗളൂരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന് ബംഗളൂരുവില്‍. രാത്രി ഏഴ് മണിക്കാണ് മത്സരം. ഇന്ന് വിജയിച്ചാല്‍ ഇന്ത്യന്‍ മണ്ണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20 പരമ്പര കോലിക്കും കൂട്ടര്‍ക്കും സ്വന്തമാക്കാം. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിന്റെ നായകന്റെ കോലിയുടെ മിന്നും പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു.

ചിന്നസ്വാമിയിലെ ബാറ്റിംഗി പിച്ചില്‍ റണ്ണൊഴുകുമെന്നാണ് കരുതുന്നത്. ഐ.പി.എല്ലിന് സമാന രീതിയിലാണ് പിച്ചൊരുക്കിയിരിക്കുന്നത്, കൂടാതെ ചെറിയ മൈതാനം കൂടിയാണ് ചിന്നസ്വാമിയിലേത്. ഇരുടീമുകളും വിജയത്തില്‍ കൂടുതലൊന്നും ഇന്ന് പ്രതീക്ഷിക്കുന്നില്ല. ഫോമില്ലാഴ്മ അലട്ടുന്ന വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിലാണ് ഇന്ന് ആരാധകരുടെ കണ്ണ്. നേരത്തെ പന്തിനെ പുകഴ്ത്തി ഇതിഹാസ താരം സൗരവ് ഗാംഗുലി രംഗത്ത് വന്നിരുന്നു. ഋഷഭ് പന്തിന് എഴുതി തള്ളാനായിട്ടില്ല. അദ്ദേഹം മാച്ച് വിന്നറാകാന്‍ കെല്‍പ്പുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണെന്നും ദാദ പറഞ്ഞു.

അതേസമയം മോശം പ്രകടനം തുടരുന്ന ഋഷഭ് പന്തിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ സെലക്ടര്‍മാര്‍ ആരംഭിച്ചതായിട്ടാണ് സൂചന. മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയ താരങ്ങളാണ് പരിഗണനയിലുള്ളതെന്ന് മുഖ്യ സെലക്ടര്‍ എണ്‍.എസ്.കെ പ്രസാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ടി20 ലോകകപ്പിലേക്ക് സ്ഥാനമുറപ്പിക്കാന്‍ ഇന്ന് ഋഷഭ് പന്തിന് മികച്ച രീതിയില്‍ കളിച്ചേ മതിയാകു.