Tuesday , 17 September 2019
News Updates

ലോകകപ്പിലെ ആദ്യപോരാട്ടത്തിന് കോലിയും സംഘവും ഇന്നിറങ്ങും; ധവാന്‍, ബുംമ്ര ‘മാജിക്’ പ്രതീക്ഷിച്ച് ആരാധകര്‍!

സതാംപ്ടണ്‍: ലോകകപ്പിലെ ആദ്യ പോരാട്ടത്തിനായി ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. ദക്ഷിണാഫ്രിക്കയാണ് എതിരാളി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നിന് സതാംപ്ടണിലെ ദി റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ടാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ നേരിടാനെത്തുന്നത്. വിജയ ശതമാനത്തില്‍ ഇന്ത്യ ഒട്ടേറെ മുന്നിലാണെങ്കിലും നിര്‍ഭാഗ്യവും മഴയും വില്ലനായാല്‍ കോലിയും കൂട്ടരും സമ്മര്‍ദ്ദത്തിലാവും.

ലോകകപ്പില്‍ അത്ര ആശാവഹമായ ചരിത്രമല്ല ദക്ഷിണാഫ്രിക്കയുമായി ഇന്ത്യക്ക് അവകാശപ്പെടാനുള്ളത്. ഇരുടീമുകളും ഇതുവരെ 4 തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമായിരുന്നു. 2011ല്‍ ഇന്ത്യ നേടിയ ലോകകപ്പില്‍ പോലും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഇന്ത്യ വീണിരുന്നു. എന്നാല്‍ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കാന്‍ പാകത്തിനുള്ള കരുത്തരാണ് ഇന്ത്യ. ഹിറ്റ്മാന്‍ രോഹിതും ശിഖര്‍ ധവാനും മികച്ച തുടക്കം സമ്മാനിച്ചാല്‍ ഇന്ത്യ വിജയം പിടിച്ചടക്കുമെന്നതില്‍ സംശയമില്ല.

നായകന്‍ വിരാട് കോലിയാണ് ഐസിസി ഏകദിന ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും. എം.സ് ധോനി, കേദാര്‍ ജാദവ്, വിജയ് കൃഷ്ണ, ലോകേഷ് രാഹുല്‍, ഹര്‍ദ്ദിക് പാണ്ഡ്യ തുടങ്ങിയവരും സമീപകാലത്ത് മികച്ച ഫോമിലാണ് കളിക്കുന്നത്. എന്നാല്‍ ഇവരെക്കാളും ഇംഗ്ലണ്ടിലെ പിച്ചുകളില്‍ തിളങ്ങാന്‍ പോകുന്നത് ഓപ്പണര്‍ ശിഖര്‍ ധവാനായിരിക്കും. ഇഗ്ലംണ്ടിലെ പിച്ചുകളില്‍ സ്ഥിരത അവകാശപ്പെടാനുള്ള ഒരേയൊരു താരവും ധവാനാണ്.

ഇംഗ്ലണ്ടില്‍ 65.07 ശരാശരിയിലും 101.04 സ്ട്രൈക്ക് റേറ്റിലുമാണ് ധവാന്‍ കളിക്കുന്നത്. നിലവിലെ ലോകകപ്പ് സ്‌ക്വാഡിലുള്ള ബാറ്റ്സ്മാന്‍മാരില്‍ ഏറ്റവും ഉയര്‍ന്ന ശരാശരിയും സ്ട്രൈക്ക് റേറ്റുമാണിത്. ഇന്ത്യ ചാമ്പ്യന്‍മാരായ 2013 ചാമ്പ്യന്‍സ്ട്രോഫിയില്‍ അഞ്ചു കളിയില്‍ 363 റണ്‍സുമായി ധവാന്‍ ടോപ് സ്‌കോററും ടൂര്‍ണമെന്റിലെ താരവുമായിരുന്നു. കൂടാതെ 2017ലെയും ചാമ്പ്യന്‍സ് ട്രോഫിയിലെ മാന്‍ ഓഫ് ദി സീരീസ് ധവാനായിരുന്നു. വിദേശ പിച്ചുകളില്‍ മികച്ച പ്രകടനം ധവാന്‍ ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇംഗ്ലണ്ടില്‍ തിളങ്ങാന്‍ പോകുന്ന മറ്റൊരു താരം ജസ്പ്രീത് ബുംമ്രയാണ്. വിദേശ പിച്ചുകളില്‍ പേസ് ബൗളിംഗിന് അനുകൂലമായ സാഹചര്യങ്ങളെ പ്രയോജനപ്പെടുത്താന്‍ ബുംറയെക്കാള്‍ മികച്ച മറ്റൊരു താരമില്ല. സന്നാഹ മത്സരത്തില്‍ നാല് ഓവറുകളില്‍ നിന്ന് രണ്ട് റണ്‍സാണ് താരം വിട്ടുകൊടുത്തത്. എറിഞ്ഞ 24 പന്തുകളില്‍ 22 എണ്ണവും ബാറ്റ്സ്മാനെ ബീറ്റ് ചെയ്തു. കൂടാതെ ഒരു വിക്കറ്റും. ബുംറയുടെ മരണയോര്‍ക്കറുകള്‍ എതിരാളുടെ പേടിസ്വപ്നമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു മത്സരം.

സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ‘ഡെത്ത് ഓവര്‍’ ബോളര്‍മാര്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറുമാണെന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഡെത്ത് ഓവറില്‍ ഏറ്റവും അപകാരിയായ ബൗളറാണ് ബുംറ. ഐപിഎല്‍ ഫൈനലില്‍ ചെന്നൈയുടെ നടുവൊടിച്ചതും ബുംറയുടെ പ്രകടനമാണ്. നാലോവറില്‍ വെറും 14 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ താരം ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്.

 

അതേസമയം നിലവില്‍ കളിച്ച രണ്ട് മത്സരത്തിലും പരാജയം ഏറ്റുവാങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യക്കെതിരായ മത്സരം വലിയ വെല്ലുവിളിയാണ്. പരിക്കാണ് ദക്ഷിണാഫ്രിക്കയെ പിന്നോട്ടു വലിക്കുന്ന മറ്റൊരു കാരണം. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ലുങ്കി എന്‍ഗിഡി പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യക്കെതിരെ സൂപ്പര്‍ സ്റ്റാറുകളില്ലാതെയാവും ദക്ഷിണാഫ്രിക്ക ഇറങ്ങുക.

ലോകകപ്പിന് മുന്‍പ് വിദഗ്ദ്ധര്‍ നടത്തിയ പ്രവചനങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേസ് ബൗളര്‍മാരിലൊരാളാണ് ലുങ്കി എന്‍ഗിഡി. ശരാശരിയിലും ഉയര്‍ന്ന വേഗതയും കൃത്യതയുമാണ് ലുങ്കി എന്‍ഗിഡിയുടെ മികവ്. ഇംഗ്ലണ്ടിലെ സ്വിംഗ് ചെയ്യുന്ന പിച്ചുകളില്‍ ലുങ്കി എന്‍ഗിഡി അപകടകാരിയാവുമെന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍ പരിക്ക് സാഹചര്യങ്ങള്‍ മാറ്റിമറിച്ചു. ലുങ്കി എന്‍ഗിഡിയെ കൂടാതെ ഹാഷിം അംലയും പരിക്കിന്റെ പിടിയിലാണ്.

DONT MISS