നാലാം നമ്പറില്‍ വീണ്ടും പരാജയപ്പെട്ട് വിജയ് ശങ്കര്‍; ഇന്ത്യയുടെ നാലാം വിക്കറ്റും വീണു

അര്ധ സെഞ്ച്വറിയുമായി കരുതലോടെ ബാറ്റ് വീശുന്ന വിരാട് കോലിക്ക് പിന്തുണ നല്കാന് ഒരിക്കല് കൂടി മധ്യനിര പരാജയപ്പെടുന്നതായി വ്യക്തമാക്കുന്നതാണ് മത്സരത്തിന്റെ ഗതി.
 | 
നാലാം നമ്പറില്‍ വീണ്ടും പരാജയപ്പെട്ട് വിജയ് ശങ്കര്‍; ഇന്ത്യയുടെ നാലാം വിക്കറ്റും വീണു

ലണ്ടന്‍: ലോകകപ്പിലെ ആറാം മത്സരത്തില്‍ ഇന്ത്യക്ക് മങ്ങിയ തുടക്കം. തുടക്കത്തില്‍ തന്നെ ഹിറ്റ്മാനെ നഷ്ടമായെങ്കിലും കരുതലോടെയാണ് ഇന്ത്യ നീങ്ങിയത്. എന്നാല്‍ കെ.എല്‍ രാഹുലിന്റെ അപ്രതീക്ഷിത വിക്കറ്റ് ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. അര്‍ധ സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ ജെയ്‌സണ്‍ ഹോള്‍ഡര്‍ രാഹുലിന്റെ കുറ്റി പിഴുതു. പിന്നാലെ എത്തിയ വിജയ് ശങ്കറിന് വെറും പതിനേഴ് റണ്‍സ് മാത്രമെ കൂട്ടിച്ചേര്‍ക്കാനായുള്ളു.

അര്‍ധ സെഞ്ച്വറിയുമായി കരുതലോടെ ബാറ്റ് വീശുന്ന വിരാട് കോലിക്ക് പിന്തുണ നല്‍കാന്‍ ഒരിക്കല്‍ കൂടി മധ്യനിര പരാജയപ്പെടുന്നതായി വ്യക്തമാക്കുന്നതാണ് മത്സരത്തിന്റെ ഗതി. വിജയ്ക്ക് പിന്നാലെയെത്തിയ കേദാര്‍ ജാദവ് നിലയുറപ്പിക്കും മുന്‍പ് വിക്കറ്റ് കളഞ്ഞു കുളിച്ചു. അവസാനം വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 30 ഓവറുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

മഹേന്ദ്ര സിംഗ് ധോനിയും നായകന്‍ കോലിയുമാണ് ക്രീസില്‍. നാലാം നമ്പറില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന വിജയ് ശങ്കറിനെ മാറ്റി ഋഷഭ് പന്തിനെയോ ദിനേശ് കാര്‍ത്തിക്കിനെയോ പരീക്ഷിക്കണമെന്ന് നേരത്തെ ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരായ ടീമിനെ തന്നെ നിലനിര്‍ത്താന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. ഇലവനില്‍ മാറ്റം വരുത്താതത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.