ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ ചരിത്ര വിജയം നേടി ഇന്ത്യ; ബംഗ്ലാദേശിനെ തകര്‍ത്തത് മൂന്നാം ദിവസം

ആദ്യത്തെ പിങ്ക് ബോള് ടെസ്റ്റില് ഇന്ത്യക്ക് ചരിത്ര വിജയം.
 | 
ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ ചരിത്ര വിജയം നേടി ഇന്ത്യ; ബംഗ്ലാദേശിനെ തകര്‍ത്തത് മൂന്നാം ദിവസം

കൊല്‍ക്കത്ത: ആദ്യത്തെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം. മൂന്നാം ദിവസം ഇന്നിംഗ്‌സ് വിജയം നേടിയ ഇന്ത്യ ബംഗ്ലാദേശിനെ രണ്ടാം ഇന്നിംഗ്‌സില്‍ 195 റണ്‍സിന് പുറത്താക്കി. 241 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 41.1 ഓവറില്‍ 195 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ട് മത്സരങ്ങള്‍ അടങ്ങിയ പരമ്പര ഇതോടെ ഇന്ത്യ കരസ്ഥമാക്കി.

രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് പിഴുത ഉമേഷ് യാദവാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്. ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവരാണ് ബംഗ്ലാദേശിന്റെ 19 വിക്കറ്റുകളും നേടിയത്. സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് ലഭിച്ചില്ല എന്ന പ്രത്യേകതയും ഈ ടെസ്റ്റിനുണ്ട്. ഇന്ത്യന്‍ മണ്ണില്‍ സ്പിന്നര്‍ക്ക് വിക്കറ്റ് ലഭിക്കാത്ത രണ്ടാം ടെസ്റ്റാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്നത്.

തുടര്‍ച്ചയായി നാല് ഇന്നിങ്സ് വിജയങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും കോഹ്ലിയും സംഘവും കരസ്ഥമാക്കി. തുടര്‍ച്ചയായ ഏഴാം വിജയമാണ് ഇതോടെ ടീം കരസ്ഥമാക്കിയത്. ആകെ ഒന്‍പത് വിക്കറ്റ് നേടിയ ഇഷാന്ത് ശര്‍മയാണ് മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരീസും. 74 റണ്‍സ് അടിച്ച മുഷ്ഫിഖര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 106 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയുമായിരുന്നു. ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 360 പോയിന്റുമായി ഇന്ത്യ ഇപ്പോള്‍ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് 116 പോയിന്റുകള്‍ മാത്രമാണ് ഉള്ളത്.